ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച ഉടന്‍ ഡല്‍ഹിയിലും പരിസരങ്ങളിലും പടര്‍ന്ന സാമുദായിക ലഹളകള്‍ നിയന്ത്രിക്കാനാകാതെ ഇന്ത്യന്‍ ഭരണാധികാരികള്‍, സിംലയില്‍ വിശ്രമിച്ചിരുന്ന മുന്‍ ഗവര്‍ണ്ണര്‍ ജനറല്‍ മൗണ്ട്ബാറ്റനെ വിളിച്ച് അധികാരം തിരിച്ചേപ്പിച്ചതായി സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍ എന്ന കൃതിയില്‍ പറയുന്നു. ഭയചകിതനായ, കാര്യനിര്‍വ്വഹണ ശേഷിയില്ലാത്ത ഒരു പ്രധാനമന്ത്രിയെയാണ് നാം അന്നു ജവഹര്‍ലാല്‍ നെഹ്റുവില്‍ കണ്ടത്.
ആരായിരിക്കണം ഇന്ത്യയുടെ സര്‍വ്വ സൈന്യാധിപന് എന്ന് തീരുമാനിക്കാന്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ അദ്ധ്യക്ഷനായിരുന്ന നെഹറു പറഞ്ഞത് സേനയെ നയിക്കാന്‍ പഠിപ്പും പരിചയവും കഴിവും ഉള്ള ഇന്ത്യക്കാരനില്ലാത്തതിനാല് ബ്രിട്ടണില്‍നിന്ന് ഒരു ജനറലിനെ നിയമിച്ചാലെന്താണ് എന്നാണ്. യോഗത്തിലുണ്ടായിരുന്ന ലെഫ്. ജനറല്‍ റാത്തോഡ് വിനയപൂര്‍വ്വം പറഞ്ഞു. ‘ഇത്രയും കാലം അടിമത്തത്തില്‍ കഴിഞ്ഞ നമുക്ക് ഭരിക്കപ്പെടാനല്ലാതെ ഭരിക്കാനറിയുന്ന ഒരു പ്രധാനമന്ത്രിയെ കണ്ടെത്താന്‍ പ്രയാസമായിരിക്കും. അതിനാല്‍ ഒരു പ്രധാനമന്ത്രിയെക്കൂടി ബ്രിട്ടനില്‍നിന്ന് നിയമിച്ചുകൂടെ?
കോപിഷ്ഠനായ നെഹ്റു പ്രതികരിച്ചു: എന്നാല്‍ താങ്കള്ക്കാകാമോ സേനാധിപന്?
ജനറല്‍ റാത്തോഡ് പറഞ്ഞു. ജനറല്‍ കരിയപ്പയുള്ളപ്പോള് നാം മറ്റൊരാളെ തേടേണ്ട ആവശ്യമില്ല. അങ്ങിനെയാണ് കരിയപ്പ ഇന്ത്യയുടെ ആദ്യ കരസേനാധിപനാവുന്നത്. യുക്തമായ തീരുമാനമായിരുന്നു അതെന്ന് കാലം തെളിയിച്ചു. മാത്രമോ ഇന്ത്യയും പാക്കിസ്ഥാനുമായി കാശ്മീറിനെ സംബന്ധിച്ച ഉടമ്പടി ഒപ്പ് വെക്കുന്നത് 24 മണിക്കൂര്‍ നീട്ടിവെക്കണമെന്ന ഈ ജനറലിന്റെ അഭ്യര്‍ത്ഥന നെഹ്റു നിരസിച്ചതിന്റെ തിക്തഫലം ഭാരതീയജനത ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നു.
തുടര്‍ന്ന് നടന്ന രണ്ട് സൈനിക നടപടികളില്‍ പ്രധാനമന്ത്രിക്ക് കാര്യമായ റോളൊന്നുമുണ്ടായിരുന്നില്ലെന്നാണ് അന്തപ്പുരസംസാരം. അടുത്തതായി നാം എത്തിപ്പെടുന്നത് ഇന്ത്യാ-ചൈന യുദ്ധരംഗത്താണ്. യുദ്ധം കൊടുമ്പിരികൊണ്ടപ്പോള്‍ വിദേശയാത്രക്കായി കെട്ടുമുറുക്കിയ പ്രധാനമന്ത്രി ലോകസഭയില്‍ പറഞ്ഞത് ‘ചൈനയെ ഇന്ത്യന്‍ ഭൂഭാഗത്തുനിന്നു തുരത്താന്‍ ഞാന്‍ എന്റെ സൈനികര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്’ എന്നാണ്. ഇതില്‍ ‘എന്റെ സൈന്യം’ എന്ന പ്രയോഗത്തിന്റെ സാംഗത്യം അവിടെ നില്ക്കട്ടെ. ഗ്രാമ്യഭാഷയില്‍ ഒരു പ്രയോഗമുണ്ട്. ആശാന് അടുപ്പിലും ആവാം; ശിഷ്യന് മറപ്പുരയിലും പാടില്ല എന്ന്. ഇവിടെ പ്രധാനമന്ത്രി നരേന്ദ്രമോദി മേരാ ഫൗജ് എന്ന് പറഞ്ഞപ്പോള്‍ ലോകാവസാനത്തിന്റെ സകല ലക്ഷണങ്ങളും കണ്ടുതുടങ്ങി എന്നാണ് ജനസംസാരം.
സ്വന്തം സേനയുടെ ശേഷിയെക്കുറിച്ചോ ശേമുഷിയെക്കുറിച്ചോ തയ്യാറെടുപ്പുകളെക്കുറിച്ചോ അതിര്‍ത്തി പ്രദേശത്തിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ചോ, ശത്രുവിന്റെ കഴിവുകളേക്കുറിച്ചോ, അടിസ്ഥാനപരമായ അറിവുകള്‍ ഇല്ലത്ത ഒരു പ്രധാനമന്ത്രിയായിരുന്നു നെഹ്റു വെന്ന് പില്ക്കാല അനുഭവങ്ങള്‍ തെളിയിച്ചു. ചൈനയെ പ്രകോപിപ്പിച്ചത് നെഹറുവിന്റെ അയുക്തിയാണെന്ന് ഇന്ത്യാസ് ചൈനാവാര് എന്ന ഗ്രന്ഥത്തില്‍നിന്നു വായിച്ചെടുക്കാം. യുദ്ധത്തിന് തൊട്ടുമുമ്പ് അവരുമായുള്ള അതിര്ത്തിത്തതര്ക്കം രമ്യമായി പരിഹരിക്കണമെന്ന സദുദ്ദേശത്തോടുകൂടി ഇന്ത്യ സന്ദര്‍ശിച്ച ചൗ എന്‍ ലായിയെ നെഹറുവിന്റെ ചെയ്തികള്‍ അലോസരപ്പെടുത്തി എന്നാണതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പത്രസമ്മേളനം നടത്താനുള്ള അനുവാദംപോലും നല്‍കിയില്ല. അവസാനം ഇന്ത്യയില്‍ നിന്നു പോകുന്നതിന് മുമ്പ് നെഹറുവിന്റെ നിര്‍ദ്ദേശങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് ചൗ എന്‍ ലായി സ്വന്തം നിലയില്‍ പത്രസമ്മേളനം വിളിച്ചുചേര്‍ക്കുകയും തന്റെ ഇംഗിതം വെളിപ്പെടുത്തുകയും ചെയ്തു.
ഹിന്ദീ ചീനി ഭായി ഭായി എന്ന പല്ലവി ഇരു രാഷ്ട്രങ്ങളുടേയും വിഹായസ്സില്‍ അലയടിച്ചിരുന്ന കാലഘട്ടത്തിലാണ് ഈ സംഭവം എന്നോര്‍ക്കണം. മക്മോഹന്‍ രേഖയായിരുന്നുവല്ലോ ഇരുരാജ്യങ്ങളും തോക്കെടുക്കാനുണ്ടായ പ്രധാന കാരണം. ഇത് രമ്യമായി പരിഹരിക്കലായിരുന്നു തന്റെ വരവിന്റെ ലക്ഷ്യം എന്ന് തെളിയിക്കാനായി ചൗ എന്‍ ലായി ബര്മ്മയില്വെച്ച് ബര്‍മ്മയും ചൈനയും തമ്മിലുള്ള അതിര്‍ത്തിതര്‍ക്കം രമ്യമായി പരിഹരിച്ചുകൊണ്ട് ലോകരാഷ്ട്രങ്ങള്‍ക്ക് വ്യക്തമായ സന്ദേശം കൊടുത്തു.
കുറെക്കൂടി മുന്നോട്ട് നടക്കുമ്പോള്‍ നാം എത്തിപ്പെടുന്നത് 1965 ലെ ഇന്ത്യാ പാക്കിസ്ഥാന് യുദ്ധരംഗത്താണ്. യുദ്ധത്തില്‍ നമുക്ക് അഭിമാനിക്കത്തക്ക വിജയം കൈവരിക്കാന്‍ കഴിഞ്ഞു എന്നത് തര്‍ക്കമറ്റ സംഗതിയാണ്. ഇതിന്റെ അന്തപ്പുരരഹസ്യം മറ്റൊന്നാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം കവചിതവാഹനങ്ങള്‍ വിന്യസിക്കുന്നതില്‍ അഗ്രഗണ്യനായിരുന്നു പരേതനായ ജനറല്‍ ചൗധരി. അദ്ദേഹത്തിന്റെ ഒരു രാജിഭീഷണി ആ യുദ്ധവിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് അണിയറ സംസാരം. വീണ്ടും മുന്നോട്ട് കുതിക്കുമ്പോള്‍ നാം എത്തിച്ചേരുന്നത് ശ്രീമതി ഇന്ദിരാഗാന്ധിയുടെ കാലത്താണ്. ഭാരതീയസേന മറ്റൊരു പ്രധാനമന്ത്രിക്ക് വേണ്ടിയും ഇത്രയധികം നേട്ടങ്ങള്‍ കൊയ്തെടുത്തിട്ടില്ല. പക്ഷെ സേനയെ ഇത്രയധികം ചതിച്ച മറ്റൊരു പ്രധാനമന്ത്രിയേയൂം ചരിത്രത്തില്‍ കാണാന്‍ കഴിയില്ല.
1971ലെ ഇന്ത്യാ പാക്കിസ്ഥാന് യുദ്ധത്തില്‍ ഭാരതീയ സേന കൊയ്തെടുത്ത നേട്ടങ്ങളോരോന്നും ചരിത്രത്തില്‍ സ്വര്‍ണ്ണ ലിപികളാല്‍ രേഖപ്പെടുത്തി വെക്കത്തക്ക പ്രാധാന്യമേറിയതാണ്. പക്ഷെ തിരിച്ച് സായുധസേനകള്‍ക്ക് ലഭിച്ചതെന്താണ്?
1973 വരെ സായുധസേനകള്‍ക്ക് ലഭിച്ചിരുന്നത് അടിസ്ഥാന ശമ്പളത്തിന്റെ 70 ശതമാനം പെന്‍ഷനായിരുന്നു. അത് വെട്ടിക്കുറച്ച് 50% ആക്കി. അന്നുയര്ത്തിയതാണ് നമ്മുടെ വിമുക്തഭടന്മാരുടെ ഒരേപദവിക്ക് ഒരേപെന്‍ഷന്‍ എന്ന ആവശ്യം. ഇന്നും വിമുക്തഭടന്മാര്ക്ക് സംതൃപ്തമായ ഒരു ഉത്തരവ് ഈ വിഷയത്തിലുണ്ടായിട്ടില്ല.
രാജീവ് ഗാന്ധിയേയാണ് നാം അതിനുശേഷം പ്രധാനമന്ത്രിക്കസേരയില്‍ കാണുന്നത്. ഇന്ത്യന്‍ പട്ടാളത്തിന്റെ മാത്രമല്ല രാഷ്ട്രത്തിന്റെ മൊത്തം അന്തസ്സ് കളഞ്ഞ് കുളിച്ച ഒരു പ്രധാനമന്ത്രിയാണ് രാജീവ്. ശ്രീലങ്കയിലേക്ക് പട്ടാളത്തെ അയക്കുകയും ദൗത്യം പൂര്‍ത്തിയാക്കാതെ തിരിച്ചുവിളിക്കുകയും ചെയ്തതിനുപുറമെ അവിടെപോയി സിലോണ്‍ നാവികനില്നിന്ന് അടിവാങ്ങുകയും ചെയ്തു.
അടുത്തത് 1999ലെ കാര്‍ഗില്‍ യുദ്ധമാണ്. അന്നുവരെ യുദ്ധരംഗത്ത് ജീവന് വെടിയുന്നവരുടെ ഭൗതീകശരീരം മരിക്കുന്നിടത്തുതന്നെ സംസ്കരിക്കലായിരുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയാണ് ആ സമ്പ്രദായം നിര്‍ത്തല്‍ ചെയ്ത്. രാഷ്ട്രത്തിനുവേണ്ടി ജീവന് വെടിയുന്ന ജവാന്മാരുടെ ഭൗതീകശരീരം അര്‍ഹിക്കുന്ന ആദരവുകളോടെ ജന്മനാട്ടിലെത്തിക്കുവാനും അവര്‍ക്ക് അന്തിമോപചാരങ്ങള്‍ അര്പ്പിക്കവാനും ഇന്ന് അവസരങ്ങളുണ്ട്. ശ്രീ വാജ്പായ് വിമുക്തഭടന്മാര്ക്കായി ചെയ്ത മറ്റൊരു മഹത്തായ കാര്യമാണ് സമഗ്രമായ ചികിത്സാപദ്ധതി. അതിനുമുമ്പ് വിമുക്തഭടന്മാര്ക്ക് ചികിത്സാ സഹായത്തിന് അര്‍ഹതയുണ്ടായിരുന്നില്ല.
തുടര്‍ന്ന് വന്ന രണ്ട് മന്‍മോഹന്‍സിങ് സര്‍ക്കാരുകളും സായുധസേനയുടേയോ വിമുക്തഭടന്മാരുടെയോ ക്ഷേമത്തിനായോ രാജ്യരക്ഷാ സംവിധാനത്തെ ദൃഢീകരിക്കുന്നതിനായൊ ഒന്നും ചെയ്തുകാണുന്നില്ല.
പിന്നീടാണ് നാം നരേന്ദ്രമോദിയുടെ കാലഘട്ടത്തിലെത്തുന്നത്. ചെയ്യുന്ന ജോലിയുടെ മഹത്വം ഒട്ടും ലഘൂകരിക്കാതെ പരമാവധി ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നൊരു പ്രധാനമന്ത്രിയെയാണ് നാം മോദിയില്‍ കാണുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം സാധാരണക്കാരുടെ ഇടയില്‍ വളരെ പ്രിയങ്കരനായി. ഇന്ത്യയില്‍ സുമാര്‍ 60% ജനങ്ങളും സാധാരണക്കാരാണ്. അടിച്ചുവാരുന്നവനും മണ്ണ് വെട്ടുന്നവനും മുതല്‍ പാന്കടയും ചായക്കടയും നടത്തുന്നവന് വരെയുണ്ട് അക്കൂട്ടത്തില്‍. താനും അതില്‍ ഒരാളാണെന്നം ചായ വിറ്റ് നടന്നിട്ടുണ്ടെന്നും പറയാന്‍ അദ്ദേഹത്തിന് ഒരു മടിയുമില്ല. ഇത് ഇന്ത്യയിലെ സാധാരണക്കാരന്റെ മനോവീര്യം എത്രത്തോളം ഉയര്‍ത്തിയിട്ടുണ്ടെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം. അധികാരത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷവും ദീപാവലി ആഘോഷിക്കാന്‍ അദ്ദേഹം അതിര്‍ത്തി പ്രദേശങ്ങളിലെ സേനാക്യാമ്പുകളിലെത്തുമായിരുന്നു. ഇത് സായുധസേനാംഗങ്ങളുടെ മനോവീര്യം എത്രത്തോളം ഉയര്‍ത്തിയിട്ടുണ്ടാവും?
ബാലാക്കോട്ടിലെ സൈനികനടപടിയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും നമ്മുടെ സേനയുടെ മനോവീര്യം ഉയര്‍ത്തുകയും ശത്രുവിന്റേത് തളര്‍ത്തുകയും ചെയ്തു. ശ്രദ്ധിക്കപ്പെടേണ്ട ശക്തിയാണു ഭാരതമെന്ന് അന്താരാഷ്ട്ര സമൂഹവും തിരിച്ചറിഞ്ഞിട്ടുണ്ട്. രാഷ്ട്രം ചില പ്രത്യേക സാഹചര്യങ്ങളിലൂടെ നീങ്ങുകയാണ്. വടക്കും, വടക്കുപടിഞ്ഞാറും, വടക്കുകിഴക്കും അതിര്‍ത്തികളില്‍ തീവ്രവാദികളും വിഘടനവാദികളും തമ്പടിച്ചിരിക്കുന്നു. ശ്രീലങ്കയില്‍ തീവ്രവാദികള്‍ സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞു. കേരളത്തിലും തമിഴ്നാട്ടിലും നിശ്ശബ്ദമായ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം സ്ഥിരീകരിച്ചു. ഈ സമയത്ത് രാഷ്ട്രത്തിനാവശ്യം അജയ്യമായ മനോബലത്തോടുകൂടിയ ഒരു സായുധസേനയും അതിനെ നയിക്കാന്‍ ചങ്കൂറ്റമുള്ളൊരു പ്രധാനമന്ത്രിയുമാണ്. ആ തിരഞ്ഞെടുപ്പില്‍ ഭാരതീയര്‍ വിജയിച്ചാല്‍ ഭാരതം ഭാവിയില്‍ ഒരു അജയ്യമായ ശക്തിയായി മാറും; തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: