നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറും എന്ന് പറയുമ്പോള്‍ പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്; ‘എങ്ങിനെ അത് സാധ്യമാവും?’. അവരുമിവരും പറയുന്നത് കേട്ടിട്ട് ഉന്നയിക്കുന്ന ചോദ്യങ്ങളാണ്; 2014-ല്‍ മോദിയെ അധികാരത്തിലേറ്റിയത് പ്രധാനമായും ഉത്തര്‍പ്രദേശാണ്; അവിടെനിന്ന് 73 സീറ്റുകള്‍ ബിജെപിക്ക്/എന്‍ഡിഎക്ക് ലഭിച്ചു. ഇത്തവണ മോദിയെയും ബിജെപിയെയും തകര്‍ക്കാന്‍ കഴിയുമാറ് യുപിയില്‍ മായാവതിയും മുലായം സിങ് യാദവുമൊക്കെ കൈകോര്‍ത്തിരിക്കുകയല്ലേ. പിന്നെങ്ങിനെ അവിടെ പഴയ വിജയം മോദിക്ക് ആവര്‍ത്തിക്കാന്‍ കഴിയും?. അവിടെ നഷ്ടമാവുന്ന സീറ്റുകള്‍ക്ക് പകരം എവിടെനിന്ന് അവര്‍ക്ക് കരസ്ഥമാക്കാന്‍ സാധിക്കും ?. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഇപ്പോള്‍ കോണ്‍ഗ്രസ് ഭരണമല്ലേ… അവിടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടതല്ലേ; പിന്നെങ്ങിനെ അവിടെ മേല്‍ക്കൈ നേടാന്‍ സാധിക്കും?. അതൊക്കെതന്നെയാണ് ഇവിടെ വിശകലനം ചെയ്യപ്പെടുന്നത്.
ഇത് കുറിക്കാനിരിക്കുമ്പോഴും ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ ഒരു അഭിമുഖം കണ്ടു; ഇത്തവണയും ബിജെപി യുപിയില്‍ എഴുപതോളം സീറ്റുകള്‍ നേടുമെന്നാണ് അദ്ദേഹം പറയുന്നത്. 2014 ലെയും 2017 ലേയും വോട്ടിന്റെ കണക്ക് വെച്ചുകൊണ്ടാണ് പലരും യുപിയെ വിലയിരുത്തുന്നത്. അത് പരിഗണിച്ചാല്‍ തന്നെ, എസ്പി-ബിഎസ്പി സഖ്യത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിക്ക് ചുരുങ്ങിയത് 40 മണ്ഡലങ്ങളില്‍ വിജയിക്കാനാവും. മഹാഗദ്ബന്ധനേക്കാള്‍ വോട്ട് അത്രയും മണ്ഡലങ്ങളില്‍ ബിജെപിക്കുണ്ട് അല്ലെങ്കില്‍ ഉണ്ടാക്കാനാവും. ചിലയിടങ്ങളിലുള്ള ചെറിയ വ്യത്യാസങ്ങള്‍ ശക്തമായ പ്രചാരണത്തിലൂടെയും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലൂടെയും പരിഹരിക്കാനാവുമെന്നാണ് ആദ്യമേതന്നെ ബിജെപിയുടെ തിങ്ക് ടാങ്ക് വിലയിരുത്തിയിരുന്നത്. എന്നാല്‍ ഒന്നാം ഘട്ടം വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ ചിത്രം മാറി, അല്ലെങ്കില്‍ കാര്യങ്ങള്‍ വ്യക്തമായി.
ഗദ്ബന്ധന്‍ ഒക്കെ ഉണ്ടെങ്കിലും ആ പാര്‍ട്ടികള്‍ക്ക് പരസ്പരം വോട്ട് കൈമാറാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായിരിക്കുന്നു. അതിന് രണ്ട് കാരണങ്ങളുണ്ട്; ഒന്ന് പരസ്പരം മല്ലിട്ട് നിന്നിരുന്ന രണ്ട് കക്ഷികളുടെയും താഴെ തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് ഒന്നിച്ചുനീങ്ങാന്‍ മനസുകൊണ്ട് കഴിയാത്ത അവസ്ഥ. മറ്റൊന്ന്, യുപിയില്‍ സാധാരണ കാണാറുള്ള ജാതീയമായ വേര്‍തിരിവ്. മുലായം സിംഗിനൊപ്പം നില്ക്കുന്ന യാദവന്മാര്, ഒബിസി-മുസ്ലിം വോട്ടര്‍മാര്‍ക്ക് മായാവതിയുടെ വോട്ട് ബാങ്കായ പട്ടികജാതി-പിന്നാക്ക ആള്‍ക്കാര്‍ക്ക് വോട്ട് നല്കാനാവുന്നില്ല. അതുപോലെ തന്നെയാണ് തിരിച്ചും. പരസ്പരം വിശ്വാസം ഇല്ലാത്ത സ്ഥിതി. നേതാക്കള്‍ ഒന്നിച്ച് വേദിയില്‍ വന്നത് കൊണ്ടും പ്രസംഗിച്ചതുകൊണ്ടും മാത്രം ഒരു സഖ്യമോ വോട്ട് കൈമാറ്റമോ സാധ്യമാവുകയില്ല എന്ന് അവര്‍ യുപിയില്‍ കാണിച്ചുതരികയാണ്. യഥാര്‍ഥത്തില്‍ ഈ വിഭാഗങ്ങളെ പരസ്പരം അകറ്റിയത് അവര്‍ തന്നെയാണ്; അവരെയൊക്കെ അകറ്റിനിര്‍ത്തിക്കൊണ്ട് വോട്ട് ബാങ്ക് സൃഷ്ടിച്ചവരാണിവര്‍. അതായിരുന്നുവല്ലോ അവരുടെ രാഷ്ട്രീയം. ഈ നേതാക്കളെ ആശ്രയിക്കുന്ന സമുദായങ്ങള്‍, ജാതികള്‍ അത്രയേറെ പരസ്പരം അകന്നുകഴിഞ്ഞിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. അന്ന് തമ്മിലടിച്ചിരുന്ന നേതാക്കള്‍ ഒന്നിച്ചത് കൊണ്ട് വോട്ട് ഒന്നിപ്പിക്കാന്‍ കഴിയാത്ത സ്ഥിതി ഉണ്ടായിരിക്കുന്നു. വെറും പത്ത് ശതമാനം പേര്, ജാതിസമവാക്യങ്ങള്‍ മറന്ന്, വോട്ട് ചെയ്യാന്‍ തയാറാവാതിരുന്നാല്‍ ഗദ്ബന്ധന്റെ വോട്ട് വിഹിതം 40 ശതമാനത്തിന് താഴേക്ക് പോകും. ബിജെപിക്ക് അവിടെ നിലവില്‍ ഏറ്റവും ചുരുങ്ങിയത് 42 ശതമാനം വോട്ടുണ്ട്; മോദിയുടെയും അമിത്ഷായുടെയും പ്രചാരണങ്ങള്‍ കൊണ്ടുണ്ടായ വര്‍ദ്ധനവ് വേറെയും. അതായത് ബിജെപി വോട്ട് വിഹിതം 44-45 ശതമാനമാവും എന്ന് വിലയിരുത്തല്‍. ഇതാണ് അവിടെ നടക്കുന്നത് എന്നത് ആദ്യഘട്ട പോളിങ് കഴിഞ്ഞപ്പോള്‍ വ്യക്തമായിട്ടുണ്ട്.
വേറൊന്ന് സമാജ്വാദി പാര്‍ട്ടിയിലെ ഭിന്നതകളാണ്. പ്രഗതിശീല് സമാജ്വാദി പാര്‍ട്ടിയുമായി മുലായമിന്റെ കുടുംബത്തില്‍ തന്നെയുള്ള ശിവപാല്‍ യാദവ് ആ കേന്ദ്രങ്ങളില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. വിജയിക്കുമോ എന്ന് പറഞ്ഞുകൂടെങ്കിലും അഖിലേഷിന്റെ പത്നി കനൗജ്, അസംഖാന് മത്സരിക്കുന്ന രാംപൂര്‍ എന്നിവിടങ്ങളില്‍ അത് കാണാനാവും. ഫിറോസാബാദില്‍ രാംഗോപാല്‍ യാദവിന്റെ മകനെതിരെയാണ് ശിവപാല്‍ യാദവ് മത്സരിക്കുന്നത്. ഇതൊരു കുടുംബകലഹം എന്നതിലുപരി ഗദ്ബന്ധനില്‍ തന്നെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതിനൊക്കെ പുറമെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍. അതും ബിജെപിയെക്കാളേറെ ബാധിക്കുക ഗദ്ബന്ധനെയാണല്ലോ.
വേറൊന്ന്, ഇതിനൊക്കെയിടയില്‍, ജാതിക്കതീതമായി സമാജത്തില്‍ ഇറങ്ങിച്ചെല്ലാന്‍ ബിജെപിക്ക് കഴിയുന്നു എന്നതാണ്. അതിന് കാരണം, ഒന്ന്, ബിജെപിയുടെ ശക്തമായ അടിത്തറതന്നെ; അവര്‍ അവിടെ അവര്‍ക്കിടയില്‍ നിരന്തരം പ്രവര്‍ത്തിച്ചുവരികയുമാണ്. വേറൊന്ന് യുപിസര്‍ക്കാരിന്റെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍; മൂന്ന്, എല്ലാത്തിലുമുപരി, നരേന്ദ്രമോദി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികളുടെ വിജയകരമായ നടത്തിപ്പ്. ഇതൊക്കെ ചേര്‍ത്ത് വെക്കുമ്പോള്‍ മറുപക്ഷത്തുള്ള പലരുടെയും കണക്കുകൂട്ടലുകള്‍ തെറ്റും. അതാണ് ബിജെപിയുടെ ഇപ്പോഴത്തെ ആത്മവിശ്വാസം. ശരിയാണ്, അമിത്ഷാ പറയുന്നുണ്ടെങ്കിലും, കഴിഞ്ഞതവണ കിട്ടിയ 73 സീറ്റുകള്‍ ബിജെപിക്ക് ഇത്തവണ യുപിയില്‍ ലഭിക്കില്ലായെന്ന് പറഞ്ഞവര്‍ ആശ്വസിക്കട്ടെ… എന്നാല്‍ അത് 65-ല്‍ കുറയില്ല, തീര്‍ച്ച. യുപിയുടെ കാര്യം ആദ്യമേ സൂചിപ്പിച്ചത്, അത് തീരുമാനമായാല്‍ കുറേപ്പേരുടെ ആശങ്ക തീരുമല്ലോ.
യുപിയെപ്പോലെ തന്നെ ബിജെപിക്ക് ഇത്തവണ പ്രധാനമാണ് പശ്ചിമ ബംഗാള്‍. പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല എന്ന് മമത ബാനര്‍ജി ദിവസത്തില്‍ നാലുവട്ടം പറയുന്നത് കാല്‍ക്കീഴിലെ മണ്ണ് ഒഴുകിപ്പോകുന്നു എന്നത് അറിഞ്ഞുകൊണ്ടുതന്നെയാണ്. അവിടെ കോണ്‍ഗ്രസ് നാമാവശേഷമാവുകയാണ്; അതിനേക്കാള്‍ വേഗതയിലാണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ തകരുന്നത്. ആ രാഷ്ട്രീയസാഹചര്യം അനുകൂലമാവുന്നത് ബിജെപിക്കാണ്. 2014-ല്‍ തന്നെ ഏതാണ്ട് 13 ലോകസഭാ മണ്ഡലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ജയിച്ചത് ബിജെപി-സിപിഎം-കോണ്‍ഗ്രസ് എന്നിവക്കിടയില്‍ വോട്ടുകള്‍ വിഭജിച്ചത് കൊണ്ടാണ്. ടിഎംസി 28%, ബിജെപി 24%, ഇടത് പാര്‍ട്ടികള്‍ 22% എന്നിങ്ങനെയായിരുന്നു ഏതാണ്ട് വോട്ടു കിട്ടിയത്. അതില്‍ ഇടത് പാര്‍ട്ടികള്‍ വളരെയേറെ ക്ഷീണിച്ചുകഴിഞ്ഞു; കോണ്‍ഗ്രസും ഏതാണ്ടൊക്കെ സമാനമായ സ്ഥിതിയിലാണ്…. ആ വോട്ട് വന്നുചേരുന്നത് ബിജെപിയിലേക്കാണ്. വെറും എട്ടോ ഒന്‍പതോ ശതമാനം ഇടത്-കോണ്‍ഗ്രസ് വോട്ടുകള്‍ ഇങ്ങോട്ട് മാറിയാല്‍ പോലും അവിടെ ബിജെപിക്ക് ജയം ഉറപ്പാണ്. എന്നാല്‍ അതിനൊക്കെയപ്പുറമാണ് ഇപ്പോഴത്തെ സാഹചര്യം. അത് മോദിയുടെയും അമിത്ഷായുടെയും റാലികള്‍ ദര്‍ശിച്ചവര്‍ക്ക് ബോധ്യവുമാണ്. അത്രമാത്രം വലിയ ജനപിന്തുണ അവിടെ അവര്‍ക്ക് ആര്‍ജിക്കാനായിട്ടുണ്ട്. എട്ട് സീറ്റുകള്‍ അവിടെ ബിജെപി ജയിക്കുമെന്ന് പറയുന്നത് കടുത്ത മോദിവിരുദ്ധരാണ്; അതായത് അതിനൊക്കെ അപ്പുറമാണ് കാര്യങ്ങള്‍. ഒരുപക്ഷെ ഇത്തവണ 20 സീറ്റുകള്‍ക്കപ്പുറം ബംഗാളില്‍ ബിജെപി നേടിയാല്‍ അതിശയിക്കാനില്ല.
മഹാരാഷ്ട്രയില്‍ 40-43 സീറ്റുകള്‍ എന്‍ഡിഎക്ക് ഉറപ്പാണ് എന്ന് തിരഞ്ഞെടുപ്പ് വിദഗ്ധര്‍ വിലയിരുത്തുന്നു. ബീഹാറില്‍ 36 സീറ്റുകള്‍, തമിഴ്നാട്ടില്‍ 18-20, കര്‍ണാടകത്തില്‍ 18-20. അതായത് ഈ നാല് സംസ്ഥാനങ്ങളില്‍നിന്ന് ഏറ്റവും ചുരുങ്ങിയത് 115 സീറ്റുകള്‍ ഉറപ്പ്. ഇനി ഭൂരിപക്ഷത്തിന് വേണ്ടത് 157-160 സീറ്റുകള്‍. അത് അത്ര പ്രയാസകരമല്ല തന്നെ. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒറീസ എന്നിവിടങ്ങള്‍ വിചാരിച്ചതിലധികവും അനുകൂലമാണ്. വടക്ക് കിഴക്കന്‍ മേഖലയിലും വേറെ വലിയ പ്രതിയോഗികള്‍ അവര്‍ക്കില്ല.
വേറെ ചില കണക്കുകള്‍കൂടി ഇതിനൊപ്പം ചേര്‍ത്ത് വെക്കേണ്ടതായുണ്ട്. അത് ദേശീയ തലത്തിലെ കണക്ക് പുസ്തകമാണ്… 2014 ല്‍ ബിജെപി തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ അതിനുണ്ടായിരുന്നത് നാല് കോടിയോളം അംഗങ്ങളാണ്; ഇന്നത് 12 കോടിയോളമാണ്. 2014ല്‍ ബിജെപിക്ക് ലഭിച്ചത് 17.16 കോടി വോട്ടാണ്; ഇത്തവണ അത് ഏറ്റവും ചുരുങ്ങിയത് 25 കോടിയായി ഉയരും. 2014ല്‍ ബിജെപിക്ക് ജനങ്ങള്‍ക്ക് മുന്നില്‍ വെക്കാന്‍ നരേന്ദ്രമോദി മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് മോഡിസര്‍ക്കാര്‍ അഞ്ചുവര്‍ഷം നടത്തിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളുണ്ട്… അതിന്റെ പ്രയോജനം നേടിയവരുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷം മോദിസര്‍ക്കാര്‍ ചെയ്തതിന്റെ ഒരു ചെറു കണക്കാണിത്. സാധാരണക്കാര്‍ക്ക് അഞ്ച് കോടി വീടുകള്‍, 63 കോടി വസതികളില്‍ വൈദ്യുതി എത്തിച്ചു, ഏഴ് കോടി വീടുകളില്‍ എല്‍പിജി കണക്ഷനുകളെത്തി, ഒന്‍പത് കോടി വീടുകള്‍ക്ക് ടോയ്ലെറ്റുകള് നല്കി, പത്ത് കോടി കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്കി, 14 കോടി കര്‍ഷകര്‍ക്ക് കാര്‍ഷിക ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി, വിമുക്തഭടന്മാര്ക്ക് ഓആര്‍ഒപി അനുവദിച്ചു, 35 കോടി പേര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ സമ്മാനിച്ചു, ഇടത്തരം കര്‍ഷകര്‍ക്ക് ആറായിരം രൂപ പ്രതിവര്‍ഷം നല്കുന്ന പദ്ധതി… എല്ലാമായിട്ടില്ല, കുറെയെണ്ണം എടുത്തെഴുതി എന്നുമാത്രം. ഇതില്‍ പലതും അവരിലേറെപ്പേരും സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്തതാണ്. ഇവര്‍ക്കൊക്കെ നരേന്ദ്രമോദിയെ ഓര്‍മ്മിക്കാതിരിക്കാന്‍ കഴിയുമോ? ഈ ജനക്ഷേമ പദ്ധതികള്‍ സംബന്ധിച്ച് ജനങ്ങളിലെത്തിക്കാന്‍ ബിജെപിക്കായിട്ടുണ്ട്; അവിടെയൊക്കെ അതിന്റെ പ്രയോജനം അവര്‍ക്കുണ്ടാവുകതന്നെ ചെയ്യും. ഇപ്പോള്‍ ആലോചിക്കൂ, 2014 ലെ 17.16 കോടിയില്‍നിന്ന് 25 കോടി വോട്ടിലേക്കുള്ള ബിജെപിയുടെ വളര്‍ച്ചയ്ക്ക് ഇത്തവണ സാക്ഷ്യം വഹിക്കാന്‍ കഴിയില്ലേ?. അത് പോള്‍ ചെയ്തതിന്റെ 43 ശതമാനമായി മാറുകയും ചെയ്യും. ഇന്നത്തെ സാഹചര്യത്തില്‍ 43 ശതമാനം വോട്ട് നേടുന്ന കക്ഷിക്ക് ഏതാണ്ട് 370 സീറ്റെങ്കിലും തീര്‍ച്ചയാണ്. 1984ല്‍ രാജീവ് ഗാന്ധിക്ക് 49.10 ശതമാനം വോട്ടാണ് കിട്ടിയത്; 400 ലേറെ സീറ്റുകളും. അവിടെക്കടുത്തേക്കാണ് 2019 വിരല്‍ചൂണ്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: