കോട്ടയം: കേരള കോണ്‍ഗ്രസ് (എം) താത്ക്കാലിക ചെയര്‍മാനായി പി.ജെ. ജോസഫിനെ തെരഞ്ഞെടുത്തു. പാര്‍ട്ടി പദവികള്‍ക്കായി നേതാക്കള്‍ പോര്‍മുഖം തുറന്നതോടെ വെടിനിര്‍ത്തലിന്റെ ഭാഗമായാണ് ജോസഫിന് ചെയര്‍മാന്റെ ചുമതല നല്‍കിയത്. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതുവരെ മാത്രമായിരിക്കും ജോസഫിന്റെ നിയമനം. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമാണ് തീരുമാനം പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
പി.ജെ. ജോസഫിനെ ഒതുക്കുന്നതിന്റെ ഭാഗമായി ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരുടെ പിന്തുണയോടെ ചെയര്‍മാനാകാന്‍ ജോസ് കെ. മാണി നടത്തിയ നീക്കം പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാക്കി. തുടര്‍ന്ന് നേതാക്കള്‍ അരയും തലയും മുറുക്കി ഇറങ്ങിയതോടെ കേരള കോണ്‍ഗ്രസ് പ്രതിസന്ധിയുടെ ആഴങ്ങളിലേക്ക് മുങ്ങി. അന്‍പത് വര്‍ഷം പാര്‍ട്ടിയുടെ നെടുംതൂണയായിരുന്ന കെ.എം. മാണിയുടെ മരണത്തിന് ശേഷം ഒരുമാസമായി പാര്‍ട്ടി അനാഥമാണ്.
മാണി മരിച്ച് ഒരുമാസമായിട്ടും ഇതുവരെ നേതൃയോഗം ചേരാനോ ഔദ്യോഗികമായി അനുസ്മരണം സംഘടിപ്പിക്കാനോ കഴിയാത്തവിധത്തില്‍ നേതാക്കള്‍ മാനസികമായി അകന്നു. കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നായതോടെ മുതിര്‍ന്ന നേതാവ് സി.എഫ്. തോമസിന്റെ അഭ്യര്‍ത്ഥനപ്രകാരം യുഡിഎഫ് നേതൃത്വം ഇടപെട്ടാണ് ജോസഫിനെ താത്ക്കാലിക ചെയര്‍മാനാക്കാന്‍ തീരുമാനിച്ചത്.
ചെയര്‍മാനായിരുന്ന കെ.എം. മാണിയുടെ മരണത്തിന് ശേഷം പാര്‍ട്ടി ചെയര്‍മാന്റെ ചുമതലകള്‍ കൈമാറിയിരുന്നില്ല. സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് വേണമായിരുന്നു ചുമതല കൈമാറേണ്ടത്. എന്നാല്‍, നേതാക്കള്‍ ഇരുചേരിയിലായതോടെ ഈ മാസം ഏഴിന് നിശ്ചയിച്ചിരുന്ന നേതൃയോഗവും മാറ്റി. മാണി കഴിഞ്ഞാല്‍ മുതിര്‍ന്ന നേതാവും വര്‍ക്കിങ് പ്രസിഡന്റുമായ പി.ജെ. ജോസഫിന് ചെയര്‍മാന്റെ ചുമതല നല്‍കുന്നതിനോട് ജോസ് കെ. മാണിക്കുള്ള എതിര്‍പ്പാണ് യോഗം നീണ്ടുപോകാന്‍ കാരണം.
ജോസഫിനെ സ്ഥിരമായി ചെയര്‍മാനാക്കാന്‍ ജോസ് കെ. മാണി സമ്മതിക്കാന്‍ സാധ്യത കുറവാണ്. ജോസഫ് വിഭാഗം ലയിച്ചപ്പോള്‍ ചെയര്മാന്, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എന്നീ സ്ഥാനങ്ങള്‍ തങ്ങള്‍ക്കാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് മാണി വിഭാഗം പറയുന്നത്.
മാണി മരിച്ച് ഒരുമാസം കഴിഞ്ഞപ്പോള്‍ അനുസ്മരണം
കോട്ടയം: കേരള കോണ്‍ഗ്രസിന്റെ നെടുംതൂണയായിരുന്ന കെ.എം. മാണി മരിച്ച് ഒരുമാസം കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയുടെ അനുസ്മരണം. നാളെ തിരുവനന്തപുരം മന്നം മെമ്മോറിയല്‍ ഹാളില്‍ വൈകിട്ട് നാലിനാണ് അനുസ്മരണം.
ഏപ്രില്‍ ഒമ്പതിനാണ് കെ.എം. മാണി അന്തരിച്ചത്. സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ചേരുകയോ ഔദ്യോഗികമായി അനുസ്മരിക്കുകയോ ചെയ്തില്ല. കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ യുവജനവിഭാഗം പാലായില്‍ അനുസ്മരണം നടത്തിയെങ്കിലും പ്രമുഖ നേതാക്കളൊന്നും പങ്കെടുത്തില്ല. യുവജനവിഭാഗം പ്രസിഡന്റ് സജി മഞ്ഞക്കടമ്പന് ജോസഫ് പക്ഷത്തേക്ക് നീങ്ങുന്നതായ സൂചനയെ തുടര്‍ന്നാണ് മാണിവിഭാഗം നേതാക്കള്‍ വിട്ടുനിന്നതെന്നാണ് സൂചന.
ചെയര്മാന് സ്ഥാനത്തിനായി ജോസ് കെ. മാണിയും പി.ജെ. ജോസഫും കരുക്കള്‍ നീക്കാന്‍ തുടങ്ങിയതോടെ നേതാക്കളും ചേരിതിരിഞ്ഞു. നേതാക്കള്‍ക്കിടയിലെ കടുത്ത ഭിന്നതയാണ് അനുസ്മരണം വൈകാന്‍ കാരണമായതെന്നാണ് അണികള്‍ സംശയിക്കുന്നത്.
പ്രതിസന്ധിക്ക് അയവു വരുത്താന്‍ ജോസഫിനെ താത്ക്കാലിക ചെയര്‍മാനാക്കിയ സംസ്ഥാന കമ്മിറ്റി അനുസ്മരണ പരിപാടിയും ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ഈ അനുസ്മരണത്തിന് ജോസഫ് വിഭാഗമാണ് മുന്‍കൈയെടുത്തതെന്ന പ്രചാരണവും ശക്തമാണ്. മാണിയുടെ രാഷ്ട്രീയ തട്ടകങ്ങളായ കോട്ടയത്തോ, പാലായിലോ പാര്‍ട്ടി എന്തുകൊണ്ട് ഔദ്യോഗികമായി അനുസ്മരണം സംഘടിപ്പിച്ചില്ലെന്ന ചോദ്യം അണികള്‍ ഉയര്‍ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: