ന്യൂദല്‍ഹി: വ്യക്തമായ ഭൂരിപക്ഷത്തോടെ രാജ്യത്ത് വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരിക്കുന്ന പാര്‍ട്ടിക്ക് തന്നെ രണ്ടാമതും കേവലഭൂരിപക്ഷം ഒറ്റയ്‌ക്ക് ലഭിക്കുന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷമാകുമെന്നും ബിജെപി കേന്ദ്ര ആസ്ഥാനത്ത് ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ പത്രസമ്മേളനത്തില്‍ പങ്കെടുത്ത മോദി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ സമാപിച്ചതോടെ നന്ദിപ്രകാശിപ്പിക്കുന്നതിനായാണ് ദേശീയ അധ്യക്ഷനും പ്രധാനമന്ത്രിയും മാധ്യമങ്ങളെ കണ്ടത്.
അവസാന വ്യക്തിയിലേക്കും ക്ഷേമപദ്ധതികളുടെ പ്രയോജനം എത്തിക്കുകയെന്ന കര്‍ത്തവ്യം ഉറപ്പ് വരുത്താനായത് ബിജെപി സര്‍ക്കാരിന്റെ വലിയ നേട്ടമായി. മികച്ച ഭൂരിപക്ഷത്തോടെ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുക തന്നെ ചെയ്യും. രാജ്യത്തെ സേവിക്കാന്‍ അഞ്ചുവര്‍ഷം അവസരം നല്‍കിയത് ജനങ്ങളാണ്. അവരോടുള്ള നന്ദി പ്രകാശിപ്പിക്കാനുള്ള അവസരമായാണ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെ കണ്ടത്. അഞ്ചുവര്‍ഷം മുമ്പ് മെയ് 17ന് അധികാരം നഷ്ടപ്പെട്ട നിരവധി പേരുടെ നിരാശ ആരംഭിച്ചതാണ്. വീണ്ടുമൊരു മെയ് 17ന് അവരുടെ നിരാശ വീണ്ടും ഓര്‍മ്മയിലേക്ക് വരുന്നു, 2014 മെയ് 16ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത് ഓര്‍ത്തെടുത്ത് മോദി പറഞ്ഞു.
ഫെബ്രുവരി മുതല്‍ നിരവധി ജനസഭകളെ അഭിസംബോധന ചെയ്യുകയും ലക്ഷക്കണക്കിന് ജനങ്ങളോട് നേരിട്ട് സംവദിക്കുകയും ചെയ്തു. ഒരു പരിപാടി പോലും റദ്ദാക്കേണ്ടിവന്നിട്ടില്ല. ലോകത്തോട് അഭിമാനത്തോടെ വിളിച്ചു പറയാന്‍ സാധിക്കുന്നതാണ് നമ്മുടെ ജനാധിപത്യ സമ്പ്രദായമെന്നും എല്ലാവര്‍ക്കും നന്ദി പറയാനായാണ് മധ്യപ്രദേശിലെ പരിപാടിയില്‍ നിന്ന് നേരിട്ട് ബിജെപി ആസ്ഥാനത്തേക്ക് എത്തിയതെന്നും മോദി വ്യക്തമാക്കി.
മുന്നൂറിലധികം സീറ്റുകള്‍ ബിജെപിക്ക് ഒറ്റയ്‌ക്ക് ലഭിക്കുമെന്ന് ഉറപ്പാണെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ബംഗാള്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, ഒഡീഷ, കര്‍ണ്ണാടക അടക്കമുള്ള തെക്കേഇന്ത്യന്‍ സംസ്ഥാനങ്ങള്‍, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെല്ലാം ബിജെപി വലിയ മുന്നേറ്റമുണ്ടാക്കും. ബംഗാളില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ എണ്‍പത് ബിജെപി പ്രവര്‍ത്തകരാണ് തൃണമൂല്‍ അക്രമത്തില്‍ കൊല്ലപ്പെട്ടത്. ഇത്തരം ക്രൂരതകള്‍ക്ക് മമതയ്‌ക്ക് എന്തു മറുപടിയാണുള്ളത്. കേരളത്തിലൊഴികെ മറ്റു സംസ്ഥാനങ്ങളിലൊന്നും ബിജെപിക്ക് ഇത്തരം അക്രമങ്ങളെ നേരിടേണ്ടിവന്നിട്ടില്ല, അമിത് ഷാ പറഞ്ഞു.
രാഷ്‌ട്രപിതാവിനെ അപമാനിച്ച പ്രജ്ഞാസിങ് താക്കൂറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പത്തുദിവസത്തിനകം മറുപടി നല്‍കാനാണ് നിര്‍ദ്ദേശം. അതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കും. ആറുപതിറ്റാണ്ട് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്തതിനേക്കാള്‍ എത്രയോ ഇരട്ടി പദ്ധതികളാണ് ബാപ്പുവിന്റെ സ്മരണ നിലനിര്‍ത്താന്‍ മോദി സര്‍ക്കാര്‍ അഞ്ചുവര്‍ഷം കൊണ്ട് നടപ്പാക്കിയത്. പ്രജ്ഞയുടെ വിവാദ പ്രസ്താവനയില്‍ എല്ലാ ബിജെപി നേതാക്കള്‍ക്കും അതീവ ദുഃഖമുണ്ട്. കാവി ഭീകരത എന്ന കോണ്‍ഗ്രസ്സിന്റെ വ്യാജ പ്രചാരണത്തിനെതിരെയുള്ള സന്ദേശമായിരുന്നു പ്രജ്ഞയ്‌ക്ക് സീറ്റ് നല്‍കിയ നടപടിയെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. റഫാല്‍ കേസില്‍ രാഹുല്‍ഗാന്ധിയുടെ കൈവശം എന്തെങ്കിലും തെളിവുകളുണ്ടെങ്കില്‍ സുപ്രീംകോടതിക്ക് കൈമാറണമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: