തിരുവനന്തപുരം: നവോത്ഥാനത്തിന് വനിതാമതില്‍ പണിയുകയും നവകേരളത്തിന് മത്താപ്പ് കത്തിക്കുകയും ചെയ്ത ഇടതുപക്ഷം ഇനി എന്തിനായി നിലകൊള്ളും! ഇരുപതില്‍ പതിനെട്ട് ലോക്സഭാ സീറ്റിലും ജയിച്ചുവരുമെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് ഇനി എന്താകും ന്യായം എന്ന ചോദ്യമാണ് ഉയരാന്‍ പോകുന്നത്.
കേരളത്തില്‍ 19 സീറ്റിലും യുഡിഎഫ് ജയിച്ചത് നരേന്ദ്രമോദിയുടെ ദുര്‍ഭരണത്തിനെതിരായ വിധിയാണെന്നാണ് ഏറ്റവും ഒടുവില്‍ ഇടത് നേതാക്കളുടെ വിലയിരുത്തല്‍. നരേന്ദ്രമോദി ദുര്‍ഭരണമല്ല നടത്തിയതെന്നതിന്റെ തെളിവാണ് അഞ്ചുവര്‍ഷം മുമ്പ് ലഭിച്ചതിനേക്കാള്‍ സീറ്റും വോട്ടും കൂടിയത്. കേരളത്തിലെ തോല്‍വിക്ക് നേതൃത്വം നല്‍കിയത് പിണറായി വിജയനാണ്. അദ്ദേഹത്തിന്റെ മണ്ഡലമായ ധര്‍മ്മടത്ത് പോലും വോട്ട് ചോര്‍ന്നല്ലോ. കോണ്‍ഗ്രസ് മുന്നണി നന്ദി പറയേണ്ടത് പിണറായി വിജയനോടാണ്. ആ മുന്നണിയുടെ ആപ്പീസുകളില്‍ രാഹുലിന്റെയും നെഹ്റുവിന്റെയും ചിത്രങ്ങള്‍ മാറ്റി പിണറായി വിജയന്റെ ഫോട്ടോ തൂക്കണം. ”ഈ ആപ്പീസിന്റെ ഐശ്വര്യം പിണറായി വിജയനെന്ന അടിക്കുറിപ്പും നന്നാവും.”
ബിജെപി തോറ്റല്ലോ എന്ന് ആശ്വസിക്കുന്ന ചാനല്‍ ഏമാന്മാര്ക്ക് ഇടതിന്റെ കാലടറിയത് ആഘോഷമേ ആയില്ല. ബിജെപി തോല്‍ക്കണമെങ്കില്‍ എപ്പോഴെങ്കിലും ജയിച്ചിട്ടില്ലെന്ന വസ്തുതയുണ്ട്. ബിജെപി പരമാവധി പരിശ്രമിച്ചു. ജയിക്കണമെന്നാഗ്രഹിച്ചു. ഇടതുഭരണത്തിന് പ്രഹരം ഏല്പിക്കണമെന്ന് ഭൂരിപക്ഷം ജനങ്ങളാഗ്രഹിച്ചു. അതിന് മൂന്നാം സ്ഥാനത്തുള്ള ബിജെപിക്ക് വോട്ട് നല്കിയാല് പറ്റുമോ എന്ന് ശങ്കിച്ചവര്‍ക്ക് മുന്നില്‍ തെളിഞ്ഞത് കോണ്‍ഗ്രസ് മുന്നണിയാണ്. അതാണ് വോട്ടെടുപ്പില്‍ പ്രതിഫലിച്ചത്.
വികസിപ്പിച്ച ഇടതുമുന്നണിയില്‍ പത്തോളം പാര്‍ട്ടിയുണ്ട്. രണ്ടേരണ്ട് പാര്‍ട്ടിയാണ് മത്സരിച്ചത്. സിപിഎമ്മും സിപിഐയുമാണ്. 16 സീറ്റ് സ്വന്തമാക്കിയ സിപിഎം ഒന്ന് നേടി തൃപ്തിപ്പെടുമ്പോള്‍ നാലിടത്തും സിപിഐ മലര്‍ന്നടിച്ചുവീണു. ആ പാര്‍ട്ടി തമിഴ്നാട്ടില്‍ ഡിഎ ംകെയുടെ ഔദാര്യത്തില്‍ ജീവിക്കണം. ഇരുപാര്‍ട്ടികളും ദേശീയകക്ഷി അല്ലാതാവുകയാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ഒരുകാലത്ത് ഇന്ത്യയിലെ രണ്ടാമത്തെ പാര്‍ട്ടിയായിരുന്നു. 1964 ല്‍ നെടുകെ പിളര്‍ന്നു. ഉരുള്‍പൊട്ടി ഉരുത്തിരിഞ്ഞ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) യ്ക്കായിരുന്നു ജനപിന്തുണ. എന്നാല്‍ നേതൃബാഹുല്യം കൊണ്ട് സമ്പന്നത നിലനിര്‍ത്തി സിപിഐ എന്ന വലത് കമ്മ്യൂണിസ്റ്റുകാര്‍ വേര്‍പിരിഞ്ഞശേഷം വളര്‍ച്ച മുട്ടി. കോണ്‍ഗ്രസിന്റെ ചെലവിലാണ് ഏറെക്കാലം നിലനിന്നത്. സിപിഎമ്മിനെക്കാള്‍ ഏറെ സംസ്ഥാനങ്ങളില്‍ സിപിഐയ്ക്ക് ശക്തിയും സ്വാധീനവും ഉണ്ടായിരുന്നു.
അതൊക്കെ പഴയകഥ. സിപിഎം ബംഗാളിലും കേരളത്തിലും ത്രിപുരയിലും ആളും അര്‍ത്ഥവുമുള്ള പാര്‍ട്ടിയായി. കാല് നൂറ്റാണ്ടോളം ത്രിപുരയും മൂന്നരപതിറ്റാണ്ടോളം ബംഗാളിലും ഭരണത്തെ നയിച്ച സിപിഎം അവിടങ്ങളില്‍ നിലംപരിശായി. കേരളമാണിത് എന്ന് അഹങ്കാരത്തോടെ പറയുന്ന പാര്‍ട്ടി, കേരളത്തിലും രാഷ്ട്രീയ പ്രളയത്തില്‍ മുങ്ങി. ഇടതുമുന്നണിയിലെ രണ്ടാമത്തെ ഏറ്റവും വലിയ കക്ഷി സിപിഐയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചത് ഒരേ ഒരാള്‍. തൃശൂരിലെ ജയദേവന്. രാജ്യത്ത് രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വേണ്ടെന്ന സുദൃഢമായ അഭിപ്രായമാണ് സിപിഎമ്മിന്. അതുകൊണ്ടുതന്നെ സിപിഐയെ ചെറുതാക്കി കാണിക്കാന്‍ കിട്ടുന്ന അവസരമെല്ലാം അവര്‍ ഉപയോഗിക്കുകയും ചെയ്തിട്ടേയുള്ളു.
ഒരുകാലത്ത് ഏറെ കേട്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനമാണ്. സിപിഐ ആണ് അതിനായി ഏറെ അദ്ധ്വാനിച്ചത്. പക്ഷെ ഇഎംഎസ് നമ്പൂതിരിപ്പാട് ആ വെള്ളം ഇറക്കിവച്ചോളൂ എന്ന നിലപാടിലായിരുന്നു. പികെവിയും വെളിയം ഭാര്‍ഗവനുമൊക്കെ ലയനം കൊതിച്ചവരായിരുന്നു. പക്ഷെ സിപിഎം വഴങ്ങിയില്ല. സിപിഐ പിരിച്ചുവിട്ട് സിപിഎമ്മില്‍ ചേരട്ടെ എന്നായിരുന്നു സിപിഎമ്മിന്റെ നിലപാട്.
കൂട്ടുകക്ഷി ഭരണമാണെങ്കിലും സിപിഐയുടെ വകുപ്പില്‍ കൈയിട്ടുവാരുകയും ഫണ്ടും ഫയലും പിടിച്ചുവയ്ക്കുകയും ചെയ്യുക സിപിഎം പതിവാണ്. അക്കാര്യം സിപിഐ നേതാവും എംഎല്‍എയും തിരുവനന്തപുരത്തെ ഇടത് സ്ഥാനാര്‍ത്ഥിയുമായ സി. ദിവാകരന് തുറന്നടിച്ച് പറയുകയും ചെയ്തു. അച്യുതാനന്ദന് മന്ത്രിസഭയിലെ ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്ന ദിവാകരന് സിപിഎമ്മിന്റെ കണ്ണിലെ കരടാണ്. അതുകൊണ്ട് ദിവാകരന് നിയമസഭയില്‍നിന്നും ലോകസഭയിലേക്ക് പോകുന്നത് സിപിഎമ്മിന് അസഹ്യമാണ്. ദിവാകരനെ ഇടതുസ്ഥാനാര്‍ത്ഥിയായി നിര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് മറിച്ചു എന്നുതന്നെയാണ് ദിവാകരനും സിപിഐയും ഉറച്ചുവിശ്വസിക്കുന്നത്. ഫലം വന്നപ്പോള്‍ അത് ബോധ്യമാവുകയും ചെയ്തു. വോട്ട് പെട്ടിയില്‍ വീണശേഷം സിപിഎമ്മിനെതിരെ ദിവാകരന് ആഞ്ഞടിച്ചു. നേതാക്കളുടെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു വിമര്‍ശനം. തോമസ് ഐസക്കിനെന്താ കൊമ്പുണ്ടോ എന്ന് ചോദിച്ച ദിവാകരനോട്, മലര്‍ന്ന് കിടന്ന് തുപ്പരുതെന്നായിരുന്നു അച്യുതാനന്ദന്റെ മുന്നറിയിപ്പ്. മഴ തീര്‍ന്ന സ്ഥിതിക്ക് തര്‍ക്കങ്ങളില്‍ മുങ്ങി മരംപെയ്തുകൊണ്ടേയിരിക്കും.
രണ്ടുവര്‍ഷം കഴിഞ്ഞാല്‍ രാജ്യത്തും കേരളത്തിലും സംഭവിക്കുന്ന രാഷ്ട്രീയമാറ്റങ്ങള്‍ ഇപ്പോള്‍ പ്രവചിക്കുക അസാദ്ധ്യം. ഇടതുമുന്നണി ഇതേരീതിയില്‍ തുടരുമോ? തുടര്‍ന്നാലും സിപിഐയുടെ സ്ഥാനമെന്താകും? ഊഹിച്ചാല്‍ ഒന്നുറപ്പാണ്. രാജ്യത്ത് വംശനാശം നേരിടുന്ന പാര്‍ട്ടികള്‍ പലതുമുണ്ടാകും. അക്കൂട്ടത്തില്‍ സിപിഐയും ഉണ്ടാകും.
കേരളത്തില്‍ മഞ്ചേശ്വരവും പാലയും ഉള്‍പ്പെടെ ആറ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ഉടനുണ്ടാകും. അതില്‍ ഒന്നുമാത്രമേ ഇടതിന്റേതുള്ളൂ. അഞ്ചും യുഡിഎഫ് നേടിയതാണ്. ഇപ്പോഴത്തെ വിജയം ആറുമാസത്തിനകം വരുന്ന ഉപതെരഞ്ഞെടുപ്പിലുണ്ടാകുമോ? കോണ്‍ഗ്രസിന്റെ പച്ചത്തുുരുത്തായി നില്ക്കുന്ന കേരളത്തിലെ ഭാവി രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: