കോട്ടയം: സമൂഹത്തില്‍ ശാസ്ത്രാവബോധം കുറഞ്ഞതാണ് അനാചാരങ്ങളും ദുരാചാരങ്ങളും വളരാനും സമൂഹത്തിന്റെ ശൈഥില്യത്തിനും കാരണമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. തിരുനക്കര സ്വാമിയാര് മഠത്തില്‍ ആചാര്യസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആചാരങ്ങള്‍, വ്രതനിഷ്ഠകള്‍ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവര്‍ പോലും ഹിന്ദു ധര്‍മ്മത്തെക്കുറിച്ച് അഭിപ്രായം പറയുന്നു. കോടതികള്‍ പോലും ഈ രംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായം തേടാതെ വിധിപ്രസ്താവം നടത്തുന്നു. മറ്റ് മതസ്ഥരുടെ കാര്യത്തില്‍ മതമേലദ്ധ്യക്ഷന്മാരുടെ അഭിപ്രായം അന്തിമമാകുമ്പോഴാണ് ഹിന്ദുസമൂഹത്തിന് ഈ ദുര്‍ഗതി. ക്ഷേത്രങ്ങള്‍ രാഷ്ട്രീയ വിമുക്തമാക്കണമെന്ന കോടതിവിധി മതേതരസര്‍ക്കാര്‍ അട്ടിമറിച്ചെന്നും അദ്ദേഹം പറഞ്ഞു.
പൂര്‍വ്വകാലത്ത് വിദ്വല്‍സഭകളില്‍ ശാസ്ത്ര സംബന്ധിയായ ചര്‍ച്ചകള്‍ നടക്കുകയും പുതിയ അറിവുകള്‍ നേടുകയും ചെയ്തിരുന്നു. ഇത് സമൂഹത്തിന് ഗുണപ്രദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. അതുകൊണ്ട് ആചാരങ്ങളെക്കുറിച്ച് സമൂഹത്തിന് ഒന്നും നല്കുവാന് കഴിയുന്നില്ല. ഇന്ന് വിവിധ മേഖലകളില്‍ അനേകം ആചാര്യന്മാരുണ്ട്. എന്നാല്‍ എല്ലാവരെയും ഉള്‍പ്പെടുത്തി ഒരേവേദിയില്‍ ചര്‍ച്ച ചെയ്യവാന്‍ കഴിയുന്നില്ലെന്നും ചിദാനന്ദപുരി പറഞ്ഞു.
സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍ അധ്യക്ഷനായി. സ്വാമി സത് സ്വരൂപാനന്ദ സരസ്വതി, മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരി, സൂര്യകാലടി സൂര്യന് സുബ്രഹ്മണ്യന് ഭട്ടതിരിപ്പാട്, സംഘാടക സമിതി ഭാരവാഹികളായ സുധീര്‍ ചൈതന്യ, പിഎന്‍എസ് നമ്പൂതിരി, കണ്‍വീനര്‍ രാജേഷ് നട്ടാശ്ശേരി, പി.സി. ഗിരീഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: