കോട്ടയം: വാക്പയറ്റുകള് നിയന്ത്രിക്കാനാളില്ല. ഒന്നിനും ഒരു വ്യക്തതയുമില്ല. കേരളാ കോണ്‍ഗ്രസി(എം)ലെ പ്രതിസന്ധി തുടരുന്നു.
പാര്‍ട്ടി ഭരണഘടനപോലും തങ്ങളുടെ ഭാഗം ജയിക്കത്തക്ക നിലയില്‍ വ്യാഖ്യാനിക്കപ്പെടുമ്പോള്‍ മാണിയെ വിശ്വസിച്ച് പാര്‍ട്ടിയിലെത്തിയ അണികള്‍ പരസ്പരം മുഖത്തോടുമുഖം നോക്കുന്നു. ഇതോടെ പാര്‍ട്ടി പ്രതിസന്ധിയുടെ ആഴങ്ങളിലെത്തി.
കേരളാ കോണ്‍ഗ്രസിലെ പ്രശ്നപരിഹാരത്തിനുള്ള ‘ഒറ്റമൂലി’ സമവായം മാത്രമാണെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ആക്ടിങ് ചെയര്മാന് പി.ജെ. ജോസഫ്. പാര്‍ട്ടി ഭരണഘടനയാണ് ഇതിനായി ജോസഫ് ഉയര്‍ത്തിക്കാട്ടുന്നത്. ഇതിനെ പാര്‍ട്ടി വൈസ്ചെയര്‍മാന്‍ ജോസ് കെ. മാണി നേരിടുന്നത്, ഭരണഘടന ആയുധമാക്കി ചിലര്‍ കേരളാ കോണ്‍ഗ്രസിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നെന്നു പറഞ്ഞാണ്.
സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്ത് ഭൂരിപക്ഷം നോക്കി ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്ന ആവശ്യമാണ് ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ളവര്‍ ഉന്നയിക്കുന്നത്. എന്നാല്‍, കമ്മിറ്റിയില്‍ വോട്ടെടുപ്പ് നടത്തിയല്ല ചെയര്‍മാനെ തെരഞ്ഞെടുക്കേണ്ടതെന്നാണ് ജോസഫ് വിഭാഗം ആവര്‍ത്തിക്കുന്നത്.
പാര്‍ട്ടി ചെയര്‍മാനായി ജോസഫിനെ തെരഞ്ഞെടുത്തതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയതായുള്ള ജോസ് കെ. മാണി വിഭാഗത്തിന്റെ ആരോപണത്തിന് വ്യക്തമായ മറുപടി നല്‍കാനും ജോസഫ് തയാറായില്ല. മാണിപക്ഷത്ത് നിന്ന ജോയി എബ്രഹാമിനെ അടര്‍ത്തി മാറ്റാനായതോടെ വര്‍ദ്ധിതവീര്യത്തോടെയാണ് ജോസഫ് പക്ഷം കരുക്കള്‍ നീക്കുന്നത്.
പാര്‍ട്ടിയിലെ മേല്‍ക്കൈ ജോസഫിലോ, ജോസിലോ എന്ന് നോക്കിയാണ് രണ്ടാംനിര നേതാക്കള്‍ തുടങ്ങി താഴേതട്ടുവരെയുള്ള അണികള്‍ കാത്തിരിക്കുന്നത്. നേതാക്കള്‍ തമ്മിലുള്ള അധികാരവടംവലി കോലം കത്തിക്കല്‍ വരെ എത്തിയിട്ടും കേരളാ കോണ്‍ഗ്രസില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനാകാതെയാണ് അണികള്‍. ഇരുപക്ഷവും തുറന്ന പോര് തുടരുന്നതിനിടെ പാര്‍ട്ടി നാഥനില്ലാ കളരി പോലെയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: