മലയാളി മനസ്സിന്റെ അടിത്തട്ടില്‍ പതിഞ്ഞുകിടക്കുന്ന രാഗമാണ് മോഹനം. നാടോടി ശീലുകളിലും താരാട്ടു പാട്ടുകളിലും തിരുവാതിരപ്പാട്ടുകളിലും മുത്തശ്ശിമാരുടെ നാമജപങ്ങളിലുമൊക്കെ ഈ രാഗത്തിന്റെ ശക്തമായ വേരോട്ടം കാണാം. മോഹനരാഗം വളരെ ഹൃദ്യവും പേരുപോലെ മോഹിപ്പിക്കുന്നതും ആനന്ദപ്രദവുമാണ്. ആരുടെ മനസ്സിലും ഈ ഈണം പെട്ടെന്ന് സ്ഥാനം പിടിക്കും. എല്ലാ സമയങ്ങളിലും ആലപിക്കാന്‍ കഴിയുന്ന ഒരു രാഗമാണിതെങ്കിലും രാത്രിയിലാണ് കൂടുതല്‍ ശോഭിക്കുന്നത്. ഈ രാഗഭാവം ഒരാളുടെ മനോനില പെട്ടെന്ന് മാറ്റിയെടുക്കുന്നു.
മോഹന രാഗത്തില്‍ മധ്യമം, നിഷാദം എന്നീ സ്വരങ്ങള്‍ ഒഴിവാക്കി ആരോഹണത്തിലും അവരോഹണത്തിലും അഞ്ചു സ്വരങ്ങള്‍ വീതം വരുന്നതുകൊണ്ട് ഈ രാഗം ഒരു ഔഡവ രാഗം ആണ്. ഇരുപത്തെട്ടാമത് മേളകര്‍ത്താ രാഗമായ ഹരികാംബോജിയില്‍ ജനിച്ചതാണ്. ആരോഹണത്തില്‍ സ രി2 ഗ3 പ ധ2 സ, അവരോഹണത്തില്‍ സ ധ2 പ ഗ3 രി2 സ (ഷഡ്ജം, ചതുര്‍ശ്രുതി ഋഷഭം, അന്തര ഗാന്ധാരം, പഞ്ചമം, ചതുര്‍ശ്രുതി ധൈവതം) എന്നിങ്ങനെയമാണ് സ്വരഘടന.
പല രാഗങ്ങളും കൂടുതല്‍ വിശദീകരിക്കുമ്പോഴാണ് രാഗഭാവം മനസ്സിലാകുന്നത്. മോഹനത്തില്‍ കുറഞ്ഞ ആലാപനത്തിലൂടെതന്നെ സംവേദനം നടക്കുന്നു. ഏതു സമയത്തും ഏതുവികാരവും ആവിഷ്‌കരിക്കാന്‍ മോഹനരാഗത്തിനു കഴിയും. ഹിന്ദുസ്ഥാനിയില്‍ ഭൂപാലി എന്നാണു മോഹന രാഗത്തിന്റെ പേര്.
പാശ്ചാത്യസംഗീതത്തില്‍ ‘സി’ യുടെ പെന്റാടോണിക് (5 സ്വരങ്ങള്‍ ഉള്ളത്) ആണ് മോഹനം. സി-മേജര്‍, എ-മൈനര്‍, സി-സിക്‌സ്ത്ത് എന്നീ കോര്‍ഡുകള്‍ ലഭിക്കും. മറ്റു പെന്റാടോണിക്കുകള്‍ പൊതുസ്വഭാവം കൂടുതലായതുകൊണ്ട് ഇത്രയും വിപുലീകരണം സാധ്യമല്ല. അനന്തമായ വൈവിധ്യ സാധ്യതയാണ് മോഹനത്തിന്.
മോഹന രാഗത്തിന്റെ ജണ്ട പ്രയോഗവും (ഗഗ പപ ധധ…) ദാട്ടു പ്രയോഗവും ആരുടേയും മനസ്സിനെ വശീകരിക്കുന്നതാണ്. ധഗ രിഗ സരി ധസ പധ ഗപ രിഗ… എന്നീ നോട്ടുകളിലെ ഗമഗ പ്രയോഗങ്ങള്‍ വളരെ രസകരമാണ്. ഒരു കച്ചേരിയെ ഉയര്‍ന്ന ബോധതലത്തിലേക്ക് ഉയര്‍ത്താന്‍ മോഹനരാഗത്തിനു കഴിയും. ഇത് ഒരു സര്‍വ്വ സ്വരമൂര്‍ച്ചന രാഗമാണ്. മോഹനം ശ്രുതിഭേദം ചെയ്താല്‍ മധ്യമാവതി, ഹിന്ദോളം, ശുദ്ധസാവേരി, ശുദ്ധധന്യാസി എന്നീ രാഗങ്ങള്‍ ലഭിക്കും.
അടിസ്ഥാനപരമായി മോഹനം വീരരസ പ്രധാനമാണെങ്കിലും വിപുലീകരിക്കുമ്പോള്‍ ശൃംഗാരം, കരുണം എന്നീ രസങ്ങളെ വര്‍ണ്ണിക്കുന്നു. ശാസ്ത്രീയ സംഗീതത്തിലും ലളിതസംഗീതത്തിലും ഈ രാഗം വളരെ മനോഹരമായി അവതരിപ്പിക്കാനാവും.
പല രാജ്യങ്ങളിലേയും ആദിവാസി വിഭാഗങ്ങളിലും, പുരാതന ചൈന, ജപ്പാന്‍, ഹങ്ഗ്രി, സ്വീഡിഷ് എന്നിവിടങ്ങളിലും ജിപ്‌സികളിലും മോഹനത്തിന്റെ ഛായ കാണാം. തായ്‌ലാന്റിലെ ദേശീയഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നതുതന്നെ മോഹനരാഗത്തിലാണ്. മോഹനം ഒരു ഇന്റര്‍ നാഷണല്‍ മെലഡിയാണെന്നും, മാനവികതയുടെ സംഗീതമാണെന്നും ഇത് സാക്ഷ്യപ്പെടുത്തുന്നു.
എല്ലാ വാഗ്ഗേയകാരന്മാരേയും മോഹനരാഗം സ്വാധീനിച്ചിട്ടുണ്ട്. മുത്തുസ്വാമി ദീക്ഷിതര്‍ ആറ് കൃതികളും, ത്യാഗരാജസ്വാമി 11 കൃതികളും സൃഷ്ടിച്ച് ഈ രാഗത്തെ അനശ്വരമാക്കിയിട്ടുണ്ട്. നന്നുപാലിംബ നടശിവാ…എന്ന കൃതി അപൂര്‍വ്വമായ ത്യാഗരാജ സൃഷ്ടിയാണ്.
ശുഭകരമായ ഈ രാഗം സ്ഥിരമായി പ്രധാന കച്ചേരികളില്‍ മുഖ്യമായി പാടാനാവും. കച്ചേരികളിലെ മറ്റു വിഭാഗങ്ങളായ വര്‍ണ്ണം, രാഗമാലിക, വിരുത്തം, ശ്ലോകം, ജാവലി, തില്ലാന എന്നീ വിഭാഗങ്ങളിലും ഈ രാഗം യോജിക്കും. ത്യാഗരാജസ്വാമികളുടെ പ്രഹ്‌ളാദ വിജയം ഓപ്പറയിലെ മംഗളം മോഹനരാഗത്തിലാണ് കംപോസ് ചെയ്തിരിക്കുന്നത്. തുഞ്ചന്‍ പറമ്പിലെ തത്തേ…. എന്ന ദേവരാജന്‍മാസ്റ്ററുടെ വിരുത്തം ഏറെ പ്രശസ്തമാണല്ലോ.
സിനിമാ സംഗീതത്തില്‍ രാഗത്തിന്റെ ശാസ്ത്രീയമായ പ്രയോഗങ്ങള്‍ കൃത്യമായി ഉപയോഗിക്കാന്‍ പലപ്പോഴും സാധിക്കാറില്ല. ചിത്രത്തിലെ മുഹൂര്‍ത്തങ്ങളനുസരിച്ച് അന്യസ്വരങ്ങളും കടന്നുവരാറുണ്ട്. എങ്കിലും മോഹനരാഗം ആധാരമായി സ്വീകരിച്ച വൈവിധ്യ സഞ്ചാരങ്ങള്‍ ഗാനങ്ങള്‍ക്ക് നിറം കൂട്ടുന്നു.
മലയാളത്തിന്റെ സംഗീതാചാര്യനായ ദേവരാജന്‍മാസ്റ്ററടക്കം മുന്‍ തലമുറയില്‍പ്പെട്ടവര്‍ മോഹനത്തിന്റെ എല്ലാ തലങ്ങളും പരമാവധി ആഘോഷിച്ചിട്ടുണ്ട്. ജനകീയ സംഗീതത്തിന്റെ ശില്‍പ്പികളായ വയലാര്‍ – ദേവരാജന്‍ കൂട്ടകെട്ടില്‍ പിറന്ന ഭൂരിഭാഗം പാട്ടുകളും മോഹനരാഗം ആധാരമായിട്ടുള്ളവയാണ്. ശര്‍ക്കര പന്തലില്‍ തേന്മഴ… മാലിനി നദിയില്‍ കണ്ണാടി നോക്കും…, മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്നിങ്ങനെ മുന്നൂറോളം ഗാനങ്ങളുണ്ട്. ദക്ഷിണാമൂര്‍ത്തി, കെ രാഘവന്‍ എന്നിവരും മോഹനരാഗത്തില്‍ നല്ല പരീക്ഷണങ്ങള്‍ നടത്തിയവരാണ്.
ഏതു സംഗീത സംവിധായകര്‍ക്കും മലയാളികളുടെ മനസ്സില്‍ ഇടം കിട്ടണമെങ്കില്‍ മോഹനത്തില്‍ തുടങ്ങിയേ തീരൂ എന്നാണ് അനുഭവങ്ങള്‍. മലയാളിപ്പെണ്ണേ നിന്റെ മനസ്സ്… എന്ന ഗാനത്തില്‍ മലയാളിത്തം അനുഭവിപ്പിക്കാന്‍ ശ്രീകുമാരന്‍ തമ്പി തെരഞ്ഞെടുത്തതും മോഹനരാഗമാണ്.
രവീന്ദ്രന്‍ മാസ്റ്റര്‍ മോഹനത്തിന്റെ മന്ദ്രസ്ഥായിയിലെ സുഖമാണ് പരീക്ഷിച്ചത്. ചൂള എന്ന സിനിമയിലെ സിന്ദൂര സന്ധ്യക്കു മൗനം… എന്ന ഗാനം രവീന്ദ്ര സംഗീതത്തിന്റെ സിനിമയിലെ തുടക്കമാണ്. എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍.., മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ…, മേടമാസപ്പുലരി കായലില്‍…, ആകാശ നീലിമ മിഴികളിലെഴുതിയ…, അറിവിന്‍ നിലാവേ…, ഇത്രമേല്‍ മണമുള്ള കുടമുല്ലപ്പൂവുകള്‍… എന്നിങ്ങനെ വലിയൊരു മോഹനനിര തന്നെ രവീന്ദ്രന്‍മാഷിന്റേതായുണ്ട്. എല്‍.പി.ആര്‍. വര്‍മ്മയുടെ ഉപാസന, ഉപാസന… ഇന്നും വേദികളില്‍ മുഴങ്ങുന്നു.
ബോംബെ രവിയെന്ന സംഗീതജ്ഞന്‍ മോഹനരാഗത്തെ വൈവിധ്യമാര്‍ന്ന രീതിയിലാണ് സമീപിച്ചത്. അദ്ദേഹം ചെയ്ത ചാന്ദ് വീന്‍ കാ ചാന്ദ് ഹോ… എന്ന മോഹനഗാനം ഇന്ത്യ മുഴുവന്‍ ഹിറ്റായിരുന്നു. ഭൂപ് രാഗത്തിന്റെ ലളിത ഭാവ – ലയമാണ് ബോംബെ രവിയുടെ പാട്ടുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. പരിണയത്തിലെ പാര്‍വണേന്ദുമുഖീ പാര്‍വ്വതി… എന്ന തിരുവാതിരകളിപ്പാട്ടും, മഞ്ഞള്‍ പ്രസാദവും…, ആരെയും ഭാവ ഗായകരാക്കും…, ചന്ദനലേപ സുഗന്ധം… എന്നിങ്ങനെ അദ്ദേഹം മോഹനത്തിന്റെ ഒരു വസന്തം തന്നെയാണ് തീര്‍ത്തത്.
ജീനിയസ്സായ സംഗീതസംവിധായകനായിരുന്ന കെ. രാഘവന്‍ മോഹനത്തിന്റെ ഭാവസാന്ദ്രമായ നാടോടി ഭാവങ്ങളാണ് പരീക്ഷിച്ചത്. ഏതു നാട്ടിലാണോ, കഥ എങ്ങുനടന്നതാണോ… എന്ന ഗാനം മോഹനത്തിന്റെ സത്താണ്. പി.ഭാസ്‌കരന്റെ രചനയിലുള്ള മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കരയില്‍… എന്ന ഗാനത്തില്‍ ഈ രാഗംകൊണ്ട് പ്രകൃതിയെ വരച്ചുകാണിക്കുകയാണ് രാഘവന്‍ മാസ്റ്റര്‍.
പാശ്ചാത്യ ശൈലിയിലുള്ള ഓര്‍ക്കസ്‌ട്രേഷന്‍ ഉപയോഗിച്ച് ഇളയരാജ മോഹനരാഗത്തില്‍ ഇമ്പമുള്ള ഗാനങ്ങള്‍ തീര്‍ത്തു. കാര്‍മേഘ വര്‍ണ്ണന്റെ മാറില്‍, കണ്ണന്‍ ഒരു കൈക്കുളന്തൈ…, വീണേ വീണേ…, വന്തതേ ഓ, കുങ്കുമം…(കിഴക്കു വാസല്‍) എന്നിവ ഇവയില്‍പ്പെടുന്നു. അടിപൊളി പാട്ടുകളും നല്ല മെലഡികളും ദുഃഖഗാനങ്ങളും മോഹനത്തില്‍ ഇളയരാജ ചെയ്തിട്ടുണ്ട്. 1988-ലെ വന്‍ ഹിറ്റായിരുന്ന അഗ്നിനക്ഷത്രത്തില്‍ നിന്നുകോരി വര്‍ണ്ണത്തിന്റെ ഈണത്തില്‍ തുടങ്ങി ജാസ് ഡ്രമ്മിന്റെ താളത്തില്‍ അദ്ദേഹം ഒരു അത്ഭുതമാണ് തീര്‍ത്തത്. കുങ്ഫു പാണ്ട എന്ന ഹോളിവുഡ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് ഉപയോഗിച്ചിരിക്കുന്നതും ഈ രാഗമാണ്.
ചലച്ചിത്ര സംഗീതത്തില്‍ ആധുനികത കൊണ്ടുവന്ന എ.ആര്‍. റഹ്മാന്‍ മോഹനരാഗത്തെ ആധാരമാക്കി വിവിധങ്ങളായ കോംപോസിഷനുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ജന്റില്‍മാനിലെ ‘പാക്കാതെ’, ബോയ്‌സിലെ ‘ബൂം ബൂം..’ എന്നീ പെപ്പി ഐറ്റംസും, കറുത്തമ്മയിലെ പോരാളി പൊന്നുതായെ… എന്ന പാത്തോസും ഇവയില്‍ പ്രധാനപ്പെട്ടതാണ്.
1997-ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറങ്ങിയ വന്ദേമാതരം ആല്‍ബത്തിലെ നസ്‌റത്ത് ഫത്തേ അലിഖാന്‍ പാടുന്ന ഗുരൂസ് ഓഫ് പീസ് എന്ന ഗാനത്തില്‍ ‘വാട്ട്‌സ് ആര്‍ യു വെയ്റ്റിങ് ഫോര്‍ അനദര്‍ ഡെ’ എന്ന ഗാനത്തിലും മോഹനത്തിന്റെ നല്ല ബ്ലെന്റിങ് കാണാം. കൊളമ്പിയന്‍ ഗായിക ഷകീറ പാടിയ 2010 ഫിഫ വേള്‍ഡ് കപ്പ് സോംഗ് വക്കാവക്കാ… എന്നതും മോഹനച്ഛായയിലുള്ളതാണ്.
കുയിലിനെത്തേടി എന്ന ചിത്രത്തിലെ കൃഷ്ണാ നീ വരുമോ… എന്നതും, കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ… എന്നതും ഹാസ്യരസം മോഹനത്തിന് നന്നായി ചേരുമെന്ന് കാണിച്ചുതരുന്നു. കൃഷ്ണഭക്തിഗാനങ്ങള്‍ മോഹനത്തില്‍ ചിട്ടപ്പെടുത്തുമ്പോള്‍ ഒരു പ്രത്യേക വശ്യതയുണ്ട്. സ്വാഗതം കൃഷ്ണാ…, കേശാദിപാദം…, കണികാണുംനേരം…, ഗുരുവായൂരമ്പല നടയില്‍ ഒരുദിവസം…, അഷ്ടമംഗല്യ സുപ്രഭാതത്തില്‍…, മൗലിയില്‍ മയില്‍ പീലി ചാര്‍ത്തി…എന്നിവ ഉദാഹരണങ്ങള്‍.
ഏഴരക്കൂട്ടം എന്ന ചിത്രത്തില്‍ ഇല്ലിക്കാടും മാലേയമണിയും… എന്ന ഗാനത്തില്‍ ജോണ്‍സണ്‍മാസ്റ്ററും, തക്ഷശില എന്ന ചിത്രത്തില്‍ തൂമഞ്ഞും… എന്നഗാനത്തില്‍ എം.ജി രാധാകൃഷ്ണനും മോഹനത്തിന്റെ ചൈനീസ് ശൈലി കൊണ്ടുവന്നിരിക്കുന്നു. മല്ലിക പ്പൂവിന്‍ മധുരഗന്ധം…, നിന്‍മണിയറയിലെ നിര്‍മല ശയ്യയില്‍… എന്നിങ്ങനെ കാല്‍പനിക ഭാവം ചാലിച്ചു ചേര്‍ത്ത് ഒട്ടേറെ പ്രേമഗാനങ്ങള്‍ എം.കെ. അര്‍ജുനന്‍ മോഹനത്തില്‍ സൃഷ്ടിച്ചിട്ടുണ്ട്.
വര്‍ഗീസ് ചേകവരിലെ മാലേയം മാറോടണഞ്ഞു… എന്ന ഗാനത്തില്‍ വളരെ ഇറോട്ടിക് ആയാണ് ശരത്ത് മോഹനത്തെ സമീപിച്ചിരിക്കുന്നത്. ഈ തലമുറയുടെ സംഗീതസംവിധായകനായ ഷാന്‍ റഹ്മാന്റെ അനുരാഗത്തിന്‍ വേളയില്‍… എന്ന ഗാനത്തിലും തിളങ്ങിയത് മോഹനമാണ്. സാധാരണ ചെറിയ സ്വരങ്ങള്‍കൊണ്ടാണ് ദുഃഖഭാവങ്ങള്‍ ആവിഷ്‌കരിക്കുന്നത്. വലിയ സ്വരങ്ങളാല്‍ ദുഃഖഭാവം കൊണ്ടുവരുന്നത് മോഹനത്തിന്റെ സവിശേഷതയാണ്. കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തില്‍ കരിമുകില്‍ക്കാട്ടിലെ രജനിതന്‍ വീട്ടിലെ … എന്ന ഗാനം മലയാളത്തിലെ ഏറ്റവും പ്രസിദ്ധമായ ദുഃഖഗാനങ്ങളിലൊന്നാണ്. പേരറിയാത്തൊരു നൊമ്പരത്തെ… എന്നഗാനത്തില്‍ പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥും, കളിവീട് ഉറങ്ങിയല്ലോ…(ദേശാടനം) ഇനിയെന്ന് കാണും മകളെ… (താലോലം) എന്നിവയില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും, ദില് ഹൂം ഹൂം… (രുദാലി) ഭൂപന്‍ ഹസാരികയും മോഹനത്തിന്റെ ദുഃഖഭാവങ്ങളെ വരച്ചിടുന്നു. ശ്രീകുമാരന്‍ തമ്പി എഴുതിയതുപോലെ ”നീയെന്ന മോഹന രാഗമില്ലെങ്കില്‍ ഞാന്‍ നിശ്ശബ്ദ വീണയായേനേ..”
പ്രതികരിക്കാൻ ഇവിടെ എഴുതുക: