അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മുപ്പതിനായിരം കളഭം ഇന്ന്. ചെമ്പകശ്ശേരി രാജ്യത്ത് അന്നുണ്ടായിരുന്ന മുപ്പതിനായിരം കുടുംബങ്ങളുടെ ക്ഷേമത്തിനായി ക്ഷേത്രത്തില്‍ തുടങ്ങിയ ചടങ്ങാണ് മുപ്പതിനായിരം കളഭം എന്നാണ് വിശ്വാസം. എടവമാസം ഒന്നാം തീയതി മുപ്പതിനായിരം കളഭത്തോടൊപ്പം ഉദയാസ്തമനപൂജയും രാജാവ് ചിട്ടപ്പെടുത്തിയിട്ടുണ്ട്. കളഭാഭിഷേകവും ഉദയാസ്തമനപൂജയും ഒരേ സമയം നടക്കുന്ന അപൂര്‍വ്വ ചടങ്ങുകൂടിയായി ഇതോടെ മുപ്പതിനായിരം കളഭം മാറും.
കളഭനാളില്‍ മുപ്പതിനായിരം കുടുംബങ്ങളിലേയും ഓരോ അംഗങ്ങള്‍ ക്ഷേത്രത്തില്‍ എത്തണമെന്ന കല്‍പ്പനയും അന്ന് രാജാവ് പുറപ്പെടുവിച്ചിരുന്നു. ഇത്രയും ആളുകള്‍ എത്തുമ്പോള്‍ അവര്‍ക്കു കുളിക്കാന്‍ പ്രത്യേകം കുഴിച്ച കുളമായിരുന്നു ഇന്ന് സര്‍ക്കാര്‍ നികത്തി കോളേജ് നിര്‍മ്മിച്ച പുത്തന്‍കുളം. കളഭ ദിവസം രാവിലെ ആനപ്പുറത്ത് പ്രഭാതശീവേലി നടക്കും. തുടര്‍ന്ന് പന്തീരടി പൂജയ്ക്കു ശേഷം തന്ത്രിമാരുടെ നേതൃത്വത്തില്‍ ശ്രീഭൂതബലി നടക്കും. ശ്രീഭൂതബലിയെ തുടര്‍ന്ന് ഉദയാസ്ഥമനപൂജ ആരംഭിക്കും. ഉദയാസ്തമനപൂജയില്‍ 18 പൂജകളാണ് ഉണ്ടാവുക. അതില്‍ ഒന്നാമത്തെ പൂജ ഇന്നലെ നടന്നു. തുടര്‍ന്ന് 17 പൂജകള്‍ പൂര്‍ത്തിയാക്കി ദേവന് കളഭം അഭിഷേകം ചെയ്യും.
കളഭാഭിഷേകത്തിന്റെ കളഭപൂജ രാവിലെ പത്തോടെ ആരംഭിക്കും. ചന്ദനം, പനിനീര്, പച്ചക്കര്‍പ്പൂരം, കുങ്കുമപ്പൂവ് എന്നിവയും ചേര്‍ത്ത് തയാറാക്കുന്ന കളഭം പൂജിക്കും. തന്ത്രി ശ്രീകോവിലെത്തി പീഠം പൂജിച്ചതിനു ശേഷം തന്ത്രിയുടെ അനുവാദത്തോടെ ക്ഷേത്രം കോയ്മസ്ഥാനി പാണി കൊട്ടിച്ച് കളഭം ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് ദേവന് അഭിഷേകം ചെയ്യും. വൈകിട്ട് ദീപാരാധനയോട് അനുബന്ധിച്ച് ചുറ്റുവിളക്കും ഉണ്ടാവും. രാത്രിയില്‍ 10 പ്രദക്ഷിണങ്ങളിലായി വിളക്കെഴുന്നള്ളിപ്പും ഉണ്ടാവും. ഗജരാജന്‍ അമ്പലപ്പുഴ വിജയകൃഷ്ണന് സ്വര്‍ണത്തിടമ്പേറ്റും. കളഭദിനമായ ഇന്ന് പാല്പായസ വിതരണത്തിനും സമയമാറ്റം ഉണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: