കാസര്‍കോട്: ഇടതുപക്ഷ പ്രസ്ഥാനത്തിനായി സര്‍വ്വവും ത്യജിച്ച് ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെച്ച ലക്ഷ്മിയുടെ കുടുംബത്തെ ഇന്ന് പാര്‍ട്ടിക്ക് വേണ്ടാതായി. മന്ത്രി ഇ.ചന്ദ്രശേഖരന്റെ നാട്ടിലാണ് ഒരു കുടുംബം തീരാദുരിതങ്ങളുമായി ജീവിതം തള്ളി നീക്കുന്നത്. പഞ്ചായത്ത് മെമ്പറാകാന്‍ പാര്‍ട്ടി നിര്‍ദ്ദേശമുണ്ടായതോടെയാണ് ബങ്കളം കക്കാട്ടെ ലക്ഷ്മി ഉപജീവനമാര്‍ഗമായ ദിനേശ് ബീഡി തൊഴില്‍ ഉപേക്ഷിച്ചത്. ഭര്‍ത്താവ് കുഞ്ഞിരാമന് ലോട്ടറി വില്‍പ്പന ആരംഭിച്ച് പിന്നീട് കുടുംബം പോറ്റി. ഒടുവില്‍ കടുത്ത പ്രമേഹം പിടിപെട്ടതോടെ ഒരു കാല് മുട്ടിന് താഴെ മുറിച്ച് മാറ്റി. ഇതിനിടയില്‍ ഇടിത്തീപോലെ ഇവരുടെ കഞ്ഞികുടിയും മുട്ടിച്ച് ബിപിഎല്‍ ആയിരുന്ന റേഷന്‍ കാര്‍ഡ് എപിഎല്‍ ആയി. മടിക്കൈ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ വി.ലക്ഷ്മിയുടെ കുടുംബത്തിനാണ് ഈയൊരു ദുര്യോഗം. ലക്ഷ്മി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആയതോടെയാണ് പാര്‍ട്ടി ഏല്പിച്ച ജോലിത്തിരക്ക് കാരണം ദിനേശ് ബീഡിയില്‍ ഉണ്ടായിരുന്ന പണി ഉപേക്ഷിച്ചത്. സിപിഎമ്മിന്റെ അടിയുറച്ച പ്രവര്‍ത്തകരാണ് കുഞ്ഞിരാമനും ലക്ഷ്മിയും.
മഹിളാ അസോസിയേഷന് മടിക്കൈ സൗത്ത് വില്ലേജ് പ്രസിഡന്റ് ആയിരുന്നു അടുത്തകാലം വരെ ലക്ഷ്മി. കുഞ്ഞിരാമന്റെ കാല് മുറിച്ച് മാറ്റിയതോടെ ജീവിതം വഴിമുട്ടിയപ്പോള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടിട്ടും രക്ഷയൊന്നുമുണ്ടാ യില്ല. ഒരു കാല് നഷ്ടപ്പെട്ട കുഞ്ഞിരാമന് എപി എല്‍ ആയി മാറ്റിയ റേഷന്‍ കാര്‍ഡ് ബിപി എല്‍ ആക്കി കിട്ടുന്നതിന് മുട്ടാത്ത വാതിലുകളില്ല. അധികാരികളുടെ മനസ് അലിയാത്തതിനെ തുടര്‍ന്ന് മരുന്നുവാങ്ങാന്‍ പോലും കാശില്ലാതെ കഷ്ടപ്പെടുകയാണ് ഈ നിര്‍ദ്ധന കുടുംബം.
ഇടത് കാല് മുറിക്കുന്നത് വരെ കുഞ്ഞിരാമന്റെ കുടുംബം ബിപിഎല്‍ ആയിരുന്നു. കാല് മുറിച്ചു മാറ്റിയതിന് ശേഷമാണ് ഈ പാവപ്പെട്ട കുടുംബത്തെ ദാരിദ്ര്യരേഖക്ക് മുകളിലാക്കി ബന്ധപ്പെട്ടവര്‍ നിഷ്ക്കരുണം മാറ്റിയത്. റേഷനരി കിട്ടുന്നതിന് മാത്രമല്ല മറ്റു പലവിധ ആനുകൂല്യങ്ങള്‍ക്കും ഉപകരിക്കുമായിരുന്ന ബിപിഎല്‍ കാര്‍ഡ് ഇല്ലാതായതോടെ അവയൊക്കെ തടസപ്പെടുകയും കുടുംബം പട്ടിണിയിലാവുകയും ചെയ്തു. ഇവര്‍ക്ക് രണ്ട് പെണ്മക്കളാണ്.
ജില്ലാ കളക്ടറേയും തഹസില്‍ദാരെയും സപ്ലൈ ഓഫീസറെയുമെല്ലാം കണ്ടു കാര്യങ്ങള്‍ പറഞ്ഞെങ്കിലും അധികാരികളാരും ഇതേവരെ കനിഞ്ഞിട്ടില്ല. മരുന്ന് വാങ്ങാനും ജീവിക്കാനും കാശില്ലാതെ നട്ടംതിരിയുകയാണ് ഇന്ന് ഈ കുടുംബം.
പാവങ്ങള്‍ക്കു വേണ്ടി പോരാടുന്ന ഭരണമാണ് തന്റേതെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ സിപിഎമ്മുകാരായ ഈ കുടുംബത്തിന് പാഴ്വാക്ക് മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: