ന്യൂദല്‍ഹി: കോണ്‍ഗ്രസിലെ രാഹുല്രാജി നാടകം തുടരുന്നു. തന്റെ രാജിയില്‍ രാഹുല്‍ ഉറച്ചുനില്‍ക്കുകയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നാടകമാണിതെന്നാണ് സൂചന.
പുതിയ ലോക്സഭാംഗങ്ങളെ കാണാന്‍ പോലും കൂട്ടാക്കാതെ രാഹുല്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം രാജിവെയ്ക്കാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ഇനി രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കേ സമ്പൂര്‍ണ്ണ അരാജകത്വമാണ് പ്രതിപക്ഷ ക്യാമ്പിലെന്നാണ് വാര്‍ത്തകള്‍.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടി കാരണം രാഹുല്‍ കോണ്‍ഗ്രസ് നേതാക്കളെ കാണാനോ യോഗങ്ങളില്‍ പങ്കെടുക്കാനോ തയ്യാറാവുന്നില്ല. അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ലെന്നും മറ്റാരെയെങ്കിലും കണ്ടെത്തിക്കോളൂ എന്നും അഹമ്മദ് പട്ടേലിനോടും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ കെ.സി വേണുഗോപാലിനോടും രാഹുല്‍ പറഞ്ഞുവെന്നും നേതാക്കള്‍ പറയുന്നു.
തല്‍ക്കാലത്തേക്കെങ്കിലും സോണിയാകുടുംബത്തിന് പുറത്തുള്ള മറ്റാര്‍ക്കെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ പദവി നല്കി മുഖം രക്ഷിക്കാനാണ് നീക്കമെന്നും സൂചനയുണ്ട്. നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ നിന്ന് രാഹുലിന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമായി സോണിയാ കുടുംബം ഈ നീക്കത്തെ കാണുന്നു. രാജി തീരുമാനത്തില്‍ രാഹുല്‍ ഉറച്ചുനില്‍ക്കുകയാണെന്ന മാധ്യമ വാര്‍ത്തകള്‍ എഐസിസി നിഷേധിച്ചു.
ലോക്സഭയിലെ പ്രതിപക്ഷ കക്ഷി നേതാവായി ആരെ നിയോഗിക്കണമെന്നതടക്കമുള്ള നിര്‍ണ്ണായക തീരുമാനങ്ങളെടുക്കാന്‍ രാഹുല്‍ഗാന്ധിയുടെ നിലവിലെ അവസ്ഥ മൂലം കോണ്‍ഗ്രസിന് സാധിക്കുന്നില്ല. ലോക്സഭയിലെ പ്രതിപക്ഷ കക്ഷി നേതാവാകാന്‍ ശശി തരൂരും കെ. മുരളീധരനുമാണ് കേരളത്തില്‍ നിന്ന് പ്രധാനമായും ശ്രമിക്കുന്നത്. എന്നാല്‍ ഹിന്ദി ഭാഷയില്‍ ഇരുവര്‍ക്കുമുള്ള പരിജ്ഞാനത്തിന്റെ കുറവ് വെല്ലുവിളിയാകും.
പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം വലിയ തോല്‍വി നേരിട്ട തെരഞ്ഞെടുപ്പില്‍ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുകയെന്ന പ്രക്രിയയും പാര്‍ട്ടിയില്‍ പ്രതിസന്ധി സൃഷ്ടിക്കും. പത്തുശതമാനം അംഗങ്ങളില്ലാത്തതിനാല്‍ ഔദ്യോഗിക പ്രതിപക്ഷ നേതൃപദവി ലഭിക്കില്ലെങ്കിലും ലോക്സഭയിലെ പ്രതിപക്ഷ കക്ഷി നേതൃസ്ഥാനത്തിനുള്ള തര്‍ക്കം കോണ്‍ഗ്രസ് എംപിമാര്‍ക്കിടയില്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: