എന്‍സിഇആര്‍ടി പാഠപുസ്തക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ബുദ്ധികേന്ദ്രങ്ങളില്‍ നിന്നുമുയരുന്ന മുറവിളിയുടെ കാലമാണല്ലോ ഇത്. ചില കാര്യങ്ങളിലേയ്ക്കു കണ്ണോടിക്കാം. ഈയിടെ തൃശൂരില്‍ നടന്നൊരു ചരിത്ര സെമിനാറിലെ ചര്‍ച്ചയില്‍ കേരളത്തിന്റെ നവോത്ഥാനത്തെക്കുറിച്ചുള്ള വിഷയങ്ങള്‍ ഉയര്‍ന്നുവന്നു. നവകേരള നിര്‍മ്മിതിയില്‍ നവോത്ഥാനനായകരുടെ പങ്ക് എന്നതായിരുന്നു സെമിനാറിന്റെ അനുബന്ധവിഷയങ്ങളിലൊന്ന്.
നങ്ങേലിയുടെ മുലഛേദവും, ചാന്നാര്‍ സ്ത്രീകളുടെ മാറുമറയ്ക്കല്‍ സമരവും, കല്ലുമാല സമരവുമാണ് കേരളത്തില്‍ നവോത്ഥാനം സൃഷ്ടിച്ചതെന്നായിരുന്നു പ്രധാന വാദം. ഈയിടെ നടന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയും, വനിതാമതിലും ഇതിന്റെ തുടര്‍ച്ചയാണെന്നും വാദമുയര്‍ന്നു. പക്ഷെ അവിടെ ബോധപൂര്‍വ്വമെന്നോണം വിസ്മരിക്കപ്പെട്ടവയായിരുന്നു കേരള നവോത്ഥാനത്തില്‍ സ്വാമി ശ്രീനാരായണ ഗുരുദേവന്റെയും, ചട്ടമ്പി സ്വാമികളുടെയും, മഹാത്മാ അയ്യങ്കാളിയുടെയും, പണ്ഡിറ്റ് കറുപ്പന്റെയും, മന്നത്ത് പത്മനാഭന്റെയും, വി.ടി. ഭട്ടതിരിപ്പാടിന്റെയുമൊക്കെ സംഭാവന. കേരള സമൂഹത്തെ പുരോഗതിയുടെ പാതയിലേക്കു നയിച്ച നവോത്ഥാന നായകരെ വിസ്മരിച്ച് പകരം ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ പിന്നണിക്കാരെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയായിരുന്നു സെമിനാറിന്റെ ഉദ്ദേശമെന്ന് മനസ്സിലായി.
ഇനി പാഠപുസ്തകത്തിലേക്കു വരാം. കേരളത്തിന്റെ നവോത്ഥാനപ്രക്രിയയെ മുന്നില്‍നിന്നു നയിച്ച പ്രസ്ഥാനമാണ് എസ്എന്‍ഡിപി ഡോ. പല്പുവും, സ്വാമി വിവേകാനന്ദനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍, കേരളത്തിലെ ജാതീയതകൊണ്ട് അന്ധമായ മലീമസ സമൂഹത്തെ ഉദ്ധരിക്കുന്നതിനായി ഉപദേശം തേടിയ ഡോ. പല്‍പ്പുവിന് വിവേകാനന്ദ സ്വാമി നല്കിയ നിര്‍ദ്ദേശാനുസരണമാണ് ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗം ആരംഭിക്കുന്നത്. സ്വാമി വിവേകാനന്ദന് ചട്ടമ്പി സ്വാമികളുമായി 1892 ഡിസംബറില്‍ കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തുകയും സാമൂഹ്യ നവോത്ഥാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ചചെയ്യുകയുമുണ്ടായി.
വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ വേദാധികാര നിരൂപണമാണ് ശൂദ്രര്‍ക്കും വേദാധ്യയനത്തിനുള്ള ആധികാരികതയൊരുക്കിയത്. സ്വാമി വിവേകാനന്ദന്റെ ഉപദേശങ്ങളും, ആശയങ്ങളുടെ സ്വാധീനവും കേരളീയ നോവോത്ഥാനത്തില് എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നത് ഈ ചരിത്രവസ്തുതകള്‍ വ്യക്തമാക്കുന്നു. എന്നിട്ടും കേരളത്തിലെ ഹൈസ്കൂള്‍ ചരിത്ര പാഠപുസ്തകത്തില്‍ സ്വാമി വിവേകാനന്ദനെക്കുറിച്ചുള്ള ഏക പരാമര്‍ശം കേരളത്തെ ഭ്രാന്താലയം എന്നു വിളിച്ച ആള് എന്ന രീതിയിലാണ്.
അതായത് സ്വാമി വിവേകാനന്ദനെ ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി മനസ്സിലാക്കുന്നത് കേരളത്തെ ഭ്രാന്താലയം എന്ന് കുറ്റപ്പെടുത്തിയ ആള് ആയി മാത്രമാണ്.
കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പിറവിക്ക് പ്രേരണയേകിയ സ്വാമി വിവേകാനന്ദന്റെ സംഭാവനകള്‍ എന്തുകൊണ്ട് ചരിത്ര പാഠപുസ്തകത്തില്‍ നിന്നു മറച്ചുവെക്കപ്പെടുന്നു? കേരള നവോത്ഥാനം ദേശീയധാരയോടൊപ്പം ചേര്ന്നുണ്ടായതാണന്ന യാഥാര്‍ത്ഥ്യം എന്തുകൊണ്ട് മറച്ചുവെക്കപ്പെടുന്നു? ഉത്തരം ലളിതമാണ്. കുട്ടികള്‍ ഇത് പഠിക്കാന്‍ പാടില്ലെന്ന് ആര്‍ക്കൊക്കെയോ നിര്‍ബ്ബന്ധമുണ്ട്. ദേശീയ ചിന്താധാരകളെ മറച്ചുവെക്കാനുള്ള ബോധപൂര്‍വ്വമായ രാഷ്ട്രീയ ഇടപെടലിന്റെ ഫലമാണിത്. പകരം പാഠപുസ്തകത്തില്‍ നവോത്ഥാനനായകരായി പി. കൃഷ്ണപിള്ളയും, ഇഎംഎസ് നമ്പൂതിരിപ്പാടുമൊക്കെ അവതരിപ്പിക്കപ്പെടുമ്പോള്‍ അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികളും തുറന്നുകാണിക്കപ്പെടുന്നുണ്ട്.
കേരളത്തിലെ ചരിത്രപാഠപുസ്തകത്തില് ചരിത്രത്തെ വികലമായി അവതരിപ്പിക്കുന്നതിന്റെ മറ്റൊരുദാഹരണം കൂടെ ചൂണ്ടിക്കാണിക്കാം. ഇന്നത്തെ ലോക സാഹചര്യത്തില്‍ കമ്മ്യൂണിസത്തിന് എന്തു പ്രാധാന്യമാണുള്ളതെന്ന് ലോകഭൂപടത്തിലേക്ക് വെറുതെയൊന്നു കണ്ണോടിച്ചാല്‍ മനസ്സിലാകും. പ്രമുഖ കമ്മ്യൂണിസ്റ്റ് ചിന്തകനായ കെ. വേണു ഈയിടെ കൊച്ചിയില്‍ ഒരു സെമിനാറില്‍ പറഞ്ഞത് കമ്മ്യൂണിസം എന്ന പ്രത്യയശാസ്ത്രത്തിന് ലോകത്തെവിടെയും പ്രസക്തിയില്ലെന്നും അത് ലോകക്രമത്തില്‍ ഒരു സ്വാധീനവും ചെലുത്തുന്നില്ലെന്നുമാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും സോഷ്യലിസം എന്ന ആശയത്തിന്റെ അപ്രായോഗികതയുമാണതിന് കാരണം.
ചൈനയില്‍ പോലും കമ്മ്യൂണിസം നിലവിലില്ലെന്നും, ചൈനയും ക്യൂബയുമുള്പ്പെടെ ഇന്ന് നവ മുതലാളിത്തത്തിന്റെ പാതയിലാണെന്നും വേണു പറഞ്ഞു. എന്നിട്ടും നമ്മുടെ ചരിത്ര പാഠപുസ്തകത്തിന്റെ അവസ്ഥ നോക്കൂ. പത്താം ക്ലാസ് ചരിത്ര പാഠപുസ്തകത്തില്‍ ആറ് പേജുകളിലായാണ് റഷ്യന്‍ വിപ്ലവവും, ചൈനീസ് വിപ്ലവവും കൊടുത്തിരിക്കുന്നത്. സ്വാമി വിവേകാനന്ദന്റെ സംഭാവനകളെക്കുറിച്ചു പറയാന്‍ ഒരു പാരഗ്രാഫ് പോലും നീക്കവെക്കാനിടമില്ലാത്തിടത്ത് ലെനിനും, സ്റ്റാലിനും, മാവോസേതൂങ്ങുമൊക്കെ നിറഞ്ഞു നില്‍ക്കുന്നത്. ഇതില്‍ നിന്നുതന്നെ വ്യക്തമാണ് പാഠപുസ്തകത്തിലെ കമ്മ്യൂണിസ്റ്റ്വത്കരണത്തിന്റെ ഭീകരത.
കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരായ ഇര്ഫാന് ഹബീബ്, റോമിളാ ഥാപ്പര്‍, ബിപിന്‍ ചന്ദ്ര, സതീഷ് ചന്ദ്ര തുടങ്ങിയവരെഴുതിയ മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് വീക്ഷണത്തില്‍ അപനിര്‍മ്മിക്കപ്പെട്ട ഇന്ത്യാ ചരിത്രവും ലോകചരിത്രവുമാണ് വര്‍ഷങ്ങളായി സ്കൂളുകളിലും, യൂണിവേഴ്സിറ്റികളിലും പഠിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര് എഴുതിവെച്ച വ്യാജ ചരിത്രങ്ങള്‍ പൊളിച്ചെഴുതപ്പെടേണ്ടതുതന്നെയാണ്.
ഈ വ്യാജന്മാര് സൃഷ്ടിച്ച വികല ചരിത്രവീക്ഷണത്തിന്റെ അടിത്തറയില്‍ പണിതെടുത്ത അധികാരത്തിന്റെ ശീതളിമയില്‍ സുഖമനുഭവിക്കുന്നവരാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ സംവിധാനങ്ങള്‍. ആ അധികാരക്കോട്ടകള്ക്ക് ഇളക്കം തട്ടുമോയെന്ന ഭയമാണ് എന്‍സിഇആര്‍ടി പാഠപുസ്തക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ത്തിവിടുന്ന വിവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: