കൊച്ചി: പാലക്കാട്ടു നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലഹരിക്കള്ള് ഒഴുകുന്നു. കള്ളിന്റെ വീര്യം കൂട്ടാന്‍ കഞ്ചാവ് മുതല്‍ പാരസെറ്റാമോള്‍ ഗുളിക വരെ ചേര്‍ക്കുന്നു. പാലക്കാട് ജില്ലയിലെ ചില തോപ്പുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് ലഹരിക്കള്ളിന് പിന്നില്‍. സംസ്ഥാനത്ത് ആകെ ഉല്‍പ്പാദിപ്പിക്കുന്ന കള്ളിനേക്കാള്‍ കൂടുതലാണ് ഷാപ്പുകള്‍ വഴി വിറ്റഴിയുന്നത്.
കള്ളിനൊപ്പം രാസവസ്തുക്കളും വെള്ളവും ചേര്‍ത്താണ് വ്യാജന് നിര്‍മിക്കുന്നത്. ഷാപ്പുകളിലെത്തി എക്സൈസ് ദിവസവും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്താറുണ്ടെങ്കിലും മായം കലര്‍ന്ന കള്ള് കണ്ടെത്തിയാലും നടപടിയെടുക്കാറില്ലെന്ന് ആക്ഷേപമുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കള്ള് ഉല്‍പ്പാദിപ്പിക്കുന്നത് പാലക്കാട് ചിറ്റൂര്‍ റെയ്ഞ്ചില്‍ നിന്നാണ്. ഇവിടെ നിന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കള്ള് പോകുന്നത്. സംസ്ഥാനത്താകെ ചെത്താന്‍ വൃക്ഷക്കരം അടച്ചിട്ടുള്ളത് അഞ്ചു ലക്ഷത്തോളം തെങ്ങുകള്‍ക്കാണ്. ഇതില്‍ രണ്ടു ലക്ഷവും ചിറ്റൂരിലാണ്. മൂന്ന് ലക്ഷത്തോളം ലിറ്റര്‍ കള്ളാണ് ചിറ്റൂരില്‍ നിന്ന് പോകുന്നത്.
ചിറ്റൂര്‍ മേഖലയിലെ ഒരു ഷാപ്പില് എറണാകുളം മൊബൈല്‍ ലാബ് സംഘം നടത്തിയ പരിശോധനയില്‍ സാക്രിന്റെ അംശവും കണ്ടെത്തിയിരുന്നു. ഷാപ്പില് വില്‍ക്കുന്നത് കൃത്രിമ കള്ളാണെന്ന പരാതിയെത്തുടര്‍ന്നാണ് ഷാപ്പില് പരിശോധന നടത്തിയത്. കള്ളില്‍ കൃത്രിമവസ്തുക്കളുടെ സാന്നിധ്യമോ, 8.1 ശതമാനത്തിലധികം ആല്‍ക്കഹോള്‍ അംശമോ കണ്ടെത്തുന്നത് കുറ്റകരമാണ്. ഇങ്ങനെ കണ്ടെത്തിയാല്‍ ഷാപ്പിന്റെ ലൈസന്‍സ് റദ്ദാക്കുന്നതാണ് ആദ്യനടപടി. എന്നാല്‍ ചെറിയ പിഴ ഈടാക്കുന്നതില്‍ കവിഞ്ഞൊരു നടപടിയും എക്സൈസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാറില്ല.
കൃത്രിമ കള്ള് നൂറ് ലിറ്റര്‍ കള്ളില്‍ നിന്ന് 2500 ലിറ്റര്‍ വരെ വ്യാജക്കള്ള് നിര്‍മിക്കാം. ശ്രീലങ്കന്‍ പെയിസ്റ്റ് (ഡയെസപാം പ്രധാന ഘടകം), ആനമയക്കി, ഷാംപൂ, പഞ്ചസാര, കഞ്ചാവ് തുടങ്ങിയവയാണ് ചേര്‍ക്കുന്നത്. തമിഴ്നാട്ടില്‍നിന്നെത്തുന്ന മധുരക്കള്ള്, പഴകിയ കള്ള്, വിലകുറഞ്ഞ പനങ്കള്ള് എന്നിവ കലര്‍ത്തിയും തെങ്ങിന് കള്ളായി വില്‍ക്കും.
ചെത്തിയിറക്കുന്ന കള്ളില്‍ മൂന്നു ശതമാനമാണ് ആല്‍ക്കഹോള്‍. 48 മണിക്കൂര്‍ കഴിയുമ്പോള്‍ ഇത് എട്ട് ശതമാനമാവും. എന്നാല്‍, ചെത്തി 10 മണിക്കൂറിനകം തന്നെ വിറ്റുപോകുന്ന കള്ളില്‍ പരമാവധി വീര്യം ഉറപ്പാക്കാന്‍ സ്പിരിറ്റ് ചേര്‍ക്കും. 200 ലിറ്റര്‍ കള്ളില്‍ എട്ടു ലിറ്റര്‍ സ്പിരിറ്റാണ് ചേര്‍ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: