ബെംഗളൂരു: മണ്ഡ്യ ലോക്സഭാ മണ്ഡലത്തില്‍ സുമലത അംബരീഷിന്റെ വിജയത്തെ തടയാന്‍ അപരര്‍ക്കും സാധിച്ചില്ല. സുമലത അംബരീഷിന് ലഭിക്കുന്ന വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ മൂന്ന് സുമലതമാരെയാണ് ജെഡിഎസ് സ്വതന്ത്രരായി മത്സരിപ്പിച്ചത്.
ഇവര്‍ 20,557 വോട്ടുകള്‍ സമാഹരിച്ചെങ്കിലും 1,25,876 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സുമലത വിജയിച്ചു. സുമലതയ്ക്കെതിരെ ജെഡിഎസ് നടത്തിയ ഇത്തരത്തിലുള്ള വിലകുറഞ്ഞ നീക്കങ്ങള്‍ അവര്‍ക്ക് അനുകൂല തരംഗമുണ്ടാക്കിയതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
മണ്ഡലത്തില്‍ സുമലത അംബരീഷ് സ്വാധീനം ഉറപ്പിക്കുന്നത് മനസ്സിലാക്കിയതോടെയാണ് മകനെ ജയിപ്പിക്കാനായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നിലവാരം കുറഞ്ഞ കളികള്‍ നടത്തിയത്. സുമലത സ്വതന്ത്രയായിട്ടായിരുന്നു പത്രിക നല്‍കിയത്. അതിനാല്‍ വോട്ടിങ് യന്ത്രത്തില്‍ ജെഡിഎസ് നിര്‍ത്തിയ മൂന്ന് സുമലതമാരുടെ പേരിനോട് ചേര്‍ന്നായിരുന്നു സുമതല അംബരീഷിന്റെ പേരും.
23 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച മണ്ഡലത്തില്‍ രണ്ട് വോട്ടിങ് യന്ത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ രണ്ടാമത്തെ യന്ത്രത്തിലായിരുന്നു നാല് സുമലതമാരുടെയും പേരുകള്‍. ജെഡിഎസ് ലക്ഷ്യമിട്ടതുപോലെ സുമലതമാരുടെ പേരുകള്‍ വോട്ടര്‍മാരില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് അപരര്‍ പിടിച്ച വോട്ടുകള്‍ സൂചിപ്പിക്കുന്നു.
മൂന്ന് സുമലതമാര്‍ ഓരോരുത്തരും 8898, 8542, 3117 എന്ന രീതിയില്‍ വോട്ടുകള്‍ പിടിച്ചു. എന്നിട്ടും 5,25,865 വോട്ടുകള്‍ നേടിയ സുമലത 1,25,876 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിഖില്‍ കുമാരസ്വാമിയെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: