പ്രതിപക്ഷ നിരകളില്‍ ആകെ വെപ്രാളമാണ്; ആകാശം ഇടിഞ്ഞു വീഴുന്ന പോലെയുള്ള പരിഭ്രാന്തി. എന്തോ വലിയ അപകടം സംഭവിക്കുന്നുവെന്ന തോന്നല്‍ അവരെ വേട്ടയാടിയിരിക്കുന്നു. കാരണം വ്യക്തം. 2019ല്‍ ഇനി ഒരു പ്രതീക്ഷക്കും വകയില്ലെന്ന് അവരൊക്കെ തിരിച്ചറിഞ്ഞിരിക്കുന്നു. കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടേ കാര്യമില്ല. പലര്‍ക്കും സംസ്ഥാനങ്ങളിലും പിടിവിടുമെന്ന അവസ്ഥയായി. എന്നാല്‍ മിനിമം മര്യാദ കാണിക്കണ്ടേ …….. അതാണിപ്പോള്‍ ഇല്ലാതാവുന്നത്. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെയോ ഏറ്റവും വലിയ സഖ്യത്തെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രപതിയെ സമീപിക്കാന്‍ വരെ അവര്‍ തയ്യാറാവുന്നു. വോട്ടെണ്ണല്‍ തടസപ്പെടുത്താനും നീക്കം. എന്തൊരു ഗതികേടാണ് ഈ പ്രതിപക്ഷ നേതാക്കള്‍ക്ക് ?
കോണ്‍ഗ്രസിനും മറ്റ് പ്രതിപക്ഷ കക്ഷികള്‍ക്കും ഇത്തവണ കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റി. സാധാരണ നിലക്ക് നരേന്ദ്ര മോദി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണം വിലയിരുത്തപ്പെടേണ്ട അവസരമായിരുന്നു. തങ്ങളുടെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സംഘടനാ യന്ത്രം മുഖേന ജനങ്ങളില്‍ എത്തിക്കാന്‍ ബിജെപിക്കും എന്‍ഡിഎക്കുമായി. പ്രതിപക്ഷം, ഇതിനുമുമ്പ് കണ്ടിട്ടില്ലാത്തവിധം, പ്രതിസന്ധിയിലാവുന്നതും കണ്ടു. സര്‍ക്കാരിനെതിരെ ഉപയോഗപ്പെടുത്താന്‍ അവര്‍ ആഗ്രഹിച്ചതൊന്നും വേണ്ടപോലെ ജനമധ്യത്തില്‍ കൊണ്ടുവരാന്‍ കഴിയാതെ വന്നാല്‍ ഫലം പറയേണ്ടതില്ലല്ലോ. ഏറ്റവുമൊടുവില്‍ 1984ലെ സിഖ് കൂട്ടക്കൊലയും അതില്‍ കോണ്‍ഗ്രസിനും രാജിവ് ഗാന്ധിക്കുമുള്ള പങ്കുമൊക്കെ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ എന്താണ് ഉണ്ടാവുന്നത് എന്നത് വിശദീകരിക്കേണ്ടതില്ല. സിഖ് കൂട്ടക്കൊലയെ ന്യായീകരിച്ച സാക്ഷാല്‍ സാം പിട്രോഡയെ പരസ്യമായി തള്ളിപ്പറയേണ്ട അവസ്ഥയിലേക്ക് കോണ്‍ഗ്രസ് എത്തി. ശരിയാണ്, 1984ല്‍ സിഖ് കൂട്ടക്കൊല നടന്നു, അതിനെന്താ ……. ‘ എന്നാണ് പിട്രോഡ എന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപിത ഉപദേഷ്ടാവ് പരസ്യമായി ചോദിച്ചത്. ‘ഞങ്ങള്‍ സിഖ് കൂട്ടക്കൊല നടത്തി, അതിനെന്താ….’ എന്നതല്ലേ ആ നേതാവ് ചോദിച്ചത്?. കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞതിന് പിന്നാലെ, ലജ്ജയില്ലാതെ, പിട്രോഡയും പരസ്യമായി ക്ഷമ ചോദിച്ചിട്ടുണ്ട്. എന്താണ് ആ സംഭവമുണ്ടാക്കിയ ആഘാതം എന്ന് അതില്‍നിന്നൊക്കെ വ്യക്തമാവുന്നുണ്ടല്ലോ. എന്നാല്‍ അതുകൊണ്ടൊന്നും ആറാം ഘട്ടത്തിലെ വോട്ടെടുപ്പിലോ അവസാന ഘട്ടത്തിലോ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഒരാള്‍ക്കുമാവില്ല. കോണ്‍ഗ്രസിനൊപ്പം നില്ക്കുന്ന മാറ്റ് കക്ഷികളുടെ അവസ്ഥയും ഭിന്നമൊന്നുമല്ല.
അത് മാത്രമല്ല, ഇന്ത്യന്‍ സൈന്യത്തിന്റെ ധീരമായ നടപടികളെ പുകഴ്ത്തുകയും പിന്തുണക്കുകയും ചെയ്ത നരേന്ദ്ര മോദിയെ ആക്ഷേപിക്കുകയും അതിന്റെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുക്കുകയും ചെയ്ത കോണ്‍ഗ്രസുകാര്‍ക്ക് ഐഎന്‍എസ് വിരാടുമായി വിദേശികളെയും കൊണ്ട് ലക്ഷദ്വീപില്‍ സുഖവാസത്തിന് പോയ രാജീവ് ഗാന്ധിയുടെ നടപടി ഉണ്ടാക്കിയ പ്രശ്നങ്ങള്‍ ചെറുതല്ല. അവിടെ സൈനികരെ ഈ വിദേശികളുടെ ശിപായിപ്പണിക്ക് നിയോഗിച്ചിരുന്നു എന്നും ‘വിരാടി’ല്‍ വിദേശികളടക്കം ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് വിലസുകയായിരുന്നു എന്നും മറ്റുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. മറ്റൊരു ഘട്ടം വോട്ടിങ്ങിന് രാജ്യം തയ്യാറെടുത്തപ്പോള്‍ ഇവിടെ നിറഞ്ഞുനിന്നത് ഈ സൈനിക ദുരുപയോഗവും സിഖ് കൂട്ടക്കൊലയുമാണ്. അതും ദല്‍ഹി, ഹരിയാന, ചണ്ഡീഗഢ് എന്നിവ വിധിയെഴുതുന്ന വേളയില്‍. അതിന്റ പ്രത്യാഘാതം പഞ്ചാബില്‍ എത്രത്തോളമെത്തും എന്നത് കണ്ടുതന്നെ അറിയണം. ഇതൊക്കെ പ്രതിപക്ഷ കക്ഷികളുടെ പ്രതീക്ഷകള്‍ നശിപ്പിച്ചില്ലെങ്കിലല്ലേ അതിശയമുള്ളൂ.
ഇതിനിടയിലാണ് മൂന്ന് പ്രശ്നങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചത്. അതിലൊന്ന് വോട്ടിങ് യന്ത്രം മുഴുവന്‍ തട്ടിപ്പാണ്, അതുകൊണ്ട് പഴയത് പോലെ ബാലറ്റിലേക്ക് മാറണം എന്നതാണ്. അത് സുപ്രീം കോടതി നിഷ്കരുണം തള്ളി. അതുകഴിഞ്ഞപ്പോള്‍ വിവിപ്പാറ്റ് സംബന്ധിച്ചായി പ്രശ്നം. വിവിപ്പാറ്റിനെ അംഗീകരിക്കാതിരിക്കാന്‍ കഴിയാത്ത പ്രതിപക്ഷം അതിന്റെ സ്ലിപ്പുകള്‍ മുഴുവന്‍ എണ്ണണം എന്ന് ആവശ്യമുന്നയിച്ചു. അങ്ങിനെ വന്നാല്‍ ബാലറ്റ് ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തുന്നതിന് തുല്യമാവുമല്ലോ. അതിനും അവര്‍ സുപ്രീം കോടതിയില്‍ പോയി. ഓരോ ബൂത്തിലെയും അഞ്ചുവീതം വിവിപ്പാറ്റ് സ്ലിപ്പുകള്‍ എണ്ണിയാല്‍ മതി എന്നായി കോടതി തീരുമാനം. അത് തിരഞ്ഞെടുപ്പ് കമ്മീഷനും അംഗീകരിച്ചു. പിന്നെ വീണ്ടും കോടതിയിലേക്ക്. വിവിപ്പാറ്റ് വിധി പുനഃപരിശോധിക്കാന്‍. ആ ഹര്‍ജി സുപ്രീം കോടതി പരിഗണനക്കെടുത്ത ദിവസം നാം മറ്റൊന്ന് കൂടി കണ്ടു. എന്‍ ചന്ദ്രബാബു നായിഡു, ഫാറൂഖ് അബ്ദുള്ള, ഡി. രാജ തുടങ്ങിയവരൊക്കെ അന്ന് കോടതി മുറിയിലെത്തി. കോടതിയെ സമ്മര്‍ദ്ദത്തിലാക്കാമെന്ന് അവര്‍ കരുതിയിരിക്കാം. എന്തെല്ലാം തരംതാണ അടവുകളാണ് അവര്‍ സ്വീകരിച്ചത് എന്ന് നോക്കൂ. എന്നാല്‍ റിവ്യൂ ഹര്‍ജിയും സുപ്രീം കോടതി തള്ളി. ഇവിടെ നാം ഓര്‍ക്കേണ്ടത്, മധ്യപ്രദേശ്, രാജസ്ഥാന് ഛത്തിസ്ഗഢ് തുടങ്ങിയ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇതേ വോട്ടിങ് യന്ത്രം ഉപയോഗിച്ചാണ് നടത്തിയത്. അവിടെ കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ യന്ത്രമൊക്കെ ‘ഓക്കേ’; തോല്‍ക്കുമെന്ന് തീര്‍ച്ചയായപ്പോള്‍ യന്ത്രത്തെ പഴിക്കാന്‍ മുന്‍കൂര്‍ തയ്യാറെടുപ്പ് നടത്തുന്നു.
രണ്ട് നീക്കങ്ങള്‍ കൂടി പ്രതിപക്ഷം പ്ലാന്‍ ചെയ്യുന്നുണ്ട്. അതിലൊന്ന്, നേരത്തെ സൂചിപ്പിച്ചത് പോലെ, രാഷ്ട്രപതിയെ കണ്ട് ഒരു ‘സുപ്രധാന നിവേദനം’ നല്‍കലാണ്. ‘തിരഞ്ഞെടുപ്പും വോട്ടെണ്ണലും കഴിയുമ്പോള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെയോ ഏറ്റവും വലിയ മുന്നണിയെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കരുത്. ഞങ്ങള്‍ ഇപ്പുറത്ത് അതിനേക്കാള്‍ കൂടുതല്‍ പാര്‍ട്ടികളുണ്ട്…… 21 പാര്‍ട്ടികള്‍; ഞങ്ങള്‍ പറയും ആരാണ് പ്രധാനമന്ത്രി ആവേണ്ടത് എന്ന്. അയാളെയേ രാഷ്ട്രപതി വിളിക്കാവൂ’. ആലോചിച്ചുനോക്കൂ, എന്തൊരു ലജ്ജാകരമായ നീക്കമാണിത്. അതൊക്കെ അനുസരിക്കാന്‍ രാഷ്ട്രപതിഭവനിലിരിക്കുന്നത് സോണിയ ഗാന്ധിയുടെ ജോലിക്കാരിയാണോ? പ്രതിഭ പാട്ടില്‍ ഒന്നുമല്ലല്ലോ ഇപ്പോള്‍ രാഷ്ട്രപതി. ഇവിടെ അവര്‍ കരുതുന്നത് എന്‍ഡിഎക്ക് ലോകസഭയില്‍ ഭൂരിപക്ഷം കിട്ടില്ല എന്നാവണം. മറിച്ച് ബിജെപിക്ക് തന്നെ ഭൂരിപക്ഷം കിട്ടുന്ന അവസ്ഥയാണ് രാജ്യത്തുള്ളത് എന്നത് തിരിച്ചറിയാന്‍ അവര്‍ ശ്രമിക്കുന്നേയില്ല. സ്വപ്നം കാണുകയാണിവര്‍ …… അത് 23 വരെ തുടരാം.
ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്താണ് ഗവര്‍ണറും രാഷ്ട്രപതിയും ചെയ്യേണ്ടത് എന്നത് സര്‍ക്കാരിയാ കമ്മീഷന് വ്യക്തമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എസ്ആര്‍ ബൊമ്മെ കേസില്‍ സുപ്രീം കോടതിയും അത് ഓര്‍മ്മിപ്പിച്ചു. അതാണ് ഇന്നിപ്പോള്‍ നാട്ടിലെ നിയമം. അത് ഇങ്ങനെയാണ്:
1. തിരഞ്ഞെടുപ്പിന് മുന്‍പ് നിലവില്‍ വന്ന സഖ്യം. 2. ഏറ്റവും വലിയ ഒറ്റക്കക്ഷി മറ്റുള്ളവരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചാല്‍. 3. തിരഞ്ഞെടുപ്പിന് ശേഷം രൂപമെടുക്കുന്ന കൂട്ടുകെട്ട്; എല്ലാ കക്ഷികളും ഭരണത്തില്‍ പങ്കാളിയാവുമെന്ന വ്യവസ്ഥയില്‍. 4. തിരഞ്ഞെടുപ്പിന് ശേഷമുണ്ടാവുന്ന കൂട്ടുകെട്ട്; അതില്‍ ചില കക്ഷികള്‍ സര്‍ക്കാരില്‍ പങ്കാളിയാവുകയും മറ്റുചിലര്‍ പുറമെ നിന്ന് പിന്താങ്ങുകയും ചെയ്യുന്ന അവസ്ഥ.
ഇനി ഏതെങ്കിലും പ്രതിസന്ധി വന്നാല്‍ ഇത് രാഷ്ട്രപതിക്ക്, മേല്‍ സൂചിപ്പിച്ച വ്യവസ്ഥകള്‍ പരിഗണിക്കാതെ പറ്റില്ലല്ലോ. അങ്ങനെ വരുമ്പോള്‍ പ്രതിപക്ഷത്തിന് മൂന്നാമത്തെ സാധ്യതയെ ഉള്ളു. ഇവര്‍ 21 പാര്ട്ടിക്കാര് ഒരു സ്റ്റേജില്‍ കയറിനിന്ന് കയ്യുയര്‍ത്തിയിട്ടുണ്ടാവാം. പക്ഷെ അവര്‍ തിരഞ്ഞെടുപ്പിന് മുന്‍പ് സഖ്യമുണ്ടാക്കിയിട്ടില്ല. പലയിടത്തും പരസ്പരം മത്സരിക്കുകയും ചെയ്തു. അതുകൊണ്ട് അവരെ ഒരിക്കലും പ്രീ- പോള്‍ സഖ്യമായി കാണാനേ കഴിയില്ല. സാഹചര്യങ്ങള്‍ പ്രതികൂലമാണ് എന്ന് ബോധ്യമുള്ളത് കൊണ്ടാണ് കള്ളത്തരവുമായി രാഷ്ട്രപതിയെ കാണാന്‍ പോകുന്നത്.
ഇതിന് പുറമെയാണ് ഇന്നത്തെ ഭരണ കക്ഷിക്കാര്‍ ശ്രദ്ധിക്കേണ്ട ഒരു പ്രശ്നമുള്ളത്. തോല്‍ക്കുമെന്ന് ഉറപ്പുള്ള ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണ് പ്രതിപക്ഷത്തിന്റെ ആലോചന. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു വിവാദമുണ്ടാക്കും, പരാതി നല്‍കും. അതില്‍ തീരുമാനമെടുക്കേണ്ടത് റിട്ടേണിംഗ് ഓഫീസര്‍മാരാണ്. അവരെയും ചിലയിടങ്ങളില്‍ തങ്ങള്‍ക്കൊപ്പം നിര്‍ത്താനാവുമെന്ന് അവര്‍ കരുതുന്നുണ്ടാവണം. ‘ശിവഗംഗ മോഡല്‍’ ആവണം ഉദ്ദേശിക്കുന്നത്. അങ്ങിനെ ഫല പ്രഖ്യാപനം വൈകിപ്പിക്കുക. അട്ടിമറിശ്രമങ്ങള്‍ പരിശോധിക്കുക. എന്തിനും അവര്‍ തയ്യാറാവും. അധികാരം നഷ്ടപ്പെടുമ്പോള്‍ ചിലര്‍ക്കു ഭ്രാന്ത് പിടിക്കുന്നത് പോലെയാവുമോ ആവോ?
രാജ്യം കാത്തിരിക്കുകയാണ്, നരേന്ദ്ര മോദിയുടെ വിജയം ആഘോഷിക്കാന്‍; അതിനൊപ്പം പ്രതിപക്ഷ കക്ഷികളുടെ ആ ഭീകര തോല്‍വി കാണാനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: