നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 2014 ല്‍ അധികാരത്തില്‍ വന്നതും, കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് 2019ല്‍ വീണ്ടും ഭാരതത്തിനു നേതൃത്വം നല്‍കുന്നതും ചരിത്രത്തിലെ യാദൃച്ഛികതയല്ല. അതൊരു ദേശീയ അസ്മിതയുടെ ഭരണമേഖലയിലെ ആവിഷ്കാരം തന്നെയാണ്. അതിന് പശ്ചാത്തലമൊരുക്കിയത് ദേശീയവും അന്തര്‍ദേശീയവും ചരിത്രപരവുമായി 94 വര്‍ഷമായി നടക്കുന്ന ഭാരതത്തിന്റെ ഉയര്ത്തെഴുന്നേല്പിനു വേണ്ടിയുള്ള സംഘപ്രവര്‍ത്തനങ്ങളുടെ രാഷ്ട്രീയരംഗത്തെ പരിസമാപ്തിയാണ്.
ആയിരം വര്‍ഷമായി ഭാരതം ചരിത്രത്തില്‍ നേരിടേണ്ടിവന്ന വെല്ലുവിളികളും അവയെ അതിജീവിച്ചതും ലോകചരിത്രത്തില്‍ അപൂര്‍വതയാണ്. എത്രയെത്ര വിദേശആക്രമണങ്ങള്, വിദേശഭരണങ്ങള്, അപമാനങ്ങള്‍, രാഷ്ട്രീയമായ അശാന്തികള്‍, അസ്ഥിരത, ദേശീയനേതൃത്വത്തിന്റെ അഭാവം… എന്നിട്ടും ഭാരതീയ സാംസ്കാരിക സവിശേഷതകള്‍ അന്യംനിന്നുപോകാതെ, രാഷ്ട്രീയ ഏകതയ്ക്ക് കോട്ടംതട്ടാതെ നിലനിന്നത് ശക്തമായ രാഷ്ട്രഭാവം ഒന്ന് കൊണ്ട് മാത്രമാണ്. 1947ല്‍ സ്വാതന്ത്ര്യം കിട്ടുന്നതോടെ അതിന്റെ പൂര്‍ണത കൈവരിക്കുമെന്ന പ്രതീക്ഷ പലരിലും ഉണ്ടായെങ്കിലും പുത്തന്‍ വെല്ലുവിളികളെ, പ്രത്യേകിച്ച് ഭാരതത്തിന്റെ സാംസ്കാരിക സവിശേഷതകള്‍ക്കു നേരെയുള്ളവയാണ് നമുക്ക് നേരിടേണ്ടിവന്നത്.
എന്തൊരു മധുരമായ പ്രതികാരം…
നെഹ്റുവിസം കാഴ്ചവച്ച ഈ പുത്തന്‍ വെല്ലുവിളി 1990 വരെ സാമ്പത്തിക മേഖലയില്‍ റഷ്യന്‍ മോഡല്‍ സോഷ്യലിസ്റ്റ് പരിഷ്കാരവും അതിനുശേഷം അമേരിക്കന്‍ മോഡല്‍ മുതലാളിത്ത പരിഷ്കാരവുമല്ലാതെ മറ്റൊരു മാതൃക ഇല്ലെന്നെ സമവാക്യമാണ് രാജ്യത്തിന് കാഴ്ച്ചവച്ചത്. രൂപത്തില്‍ ഇന്ത്യക്കാരനും ഭാവത്തില്‍ വിദേശിയുമാകാന് വെമ്പുന്നവരുടെ പ്രതീകമായിരുന്ന നെഹ്റുവിനും പിന്‍തലമുറയ്ക്കും കാര്യമായി ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്തുവാന്‍ കഴിയാതെ പോയി. ഈ ചരിത്രപരമായ പശ്ചാത്തലത്തിലാണ് നരേന്ദ്ര മോദി ഒരു കൊടുങ്കാറ്റുപോലെ ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന് നേതൃത്വം ഏറ്റെടുക്കുന്നത്. 1925 മുതല്‍ ദേശീയ അസ്മിതയുടെ പുനരാവിഷ്കാരത്തിനു വേണ്ടി പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിച്ചുവരുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനത്തിന്റെ രാഷ്ട്രീയമായ വിജയമാണത്.
ചരിത്രത്തില്‍ വളരെക്കാലത്തിനുശേഷം ദേശീയ അഭിമാനത്തിന്റെ ശക്തമായ പ്രതീകം തന്നെയാണ് 2014ല്‍ ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിലൂടെ ഭരണത്തിലേറിയത്. അതിന് രാഷ്ട്രീയസ്ഥിരതയുടെ കൂടുതല്‍ കരുത്തുറ്റ അംഗീകാരമാണ് 2019ല്‍ രാജ്യത്തെ ജനത നല്‍കിയത്. ദേശവിരുദ്ധ ശക്തികള്‍ ഒന്നിച്ച് ഒരുവശത്തും, ദേശീയതയുടെ ശക്തികള്‍ മോദിയുടെ നേതൃത്വത്തില്‍ മറുവശത്തും കൂടുതല്‍ പ്രകടമായത് ഈ തെരഞ്ഞെടുപ്പിലാണ്. മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞത് പോലെ ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചതന്നെ ദേശീയതക്കൊപ്പം ആരു നില്കുന്നു എന്നതാണ്. ദേശവിരുദ്ധശക്തികള്‍ കനയ്യകുമാറിനെ പോലുള്ളവരെ ഉയര്‍ത്തിപിടിച്ച് ഭാരതത്തിന്റെ തകര്‍ച്ചയുടെ മുദ്രാവാക്യം രാജ്യതലസ്ഥാനത്തുപോലും ഉയര്‍ത്തുന്നതുവരെ കാര്യങ്ങള്‍ എത്തിയെന്നത് ഇതിന്റെ ഗുരുതരാവസ്ഥ പ്രകടമാക്കുന്നു. ആ കനയ്യകുമാറിനെ തെരഞ്ഞെടുപ്പില്‍ ഉളുപ്പില്ലാതെ പ്രതിനിധിയാക്കിയവരാണ് ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാര്‍. ഒടുവില്‍ കനയ്യകുമാറിനെ മാത്രമല്ല അയാളെ പിന്താങ്ങിയ ഇടതുപക്ഷത്തെയും അവരുടെ മടയില്‍ നിന്ന് ഭാരതജനത തൂത്തെറിഞ്ഞു. എന്തൊരു മധുരമായ പ്രതികാരം…
ആര്എസ്എസിനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക!
ഈ തെരഞ്ഞെടുപ്പില്‍ വീണ്ടും ദേശീയ ശക്തി കൂടുതല്‍ കരുത്താര്‍ജ്ജിച്ചു തിരിച്ചുവന്നതിന് രണ്ട് സുപ്രധാന കാരണങ്ങളാണുള്ളത്. ഒന്ന്, നരേന്ദ്രമോദിയുടെ പ്രേരണാദായകമായ രാഷ്ട്രീയനേതൃത്വം, രണ്ട്, രാജ്യത്തിന്റെ മുക്കിലും മൂലയിലും പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും പരിവാര്‍ സംഘടനകളുടെയും നിശ്ശബ്ദമായ കേഡര്‍ പ്രവര്‍ത്തനം. ഇതിനുപകരം നില്ക്കാന് ഇന്ന് ഭാരതത്തില്‍ മറ്റൊന്നില്ല. സ്വന്തമായി ഒന്നും വേണ്ടാത്ത ഒരു പ്രധാനമന്ത്രിയെ കാഴ്ചവെക്കാന്‍ ഭാരതത്തില്‍ ആര്എസ്എസിനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക!
മോദി സര്‍ക്കാറിന്റെ ആദ്യ അഞ്ചുവര്‍ഷം ദേശവിരുദ്ധ ശക്തികള്‍ക്കു മുകളിലുള്ള വിജയം രാജ്യംകണ്ടു. പുല്‍വാമയില്‍ പാകിസ്ഥാന്റെ ഭീകരാക്രമണപരീക്ഷണത്തിന് മോദി ബലാകോട്ടില്‍ നല്കിയ മറുപടി സമാനതകളില്ലാത്തതാണെന്ന് ഭാരതജനത തിരിച്ചറിഞ്ഞു. ലോകരാഷ്ട്രങ്ങള്‍ ഭാരതത്തിനു പിന്തുണ നല്കിയതും പാകിസ്ഥാന് ഒറ്റപ്പെട്ടതും വിദേശകാര്യത്തിന്റെ ചരിത്രത്തിലെ പ്രധാന സംഭവങ്ങളാണ്. ലോകശക്തിയായി വളരുന്ന ചൈനയെപോലും തളച്ചുകൊണ്ട് ഐക്യരാഷ്ട്രസഭയില്‍ പാക്ഭീകരന് മസൂദ് അസറിനെ പിന്തുണക്കുന്ന ചൈനയുടെ നയം തിരുത്തിക്കുവാനും മോദിക്ക് മാത്രമാണ് കഴിഞ്ഞത്. ഇങ്ങനെ ദേശീയ അഭിമാനം ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ വീണ്ടെടുക്കുന്ന ഉദാഹരണങ്ങള്‍ നിരവധിയാണ്.
2014ന്റെ തുടക്കത്തില്‍ ഭരണ ഉദ്യോഗസ്ഥന്മാരുടെ തുടര്‍ച്ച മോദിയുടെ സാമ്പത്തിക, തൊഴില്‍, കാര്‍ഷിക നയങ്ങളില്‍ കുറച്ച് അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ആ സമീപനത്തില്‍ പ്രകടമായമാറ്റങ്ങള് സംഭവിച്ചുകഴിഞ്ഞു. അവസാനത്തെ രണ്ടുവര്‍ഷങ്ങളില്‍ സ്വദേശി സാമ്പത്തിക, തൊഴില്‍ നയങ്ങള്‍ രൂപീകരിച്ചെടുക്കുന്നതില്‍ പുത്തന്‍ സര്‍ക്കാരിന് വിജയം കൈവരിക്കാന്‍ കഴിഞ്ഞത് ഭാരതീയ മസ്ദൂര്‍ സംഘം(ബിഎംഎസ്), സ്വദേശി ജാഗരണ്‍ മഞ്ച്, കിസാന്‍ സംഘ് തുടങ്ങിയ പരിവാര്‍ സംഘടനകളുമായുള്ള സാമഞ്ജസ്യപ്രവര്ത്തനമാണ്.
സംഘപരിവാര്‍ സംഘടനകള്‍ക്ക് മുമ്പിലുള്ള വെല്ലുവിളി
ആഗോളീകരണ പ്രക്രിയ 1991ല്‍ ആരംഭിച്ചതിനുശേഷം ആദ്യമായി തൊഴില്‍ നിയമപരിഷ്കാരത്തിന്റെ കേന്ദ്രബിന്ദു തൊഴിലാളിക്ഷേമമാണെന്ന പ്രഖ്യാപനമുണ്ടായത് 2019ല്‍ നിതിആയോഗ് പുറത്തിറക്കിയ ‘പരിവര്‍ത്തനത്തിന്റെ പുത്തന്‍ഭാരതം, 2022’ എന്ന നയരേഖയിലാണ്. അതുവരെ തൊഴിലാളി ക്ഷേമത്തിനുവേണ്ടി പണം ചെലവഴിക്കുന്നത് വ്യവസായത്തിന്റെ വളര്‍ച്ചക്ക് തടസ്സമാണെന്ന വാദമാണ് മാറിമാറി അവതരിപ്പിച്ച നയരേഖകളിലും, കമ്മിറ്റി റിപ്പോര്‍ട്ടുകളിലും ആവര്‍ത്തിച്ചു കേട്ടത്.
മാറ്റത്തിന്റെ വലിയ സൂചനകളാണ് സംഘപരിവാറിന്റെ സക്രിയമായ ഇടപെടലുകള്‍ രാജ്യത്തു സൃഷ്ടിക്കുന്നത്. മന്മോഹന് സിങ് നിയന്ത്രണമില്ലാതെ ബാധ്യതപ്പെടുത്തികൊണ്ടു ഡബ്ല്യുടിഓ കരാറുകള്‍, സ്വതന്ത്ര വ്യാപാരകരാറുകള്‍ മുതലായവ തുടരെത്തുടരെ ഒപ്പിടുന്ന പ്രക്രിയ ഇപ്പോള്‍ ദേശീയതാല്പര്യത്തിനു അനുസൃതമായി ഏതാണ്ട് നിശ്ചലമായി.
എഫ്ഡിഐയുടെ കാര്യത്തിലും ഭരണരംഗത്തെ വിദഗ്ധരുടെ നയചിന്തകളില് മാറ്റംവരുത്താനുള്ള പ്രവര്‍ത്തനമാണ് സ്വദേശിജാഗരണ്‍ മഞ്ച് പോലുള്ള സംഘടനകള്‍ സര്‍ക്കാരുമായുള്ള നിരന്തരമായ ചര്‍ച്ചകളിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത്. മുതലാളിത്ത- ആഗോളീകരണമാണ് രാജ്യത്തിന്റെ ആസ്ഥാന ചിന്തയെന്ന ധാരണ രാജ്യത്തെ അക്കാദമിക്, ഭരണതലങ്ങളില്‍ തിരുത്തുകയും പകരം ദേശീയസാമ്പത്തികചിന്തയെ സ്ഥാപിക്കച്ചെടുക്കുകയുമാണ് സംഘപരിവാര്‍ സംഘടനകള്‍ക്ക് മുമ്പിലുള്ള ഈ വരുന്ന അഞ്ചുവര്‍ഷത്തെ പ്രധാന പ്രത്യയശാസ്ത്രപരമായ വെല്ലുവിളി. ഭാഗ്യവശാല്‍ അതിന് നിമിത്തമാകുന്നത് മൂന്നാം ബദല്‍ എന്ന പുസ്തകമെഴുതിയ സംഘത്തിന്റെ സൈദ്ധാന്തിക ആചാര്യന് ദത്തോപന്ത് ഠേംഗഡിയുടെ ഈ വര്‍ഷംമുതല്‍ ആരംഭിക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങളാണ്.
വരുന്നത് ജനങ്ങളെ കേന്ദ്രീകരിച്ച ഭരണം
തൊഴില്‍ നയങ്ങളുടെയും നിയമങ്ങളുടെയും കാര്യത്തില്‍ അവസാന രണ്ടുവര്‍ഷങ്ങളില്‍ രാജ്യം കണ്ടത് ചരിത്രത്തിലെ വലിയ നേട്ടങ്ങളാണ്. ഡോ. അംബേദ്ക്കറുടെ കാലത്തിനുശേഷം തൊഴില്‍രംഗത്ത് ഏറ്റവുംകൂടുതല്‍ നേട്ടങ്ങളുടെ പട്ടികയുമായിട്ടാണ് മോദി സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയത്.
ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ക്ക് മുമ്പില്‍ തൊഴില്നയവിദഗ്ദ്ധന്മാര്ക്കു തലകുനിക്കേണ്ടിവന്നതുകൊണ്ട് നേടിയെടുത്തതാണിത്. ആഗോളീകരണവാദികളുടെ തൊഴില്‍ പരിഷ്കാരങ്ങള്‍ക്ക് നരേന്ദ്രമോദി തന്നെ നേരിട്ട് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സില്‍ വിരാമമിട്ടു. പകരം അവസാനത്തെ തൊഴിലാളിക്കുവരെ നല്ല വേതനവും, സാമൂഹ്യ സുരക്ഷിതത്വഗുണങ്ങളും ഉറപ്പുവരുത്തുന്ന രണ്ടുചരിത്രനിയമങ്ങള്ക്ക് രൂപം നല്കി.
ബാലവേലക്കു പൂര്‍ണനിരോധനം കൊണ്ടു വന്നതിനെ ജനീവയില്‍ നടന്ന 187 രാഷ്ട്രങ്ങള്‍ പങ്കെടുത്ത ഐഎല്‍ഓ സമ്മേളനം ഭാരതസര്‍ക്കാരിനെ ആദരിച്ചു. കൂടാതെ വളരെക്കാലമായി രാജ്യത്തെ തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തിയ നിരവധി ആവശ്യങ്ങള്‍ നടപ്പിലാക്കി. ബോണസ്, ഗ്രാറ്റുവിറ്റി, പ്രസവാവധി, ഇഎസ്ഐ- പിഎഫ് പരിധികള്‍, പിഎഫ് പെന്ഷന്, മിനിമം
വേതനം, അംഗണവാടി വേതനം, ഇന്‍കംടാക്സ് പരിധി, പലിശയിന്മേലുള്ള ടിഡിഎസ്, ഗ്രാമീണപോസ്റ്റല് ജീവനക്കാരുടെ വേതനം തുടങ്ങിയവ വളരെക്കാലത്തിനുശേഷം ഇരട്ടിയാക്കി. ട്രേഡ് യൂണിയന് രജിസ്ട്രേഷന് സംബന്ധിച്ച പരാതിക്കു പരിഹാരമായി.
ആയുഷ്മാന്‍ ഭാരത്, ഒരു റാങ്ക് ഒരു പെന്ഷന്, അസംഘടിതമേഖലക്കുള്ള പെന്ഷന്, വേതനം ബാങ്കുവഴി നല്കല്, മത്സ്യബന്ധനത്തിന് പ്രത്യേകവകുപ്പ്, 6000 രൂപയുടെ കര്ഷകസഹായതുടങ്ങിയവയും ഒക്കെചേരുമ്പോള് തൊഴില്‍ മേഖലയിലെ സുവര്‍ണകാലഘട്ടമായി.
ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട് എന്നത് സംഘപരിവാര്‍ സംഘടനകളുടെ മുമ്പിലുള്ള വെല്ലുവിളിയാണ്. രാഷ്ട്രത്തിന്റെ പരംവൈഭവത്തിനു പ്രതിജ്ഞാബദ്ധമായ സംഘമഹാപ്രസ്ഥാനത്തിന്റെ രാഷ്ട്രീയമായ പുത്തന്‍ അവസരം പാഴായിപ്പോകരുത്. അവസാന വര്‍ഷമുണ്ടായ ഏകീകൃത പ്രവര്‍ത്തനം ഈ വര്‍ഷം തുടക്കം മുതല്‍ തന്നെ നടപ്പാക്കാനുള്ള ആലോചനകള്‍ നടക്കുന്നു. ഇനി വരുന്നത് ജനങ്ങളെ കേന്ദ്രീകരിച്ച ഭരണമാകണമെന്ന കണക്കുകൂട്ടലുകളാണ് പുതിയസര്ക്കാരില് പ്രതീക്ഷ നല്‍കുന്നത്. അതിനുകഴിഞ്ഞ അഞ്ചുവര്‍ഷത്തെ കൂട്ടല്‍ കിഴിക്കലുകളുടെ അനുഭവം സര്‍ക്കാരിന് വഴികാട്ടിയാകുമെന്നുതന്നെ കരുതാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: