ആലപ്പുഴ: ലോക്സഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി ലോക്കല്‍ കമ്മിറ്റികളില്‍ സിപിഎം സംസ്ഥാനഘടകം നിയോഗിച്ച സോഷ്യല്‍ ഡെവലപ്മെന്റെ് ഓഫീസര്‍മാരുടെ പ്രവര്‍ത്തനം കാര്യമായി ഗുണം ചെയ്തില്ലെന്ന് വിലയിരുത്തല്‍. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കീഴ്ഘടകങ്ങളെ സജ്ജമാക്കുക, പ്രദേശികതല വിഷയങ്ങളില്‍ ഇടപെട്ട് പാര്‍ട്ടി സ്വാധീനം വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മൂഴുവന്സമയ പ്രവര്‍ത്തകരെ നിയോഗിച്ചത്.
എന്നാല്‍, ശബരിമല വിഷയം സജീവമായതോടെ പാര്‍ട്ടി പ്രതിരോധത്തിലായി. ഇതോടെ മുഴുവന്‍സമയ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം വെറും കാഴ്ചക്കാരുടെ റോളിലൊതുങ്ങിയെന്നാണ് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയരുന്നത്. പൊതുജനങ്ങളില്‍ നിന്ന് പിരിച്ച കോടികളാണ് ഇത്തരം മുഴുവന്‍സമയ പ്രവര്‍ത്തകര്‍ക്കായി ചെലവിട്ടത്. ആറു മാസം മുമ്പാണ് ഓരോ ലോക്കല്‍ കമ്മറ്റികളിലേക്കും മറ്റ് ജില്ലകളിലെ ലോക്കല്‍ കമ്മിറ്റികളില്‍ നിന്ന് ഓഫീസര്‍മാരെ നിയോഗിച്ചത്. മാസം 7000 രൂപയാണ് ഇത്തരക്കാര്‍ക്ക് അതാതു ലോക്കല്‍ കമ്മിറ്റികള്‍ ഓണറേറിയമായി നല്‍കിയത്. കൂടാതെ ഭക്ഷണവും താമസ സൗകര്യവും ലോക്കല്‍ കമ്മിറ്റികള്‍ ഒരുക്കി നല്‍കിയിരുന്നു.
സംസ്ഥാനത്തെ 2093 ലോക്കല്‍ കമ്മിറ്റികളിലും ഇത്തരത്തില്‍ പ്രവര്‍ത്തകരെ നിയോഗിച്ചു. അതാത് ലോക്കല്‍ കമ്മിറ്റികളിലെ പ്രവര്‍ത്തനം നിരീക്ഷിക്കാനും വിഭാഗീയത അടക്കമുള്ള പ്രശ്നങ്ങള്‍ മേല്‍ഘടകങ്ങളെ അറിയിക്കാനും പ്രദേശങ്ങളിലെ ഇടതുപക്ഷത്തോട് ചേര്‍ന്നു നില്ക്കുന്ന മറ്റ് സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും മറ്റുമായാണ് മുഴുവന്‍ സമയപ്രവര്‍ത്തകരെ നിയമിച്ചത്. ഫലത്തില്‍ പ്രാദേശിക കമ്മിറ്റികളെ നിയന്ത്രിക്കുന്ന സമാന്തര സംവിധാനമായി ഇവര്‍ മാറിയെന്നതല്ലാതെ പാര്‍ട്ടിക്ക് ഗുണം ചെയ്തില്ലെന്നാണ് പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നത്.
മറ്റു ചില സംഘടനകളുടെ സംഘടനാ രീതി അനുകരിച്ച് നടത്തിയ പ്രവര്‍ത്തനം ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കിയെന്നും വിലയിരുത്തുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇവരെ സ്വന്തം തട്ടകങ്ങളിലേക്ക് മടക്കി അയച്ചു. കള്ളവോട്ട് അടക്കമുള്ള തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമങ്ങള്‍ പുറത്തുവന്നതോടെ ഇത്തരം മുഴുവന്‍സമയ പ്രവര്‍ത്തകരുടെ പങ്കാളിത്തം അന്വേഷിക്കണമെന്നും ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: