കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് നിര്ജീവമായതിനെച്ചൊല്ലി മുസ്ലിംലീഗിന്റെ കടുത്ത വിമര്‍ശനം. ഇന്നലെ കോഴിക്കോട്ട് ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തിലാണ് കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നത്.
കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ പ്രചാരണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ആത്മാര്‍ഥതയോടെ പങ്കെടുത്തില്ല. ഒട്ടുമിക്ക പ്രവര്‍ത്തകരും നേതാക്കളും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിനു വേണ്ടി വയനാട്ടിലായിരുന്നു. ഈ രണ്ടു മണ്ഡലങ്ങളിലും താഴേത്തട്ടില്‍ പ്രവര്‍ത്തിക്കാന്‍ ലീഗ് പ്രവര്‍ത്തകര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലീഗ് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ മാത്രമാണ് ചിട്ടയായ പ്രവര്‍ത്തനം നടന്നത്. വടകരയില്‍ ലീഗിന്റെ ബിനാമി സ്ഥാനാര്‍ഥിയാണ് മുരളീധരന് എന്ന ആരോപണമുയര്‍ന്നെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെ പ്രതിരോധിച്ചില്ല.
കോഴിക്കോട്ട് എം.കെ. രാഘവനെതിരെ അഴിമതിയാരോപണം ഉയര്‍ന്നപ്പോഴും കോണ്‍ഗ്രസ് നേതൃത്വം അലസത വെടിഞ്ഞില്ലെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ന്യൂനപക്ഷ വോട്ടുകളാണ് യുഡിഎഫിന്റെ വിജയത്തെ നിര്‍ണയിക്കുകയെന്ന അവകാശവാദവും ലീഗ് ഉന്നയിച്ചു. ലീഗ് അഭിമാന സീറ്റായി ഉയര്‍ത്തിക്കാണിച്ച വടകരയില്‍ മുരളീധരന് വിജയിക്കുമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍.
കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ സിപിഎം നടത്തിയ കള്ളവോട്ടിനെതിരെ ശക്തമായ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. പരാതിപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കാതെ അലസത കാണിക്കുകയാണെന്നും യോഗതീരുമാനം വിശദീകരിച്ച പി.കെ. കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, പൊന്നാനിയില്‍ സ്ഥാനാര്‍ഥിയായിരുന്ന ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: