ഇടുക്കി: വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള സംസ്ഥാനത്തെ സംഭരണികൡലെ ജലശേഖരം മൂന്നിലൊന്നായി ചുരുങ്ങി. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 33.51 ശതമാനം വെള്ളമാണ് പ്രധാനപ്പെട്ട 16 സംഭരണികളിലായി ആകെയുള്ളത്. മുന്‍വര്‍ഷം ഇതേസമയം ഇത് 35.58 ശതമാനം ആയിരുന്നു.
സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയില്‍ 37 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്, 2338.92 അടി. പമ്പ, കക്കി-33 ശതമാനം, ഷോളയാര്‍-26, ഇടമലയാര്‍-24, കുണ്ടള-39, മാട്ടുപ്പെട്ടി-38, കുറ്റ്യാടി-42, തരിയോട്-18, ആനയിറങ്കല്‍-20, പൊന്മുടി-37, നേര്യമംഗലം-37, പെരിങ്ങല്‍-19, ലോവര്‍ പെരിയാര്‍-61 ശതമാനം എന്നിങ്ങനെയാണ് മറ്റു സംഭരണികളിലെ കണക്ക്. സംസ്ഥാനത്ത് വേനല്‍ മഴ തുടരുന്നതിനാല്‍ സംഭരണികളിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് ഉയര്‍ന്നു.
ഇതിനൊപ്പം ഉപഭോഗംകൂടി കുറഞ്ഞത് ബോര്‍ഡിനും ആശ്വാസമാകുന്നുണ്ട്. ചൂട് പഴയപടിതന്നെ നിലനിന്നിരുന്നെങ്കില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട സാഹചര്യമായിരുന്നു സംസ്ഥാനത്ത് നിലനിന്നത്. ബുധനാഴ്ച 77.0134 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്ത് ഉപയോഗിച്ചപ്പോള്‍ ആഭ്യന്തര ഉത്പാദനം 22.8661 ആയിരുന്നു. ഉയര്‍ന്നുനിന്ന പ്രതിദിന ശരാശരി 81.1317 ദശലക്ഷമായും കുറഞ്ഞു. കഴിഞ്ഞ 16 വരെയിത് 84.5 ദശലക്ഷം യൂണിറ്റായിരുന്നു. ന്യൂനമര്‍ദ്ദം കൂടി ശക്തിപ്രാപിക്കുന്നതോടെ സംസ്ഥാനത്ത് വരുന്ന വാരവും മഴ ലഭിക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: