ആലപ്പുഴ: മെട്രോമാന് ഇ. ശ്രീധരനെ അപമാനിച്ച് പടിക്ക് പുറത്താക്കിയവരും, മലേഷ്യന്‍ കമ്പനിയായ പതിബെല്‍ പ്രൊജക്റ്റ് എന്‍ജിനീയര്‍ ലീ ബീന്‍ സീനിനെ കൊലയ്ക്ക് കൊടുത്തവരും റോഡ് വികസനത്തിന്റെ പേരില്‍ മുതലക്കണ്ണീര് ഒഴുക്കുന്നത് പരിഹാസ്യമാകുന്നു. പൂര്‍ത്തിയായ പണിയുടെ പണം പോലും നല്‍കാതെ പീഡിപ്പിച്ച് ലീ ബീന്‍ സീനെ കൊലയ്ക്ക് കൊടുത്തുവരാണ് മറ്റുള്ളവരെ സാഡിസ്റ്റെന്ന് പരിഹസിച്ച് മേനി നടിക്കുന്നത്.
പ്രളയത്തില്‍ സകലതും നഷ്ടപ്പെട്ടവരുടെ ഭൂമി ഏറ്റെടുക്കുന്നതിന് കുറച്ചു ദിവസം സാവകാശം വേണമെന്ന് അഭ്യര്‍ത്ഥിച്ചതിനാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന് പിള്ളയെ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും അപമാനിക്കുന്നത്. കേരളത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയാറായവരോട് ഇടതുസര്‍ക്കാര്‍ കാണിക്കുന്ന ക്രൂരതയുടെ സാക്ഷ്യപത്രമാണ് ഇ. ശ്രീധരനും ലീ ബീന്‍ സീനിനും ഉണ്ടായ ദുരനുഭവം.
എംസി റോഡ് നവീകരണം ഏറ്റെടുത്ത പതിബെല്‍ പ്രോജക്റ്റ് എന്‍ജിനീയര്‍ മലേഷ്യക്കാരനായ ലീ ബീന്‍ സീന്‍ അന്നത്തെ ഇടതുസര്‍ക്കാരിന്റെ ധാര്ഷ്ട്യത്തില് മനംനൊന്ത് ജീവനൊടുക്കിയത് 2006 നവംബര്‍ 17നായിരുന്നു. തോമസ് ഐസക്കായിരുന്നു അന്നു ധനമന്ത്രി
പൂര്‍ത്തിയായ ജോലികളുടെ ബില്‍ തുകപോലും അനുവദിക്കാതെ ഉദ്യോഗസ്ഥര്‍ ലീയെ വട്ടംകറക്കി. ഉദ്യോഗസ്ഥര്‍ സ്ഥലം ഏറ്റെടുക്കാതെ ജോലികള്‍ താമസിപ്പിച്ചതിന്റെ ഉത്തരവാദിത്വവും ലീയുടെ തലയിലായി. ബില്‍ തുകയായ 16 കോടിക്കായി പലവട്ടം സര്‍ക്കാരിലെ ഉന്നതരുടെ മുന്നില്‍ കെഞ്ചി. വേതനം ലഭിക്കാതെ വന്നപ്പോള്‍ ജീവനക്കാര്‍ ലീ യെ ദേഹോപദ്രവം ചെയ്യുമെന്ന സ്ഥിതിവന്നു. ഇതോടയാണ് ലീ ഒരുമുഴം കയറില്‍ ജീവനൊടുക്കിയത്.
സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയിലൊന്നായ ലൈറ്റ്മെട്രോ പദ്ധതിയുടെ പേരിലാണ് മുഖ്യമന്ത്രി പിണറായി വിജയനും. പൊതുമരാമത്ത് മന്ത്രിയും ഇ. ശ്രീധരനെ അധിക്ഷേപിച്ചത്. ഇനി ആവശ്യപ്പെട്ടാലും പദ്ധതിയിലേക്കില്ല എന്ന് അദ്ദേഹത്തെക്കൊണ്ട് പറയിപ്പിച്ചതിന്റെ ഉത്തരവാദികള്‍ ഇരുവരുമായിരുന്നു. വികസനത്തിലും ഗതാഗതക്കുരുക്കിലും ബുദ്ധിമുട്ടുന്ന തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും ജനങ്ങള്‍ പ്രതീക്ഷയോടെ കണ്ട ഒരു പദ്ധതി സ്വപ്നമായിത്തന്നെ അവശേഷിക്കാന്‍ കാരണക്കാരായവരാണ് യാത്രാക്കുരുക്കില്‍ വലയുന്ന സാധാരണക്കാരുടെ പേരില്‍ മുതലക്കണ്ണീര് ഒഴുക്കുന്നത്.
ശ്രീധരനെ ഒഴിവാക്കാന്‍ ശ്രമിച്ചതിനു പിന്നിലെ കാരണങ്ങള്‍ പുറത്തുവരേണ്ടതുണ്ട്. എന്തിനേയും എതിര്‍ക്കുന്ന കേരളം പോലൊരു സ്ഥലത്ത് മെട്രോ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി ഓടുന്നതില്‍ ഒന്നാമത് കടപ്പെട്ടിരിക്കുന്നത് ശ്രീധരനോടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: