കൊച്ചി: പ്രമുഖ മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാം ആപ് കമ്പനിയുടെ നിസ്സഹകരണം ഐഎസ് കേസ് അന്വേഷണത്തെയടക്കം ബാധിക്കുന്നതായി എന്‍ഐഎ പ്രത്യേക കോടതിയെ ബോധിപ്പിച്ചു. കണ്ണൂര്‍ കനകമല ഐഎസ് രഹസ്യയോഗക്കേസിന്റെ വിചാരണാവേളയിലാണ് എന്‍ഐഎയുടെ പരാതി.
കേരളത്തില്‍ നിന്ന് ഐഎസ് കേന്ദ്രത്തിലെത്തിയവര്‍ ഇവിടത്തെ ഭീകരപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും, ശബ്ദ സന്ദേശങ്ങള്‍ അയയ്ക്കുന്നതും ടെലഗ്രാം വഴിയാണ്. ഇത്തരം സന്ദേശങ്ങള്‍ കൃത്യമായി കണ്ടെത്താനും അത് പരിശോധിക്കാനും എന്‍ഐഎയ്ക്ക് പലപ്പോഴും സാധിക്കാറില്ല.
കാസര്‍കോട്ടുനിന്ന് ഐഎസ് കേന്ദ്രത്തിലെത്തിയ അബ്ദുള്ള റാഷിദ് കേരളത്തിലേക്ക് നിരന്തരം ടെലഗ്രാം സന്ദേശങ്ങള്‍ അയയ്ക്കാറുണ്ട്. ഇതില്‍ എന്‍ഐഎയ്ക്ക് വായിക്കാന്‍ പറ്റിയത് 150 എണ്ണം മാത്രം.
എറണാകുളത്ത് നിന്ന് ഐഎസ് കേന്ദ്രത്തിലെത്തിയ രണ്ട് കുടുംബങ്ങളും നാട്ടിലുള്ള ബന്ധുക്കളുമായി സമ്പര്‍ക്കത്തിലുണ്ട്. കുട്ടികളുടെ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കാറുണ്ടെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. വാട്സ് ആപ്പില്‍ നിന്നടക്കം അന്വേഷണ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ ശേഖരിക്കാം. എന്നാല്‍, ഇത് എളുപ്പമല്ലാത്തതിനാലാണ് ഐഎസ് ഭീകരര്‍ ടെലിഗ്രാം ഉപയോഗിക്കുന്നതെന്ന് എന്‍ഐഎ പറയുന്നു. പ്രതികളുടെ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഐഎ അയച്ച ഔദ്യോഗിക കത്തുകള്‍ക്കൊന്നും ടെലഗ്രാം കമ്പനി മറുപടി നല്‍കിയിട്ടില്ല. ഇവര്‍ക്ക് ഇന്ത്യയില്‍ ഓഫീസ് ഇല്ലാത്തതും അന്വേഷണത്തെ ബാധിക്കുന്നു.
ദക്ഷിണേന്ത്യയില്‍ അക്രമങ്ങള്‍ ആസൂത്രണം ചെയ്ത അന്‍സാര്‍ ഉള് ഖിലാഫ കേരള ഘടകത്തിന്റെ ടെലഗ്രാം ഗ്രൂപ്പുകളില്‍ നുഴഞ്ഞ് കയറിയാണ് എന്‍ഐഎ വിവരങ്ങള്‍ ചോര്‍ത്തിയത്. 2016 മുതല്‍ ഇവര്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണെങ്കിലും ഇരട്ടപ്പേരുകളില്‍ അംഗത്വമെടുത്തവരുടെ വിശദവിവരങ്ങള്‍ കമ്പനിയുടെ സഹകരണത്തോടെ മാത്രമേ അന്വേഷണസംഘത്തിന് കണ്ടെത്താനാകൂ. എന്നാല്‍ ടെലഗ്രാം സഹകരിക്കുന്നില്ലെന്ന് കേന്ദ്ര വിവരസാങ്കേതികവിദ്യാ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. എന്‍ഐഎ അന്വേഷിക്കുന്ന കനകമല ഭീകരാക്രമണ രഹസ്യയോഗക്കേസിലും മറ്റ് കേസുകളിലും ഇവരുടെ പ്രതികൂല നിലപാട് പ്രോസിക്യുഷന് നടപടികളെ ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: