ആലപ്പുഴ: ആരോഗ്യമന്ത്രി കെ. കെ. ശൈലജയ്ക്കെതിരെ സമൂഹമാധ്യമത്തിലൂടെ വിമര്‍ശനം ഉന്നയിച്ച് സിപിഎം വനിതാ എംഎല്‍എ. കായംകുളം എംഎല്‍എ യു. പ്രതിഭയാണ് ശെലജയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ തന്നെ അവര്‍ക്കെതിരെ കമന്റ് ചെയ്തത്. മന്ത്രിക്കെതിരായ തന്റെ നിലപാടുകള്‍ പരസ്യമാക്കിയതിനെതിരെ പ്രതിഭയ്ക്കെതിരെയും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
സ്വന്തം മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടതിനാലാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ച് എംഎല്‍എ മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം.
എട്ട് ജില്ലാ ആശുപത്രികള്‍ക്കും രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്കും കാത്ത്ലാബ് അനുവദിച്ചത് സംബന്ധിച്ച മന്ത്രിയുടെ പോസ്റ്റിനാണ് സിപിഎം എംഎല്‍എയായ പ്രതിഭ മറുപടി പറഞ്ഞത്. കായംകുളം താലൂക്ക് ആശുപത്രിയെയും കേരള ഹൗസിങ് ബോര്‍ഡിനെയും എസ്പിവി ആക്കാന്‍ താന്‍ സമര്‍പ്പിച്ച വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തള്ളിയതിനെയാണ് പ്രതിഭ വിമര്‍ശിക്കുന്നത്.
രണ്ടായിരത്തിനടുത്ത് രോഗികള്‍ വരുന്ന ദേശിയപാതയോരത്തെ കായംകുളം താലൂക്ക് ആശുപത്രിക്കും പരിഗണന നല്‍കണമെന്നാണ് പ്രതിഭ ആവശ്യപ്പെടുന്നത്.
താന്‍ അങ്ങേയറ്റം ആക്ഷേപം കേള്‍ക്കുന്നുണ്ടെന്നും തങ്ങളെ പോലുള്ള എംഎല്‍എമാര്‍ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചാരണം വേദനയുണ്ടാക്കിയെന്നും പ്രതിഭ ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ക്കും അഭിനന്ദനം കിട്ടാന്‍ ആഗ്രഹമുണ്ടെന്നും പ്രതിഭ വ്യക്തമാക്കുന്നു.
പാര്ട്ടിഘടകങ്ങളിലോ, ഔദ്യോഗികമായി മന്ത്രിയെ നേരില്‍ കണ്ടോ തന്റെ മണ്ഡലത്തിലെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കാതെ പ്രതിപക്ഷ എംഎല്‍എമാര്‍ പോലും ചെയ്യാത്ത രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ സിപിഎം എംഎല്‍എ പ്രതികരിച്ചത് പാര്‍ട്ടിയെ പോലും വെട്ടിലാക്കുന്നതാണെന്നും വിമര്‍ശനം ഉയരുന്നു. നേരത്തെയും പല കാര്യങ്ങളിലും സമുഹമാധ്യമങ്ങളൂടെ പ്രതികരിച്ച് പ്രതിഭ വിവാദത്തിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: