അധികമാരുടെയും ശ്രദ്ധപതിഞ്ഞിട്ടില്ലാത്ത ഒന്നാണ് സംവിധായകന് കെ.പി.കുമാരന്റെ ചിത്രങ്ങളിലെ ഗാനങ്ങള്‍. അനുഗൃഹീതമായ വരികളും അസുലഭമായ സംഗീതവും ഈ ഗാനങ്ങളുടെ മുഖമുദ്രയാണ്. ‘അതിഥി’യില്‍ വയലാറിന്റെ വരികള്‍ക്ക് ജി. ദേവരാജന്‍ സംഗീതം പകര്‍ന്ന ”സീമന്തിനീ നിന്റെ ചൊടികളിലാരുടെ…” എന്നു തുടങ്ങുന്ന യേശുദാസ് ആലപിച്ച ഗാനം സിനിമയുടെ ഇതിവൃത്തവുമായി ഇണചേരുന്നു. പതിറ്റാണ്ടുകളിലൂടെ സഞ്ചരിച്ചിട്ടും ഈ ഗാനത്തിന്റെ പുതുമ നശിച്ചിട്ടില്ല.
‘ലക്ഷ്മി വിജയം’ എന്ന സിനിമയില്‍ കവി മുല്ലനേഴിയുടെ വരികള്‍ക്ക് ശ്യാം സംഗീതമൊരുക്കി ബ്രഹ്മാനന്ദന് പാടിയ ”മാനത്തു താരങ്ങള്‍ പുഞ്ചിരിച്ചു…” എന്നു തുടങ്ങുന്ന കോറസ് ഘനഗംഭീരം. ഈ ചിത്രത്തിലെ ”പകലിന്റെ വിരിമാറില്‍ നിഴലു നീ…” എന്ന യേശുദാസ് ആലപിക്കുന്ന ഗാനം ജീവിതഗന്ധിയാണ്. ”തേന്‍തുള്ളി’യിലെ ”ഓത്തുപള്ളിയില്‍ അന്നു നമ്മള് പോയിരുന്ന കാലം…” എന്ന കെ. രാഘവന് ഈണം പകര്‍ന്ന ഗാനം ആസ്വാദകര്‍ എന്നും ഓര്‍മയില്‍ സൂക്ഷിക്കുന്നു.
‘കാട്ടിലെ പാട്ട്’ എന്ന ചിത്രത്തില്‍ മുല്ലനേഴിയുടെ വരികള്‍ക്ക് കെ. രാഘവന് ഈണം പകര്‍ന്ന് ജാനകി പാടിയ ”അമ്പിളിക്കൊമ്പത്തെ പൊന്നൂഞ്ഞാലില്‍…” എന്ന ഗാനത്തിന്റെ മാധുര്യം അനിര്‍വചനീയമാണ്. ‘നേരം പുലരുമ്പോള്‍’ എന്ന ചിത്രത്തില്‍ ഒഎന്‍വിയുടെ വരികള്‍ക്ക് ജോണ്സണ് ഈണം നല്കിയ ”എന്റെ മണ്‍വീണയില്‍ കൂടണയാന്‍…” എന്നു തുടങ്ങുന്ന ദുഃഖസാന്ദ്രമായ ഗാനത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നില്ല. കെ.പി. കുമാരന്റെ ചിത്രങ്ങളിലൂടെയാണ് ഈ ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് ലഭിച്ചതെന്ന് എത്രപേര്‍ അറിയുന്നു?
പ്രതികരിക്കാൻ ഇവിടെ എഴുതുക: