ബെംഗളൂരു: കര്‍ണാടകത്തിലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താന്‍ മാരത്തണ്‍ ചര്‍ച്ചകളുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. രണ്ടുദിവസമായി ബെംഗളൂരുവില്‍ ക്യാമ്പ് ചെയ്താണ് വേണുഗോപാല്‍ ചര്‍ച്ചകള്‍ നടത്തുന്നത്.
സഖ്യസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തരായ എംഎല്‍എമാരെ അനുനയിപ്പിച്ചു മാത്രമെ മുന്നോട്ടുപോകാന്‍ സാധിക്കൂയെന്നാണ് നേതാക്കള്‍ വേണുഗോപാലിനെ അറിയിച്ചത്. മന്ത്രിസഭാ പുനഃസംഘടിപ്പിച്ച് അതൃപ്തരില്‍ ചിലരെ മന്ത്രിമാരാക്കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി. പരമേശ്വര അടക്കമുള്ള നേതാക്കള്‍.
എന്നാല്‍, മുന്‍ മുഖ്യമന്ത്രിയും ഏകോപന സമിതി അധ്യക്ഷനുമായ സിദ്ധരാമയ്യ ഇതിനെതിര്. ഇപ്പോള്‍ മന്ത്രിസഭ പുനഃസംഘടന ആവശ്യമില്ലെന്നും നിലവിലുള്ള ഒഴിവ് നികത്തിയാല്‍ മതിയെന്നുമാണ് സിദ്ധരാമയ്യയുടെ നിലപാട്.
കഴിഞ്ഞ ദിവസം രാവിലെ വേണുഗോപാല്‍, കുമാരസ്വാമി, ജി. പരമേശ്വര, സിദ്ധരാമയ്യ, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു എന്നിവരുമായി ചര്‍ച്ച നടത്തി. സിദ്ധരാമയ്യ ഒഴിച്ചുള്ള നേതാക്കള്‍ മന്ത്രിസഭ പുനഃസംഘടന ആവശ്യപ്പെട്ടു. എന്നാല്‍, വൈകിട്ടത്തെ നിയമസഭ കക്ഷി യോഗത്തിനു ശേഷം മന്ത്രിസഭ പുനഃസംഘടന ഉടനില്ലെന്നാണ് സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞത്. നേതാക്കള്‍ തമ്മില്‍ അഭിപ്രായ ഐക്യത്തില്‍ എത്താന്‍ സാധിക്കാതായതോടെ വിഷയം ഹൈക്കമാന്‍ഡിന്റെ പരിഗണനയ്ക്കു വിട്ടു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന രാഹുലിന്റെ നിലപാടിനെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് നിര്‍ജീവമാണ്. അതിനാല്‍ തീരുമാനം വൈകുമെന്നാണ് സൂചന. എത്രയും വേഗം തീരുമാനമെടുത്തില്ലെങ്കില്‍ സര്‍ക്കാരിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലാകുമെന്ന് കുമാരസ്വാമി വേണുഗോപാലിനെ അറിയിച്ചു.
നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കെ.സി. വേണുഗോപാല്‍ അതൃപ്തരായ ചില എംഎല്‍എമാരുമായും ചര്‍ച്ച നടത്തി. മന്ത്രിസ്ഥാനമെന്ന ആവശ്യത്തില്‍ പന്ത്രണ്ടോളം എംഎല്‍എമാര്‍ ഉറച്ചുനില്‍ക്കുന്നു. ചിലര്‍ക്ക് ബോര്‍ഡ് ചെയര്മാന് സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും ഇവര്‍ അംഗീകരിച്ചിട്ടില്ല.
വിമത എംഎല്‍എമാരില്‍ ചിലര്‍ കഴിഞ്ഞ ദിവസത്തെ സിഎല്‍പി മീറ്റിങ്ങില്‍ പങ്കെടുത്തെങ്കിലും ഇവര്‍ പാര്‍ട്ടിയുടെ നിരീക്ഷണത്തിലാണ്. വിമത നീക്കത്തിന് ചുക്കാന്‍ പിടിക്കുന്ന രമേശ് ജാര്‍ക്കിഹോളിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വടക്കന്‍ കര്‍ണാടകത്തില്‍ നിന്നുള്ള ബി. നാഗേന്ദ്ര, ജെ.എന്‍. ഗണേശ്, ബി.എസ്. ആനന്ദസിങ്, ഭിമനായ്ക് എന്നിവരുടെ നീക്കങ്ങള്‍ പാര്‍ട്ടി സംശയത്തോടെയാണ് കാണുന്നത്.
പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമത സ്വരമുയര്‍ത്തിയ ശിവാജിനഗര്‍ എംഎല്‍എ റോഷന്ബെയ്ഗിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചെങ്കിലും അദ്ദേഹം തയാറായില്ല. കഴിഞ്ഞ ദിവസം നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ രമേശ് ജാര്‍ക്കിഹോളി, റോഷന്‍ബെയ്ഗ് ഉള്‍പ്പെടെ ഏഴ് എംഎല്‍എമാര്‍ പങ്കെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: