കാസര്‍കോട്: ദേശീയ കുടുംബക്ഷേമ പദ്ധതി വഴി കേന്ദ്രം അനുവദിച്ച തുകയില്‍ ഏറ്റവും കൂടുതല്‍ വിതരണം ചെയ്യാനുള്ളത് തിരുവനന്തപുരത്ത്. ഈയിനത്തില്‍ തിരുവനന്തപുരത്ത് 7894 ഗുണഭോക്താക്കള്‍ക്കായി 2016 മുതല്‍ 2019 വരെ 15,78,80,000 രൂപ നല്‍കാനുണ്ട്. ഏറ്റവും കുറവ് ഇടുക്കിയില്‍, 1121 പേര്‍ക്ക്. ദേശീയ കുടുംബക്ഷേമ പദ്ധതിപ്രകാരം സംസ്ഥാനത്ത് വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നത് 93,96,60,000 രൂപയാണ്. മറ്റ് ജില്ലകളില്‍ കാസര്‍കോട്-1380, കണ്ണൂര്‍-3425, വയനാട്-1431, പത്തനംതിട്ട-1892, കോട്ടയം-2557, പാലക്കാട്,-3477, ആലപ്പുഴ-5106, മലപ്പുറം-3596, കൊല്ലം-5288, തൃശൂര്‍-5030, കോഴിക്കോട്-1382, എറണാകുളം-3449 പേര്‍ക്കാണ് തുക നല്‍കാനുള്ളത്.
2016 മുതല്‍ 2019 മാര്‍ച്ച് വരെയുള്ള ഈ തുക സംസ്ഥാനത്ത് വിതരണം ചെയ്യാതെ കെട്ടിക്കിടക്കുകയാണെന്നാണ് വിവരാവകാശ നിമയപ്രകാരമുള്ള മറുപടിയില്‍ പറയുന്നു. സഹായം തേടി അപേക്ഷ നല്കി കാത്തിരിക്കുന്നവരോട് കളക്ടറേറ്റുകളില്‍ നിന്ന് പറയുന്നത് കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കിയിട്ടില്ലായെന്നാണ്. പക്ഷെ 2018-19 വരെ ലഭിച്ച അപേക്ഷകളുടെ മേല്‍ പരിശോധന നടത്തി അര്‍ഹരെന്ന് കണ്ടെത്തിയവര്‍ക്ക് നല്‍കാനുള്ള തുക മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ 2018-19 വരെയുള്ള ഫണ്ട് അലോട്ട് ചെയ്തതായി ഫെബ്രുവരി 28 ന് കാസര്‍കോട് കുമ്പളയിലെ നാരായണ പൂജാരിക്ക് നല്കിയ വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് സി വിഭാഗം അണ്ടര്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. വയനാട് ജില്ലയില്‍ 2015 മുതലുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് കളക്ടറേറ്റ് എം സെക്ഷനിലെ ജൂനിയര്‍ സൂപ്രണ്ട് നല്കിയ മറുപടിയില്‍ പറയുന്നത്. കേന്ദ്രം നല്കിയ തുക വിവിധ ആവശ്യങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയായിരുന്നുവെന്ന ആരോപണം ഇതോടെ ശക്തമായി.
സംസ്ഥാനത്ത് 2016 മുതല്‍ ഇതുവരെ 46983 പേര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാനുണ്ട്. (കോഴിക്കോട്, എറണാകുളം ജില്ലകളുടെ പൂര്‍ണ്ണമായ കണക്കുകള്‍ കൂടി ലഭ്യമാകുന്നതോടെ 2016-19 വരെയുള്ളവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും). 2014 മുതലുള്ള തുകകള്‍ നല്‍കാനുണ്ടെന്നാണ് ചില തഹസില്‍ദാര്‍മാര്‍ പറയുന്നത്. വിവരാവകാശ ചോദ്യത്തില്‍ 2016 മുതലെന്ന് പറഞ്ഞതിനാലാണ് മുന്‍കാല കണക്കുകള്‍ നല്‍കാത്തതെന്ന് അവര്‍ പറയുന്നു. അങ്ങനെയെങ്കില്‍ ഏകദേശം 200 കോടി രൂപ ഈയിനത്തില്‍ സംസ്ഥാനത്ത് വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: