ബെംഗളൂരു: തുമകൂരു ലോക്സഭാ മണ്ഡലത്തില്‍ ജെഡിഎസ് അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥികളായി പത്രിക നല്കിയ കോണ്‍ഗ്രസ് വിമതന്മാരെ പിന്തിരിപ്പിച്ചത് കോടികള്‍ നല്‍കിയാണെന്നതിന്റെ തെളിവുകള്‍ പുറത്ത്. വിമതനേതാക്കള്‍ 3.5കോടി വീതം വാങ്ങിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നു. കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ജി. പരമേശ്വരയുടെ അടുത്ത വിശ്വസ്തന് ദര്‍ശനും തുമകൂരു സിറ്റിങ് എംപി കോണ്‍ഗ്രസിലെ എസ്.പി. മുദ്ദഹനുമെഗൗഡയും മുന്‍ എംഎല്‍എ കെ.എന്‍. രാജണ്ണയും തമ്മിലുള്ള സംഭാഷണമാണ് പുറത്തായത്.
കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ തുമകൂരു ജെഡിഎസ്സിന് നല്‍കിയതിലും ഇവിടെ ജെഡിഎസ് അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ സ്ഥാനാര്ഥിയായതിനുമെതിരെ വലിയ പ്രതിഷേധമാണ് മുദ്ദഹനുമെഗൗഡയും രാജണ്ണയും ഉയര്‍ത്തിയത്. ഇരുവരും സ്വതന്ത്രസ്ഥാനാര്‍ഥികളായി പത്രികയും സമര്‍പ്പിച്ചിരുന്നു. ജി. പരമേശ്വരയുടെ അടുപ്പക്കാരാണ് ഇരുവരും. പരമേശ്വര ആവശ്യപ്പെട്ടിട്ടും പത്രിക പിന്‍വലിക്കാന്‍ ഇവര്‍ തയ്യാറായില്ല.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേശ് ഗുണ്ട്റാവു, ജി. പരമേശ്വര എന്നിവര്‍ മുദ്ദഹനുമെഗൗഡയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി. എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ മുദ്ദഹനുമെഗൗഡയുമായി ഫോണില്‍ സംസാരിച്ചു. ഇതിനു ശേഷമാണ് ഇരുവരും പത്രിക പിന്‍വലിച്ചത്.
എന്നാല്‍, കോണ്‍ഗ്രസ് നേതാക്കളുടെ ശബ്ദരേഖ പുറത്തുവന്നതോടെ കോടികള്‍ നല്‍കിയാണ് നേതാക്കളെ പിന്‍വലിപ്പിച്ചതെന്ന് വ്യക്തമായി. സംഭാഷണത്തില്‍ 3.5കോടി വീതം വാങ്ങിയ ശേഷവും ഇരുവരും ദേവഗൗഡയ്ക്കായി പ്രവര്‍ത്തിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ദര്ശന് കുറ്റപ്പെടുത്തുന്നുണ്ട്. ദേവഗൗഡ ജയിച്ചാല്‍ കൂടുതല്‍ പണം നല്‍കാമെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്.
ദേവഗൗഡയ്ക്കായി ജി. പരമേശ്വര മാത്രമാണ് കഷ്ടപ്പെടുന്നത്, ഇക്കാര്യം ദേവഗൗഡ മനസ്സിലാക്കിയിട്ടുണ്ട്. അതിനാല്‍ വിജയിച്ചാല്‍ പരമേശ്വരയെ മുഖ്യമന്ത്രിയാക്കാനും എച്ച്.ഡി. രേവണ്ണയെ ഉപമുഖ്യമന്ത്രിയാക്കാനും ദേവഗൗഡയ്ക്ക് പദ്ധതിയുണ്ടെന്നും ദര്ശന് പറയുന്നു. മുദ്ദഹനുമെഗൗഡയ്ക്കെതിരെ ദര്ശന് ആരോപണവും ഉന്നയിക്കുന്നുണ്ട്. 170 സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നടത്തി കമ്മീഷന് കൈപ്പറ്റിയതിനെ കുറിച്ചാണ് സംഭാഷണത്തില്‍ പരാമര്‍ശിക്കുന്നത്.
സംഭാഷണത്തിനിടെ കുമാരസ്വാമിയെ അവസരവാദിയെന്നും ദേവഗൗഡയെ സമാജവാദിയെന്നും ദര്ശന് വിശേഷിപ്പിക്കുന്നുണ്ട്. ദേവഗൗഡ പരാജയപ്പെട്ടാല്‍ കെ.എന്‍. രാജണ്ണയെ സസ്പെന്‍ഡു ചെയ്യുമെന്നും മുദ്ദഹനുമെഗൗഡ കോണ്‍ഗ്രസിന്റെ നോട്ടപ്പുള്ളിയാകുമെന്നും ദര്ശന് മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: