വാരാണസി: വീടുകളില്‍ തിരിച്ചെത്താനാകുമോ എന്നുറപ്പില്ലാതെ പ്രവര്‍ത്തിക്കുന്നവരാണ് കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും മുമ്പ് മണ്ഡലത്തിലെ ബൂത്ത് തല കാര്യകര്‍ത്താക്കളുമായി സംസാരിക്കുകയായിരുന്നു മോദി.
കേരളത്തിലെയും ബംഗാളിലെയും പ്രവര്‍ത്തകര്‍ ഏറെ കഷ്ടതകള്‍ സഹിച്ചാണ് സംഘടനാ പ്രവര്‍ത്തനം നടത്തുന്നത്. ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവന് പണയപ്പെടുത്തി പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഈ രണ്ട് സംസ്ഥാനങ്ങളിലും. രാവിലെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഇറങ്ങുമ്പോള്‍ വൈകിട്ട് താന്‍ തിരിച്ചെത്തിയില്ലെങ്കില്‍ നാളെ മുതല്‍ സഹോദരനെ അയയ്ക്കണം എന്നാണ് അമ്മമാരോട് കേരളത്തിലെ ഓരോ ബിജെപി പ്രവര്‍ത്തകനും പറയുന്നത്. ഏറെ ത്യാഗങ്ങള്‍ സഹിച്ചാണ് അവിടെ പ്രവര്‍ത്തകര്‍ മുന്നോട്ട് പോകുന്നത്, മോദി പറഞ്ഞു.
ഇത്തരം ബുദ്ധിമുട്ടുകളൊന്നും വാരാണസിയിലെ പ്രവര്‍ത്തകര്‍ക്കില്ല. ബോംബിന്റെയും ആയുധങ്ങളുടെയും ഇടയിലൂടെ സംഘടനാ പ്രവര്‍ത്തനം നടത്തേണ്ടി വരുന്ന കേരളത്തിലെയും ബംഗാളിലെയും പ്രവര്‍ത്തകരുടെ ത്യാഗം വിലമതിക്കാനാവാത്തതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
തന്റെ വിജയമോ പരാജയമോ അല്ല യഥാര്‍ഥ വിഷയം. ജനാധിപത്യത്തിന്റെ വിജയമാണ് ബിജെപി പ്രവര്‍ത്തകര്‍ ലക്ഷ്യമിടേണ്ടത്. ഓരോ പ്രവര്‍ത്തകന്റെയും സമീപത്തെ പത്തു വീടുകളിലെ ജനങ്ങളുടെ ജീവിതസാഹചര്യം ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ നിര്‍വഹിക്കണം. പ്രധാനമന്ത്രി പദം സ്വന്തം കുടുംബക്കാര്‍ക്ക് വേണ്ടിയല്ലെന്നും 130 കോടി ഇന്ത്യക്കാര്‍ക്ക് വേണ്ടിയാണെന്നും മോദി പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: