തിരുവല്ല: ശാന്തമായിരുന്ന തിരുവല്ലയില്‍ കഴിഞ്ഞ ദിവസം സിപിഎമ്മുകാര്‍ നടത്തിയ അക്രമം ആസൂത്രിതം. കൊട്ടിക്കലാശത്തെ തുടര്‍ന്നുണ്ടായ സിപിഎം തേര്‍വാഴ്ചയില്‍ പോലീസ് സേനയിലും അമര്‍ഷം പുകയുന്നു. എറിഞ്ഞ് തോല്‍പ്പിക്കാന്‍ സിപിഎം നടത്തുന്ന ശ്രമം പാര്‍ട്ടിയുടെ ഉള്ള സാധ്യതകള്‍ കൂടി ഇല്ലാതാക്കുമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ കരുതുന്നത്.
ആട്ടിന്‍ തോലിട്ട ചെന്നായെന്ന പോലെ സിപിഎം അതിന്റെ അക്രമ സ്വഭാവം പുറത്തെടുക്കുകയാണെന്നാണ് ഇതര രാഷ്ട്രീയ പാര്‍ട്ടികളുടെയും വിലയിരുത്തല്‍. തിരുവല്ലയിലെ വികസന പ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെയും എല്‍ഡിഎഫ് എംഎല്‍എയുടെയും വിഴ്ചകള്‍ അക്കമിട്ട് നിരത്തി എന്‍ഡിഎ പ്രചാരണം നടത്തിയതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. മാത്രമല്ല, പല സ്ഥലത്തും പ്രചാരണത്തിന് ചെന്ന സിപിഎമ്മുകാരുടെ ലഘുലേഖ വാങ്ങാന്‍ പോലും ആളുകള്‍ കൂട്ടാക്കിയില്ല.
പ്രാദേശികമായ എതിര്‍പ്പുകള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതോടെയാണ് വിഷു ഉത്സവകാലത്ത് ശബരിമലയില്‍ യുവതികളെത്താതിരിക്കാന് പോലീസ് ജാഗ്രത പാലിച്ചത്. ഇതിന് പുറമേ വോട്ട് വിഹിതം കുറഞ്ഞാല്‍ പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന ഭീഷണിയും നേതൃത്വം ഉയര്‍ത്തി. ഇത്തരം സമ്മര്‍ദ്ദങ്ങളാണ് സിപിഎമ്മുകാരെ അക്രമത്തിലേക്ക് നയിച്ചതെന്നാണ് കുരുതുന്നത്. ബിജെപി ജില്ലാ ഭാരവാഹികളെ തെരഞ്ഞുപിടിച്ച് ആക്രമിച്ചത് പ്രാദേശിക നേതാക്കളുടെ ഗൂഢാലോചനയാണെന്നാണ് സിപിഎം ജില്ലാ നേതാക്കള്‍ പറയുന്നത്. എന്നാല്‍, അവരെ തള്ളിപ്പറയാന്‍ ജില്ലാ നേതാക്കള്‍ തയാറായിട്ടില്ല.
അക്രമം ആസൂത്രിതമാണെന്നതിന് തെളിവാണ് സിപിഎം പതാക കമ്പിയില്‍ കെട്ടിക്കൊണ്ടു വന്നതും ആ കമ്പി ഉപയോഗിച്ച് ബിജെപി പ്രവര്‍ത്തകരെ അക്രമിച്ചതും. ബിജെപി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ വ്യാപകമായി അടിച്ചു തകര്‍ത്തതിന് പുറമേ സാധാരണക്കാര്‍ക്ക് നേരെയും അക്രമികള്‍ തിരിഞ്ഞു. അക്രമം രൂക്ഷമായതോടെ ബിജെപി പ്രവര്‍ത്തകരെ നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിച്ചു. പിന്നീട് ബിജെപി പ്രവര്‍ത്തകര്‍ പിന്‍വാങ്ങിയതോടെ സിപിഎമ്മുകാരുടെ അക്രമം പോലീസിന് നേരെയായി. അതുകൊണ്ടും അരിശം തീരാതെ സിപിഎമ്മുകാര്‍ മാത്രമായി കൊട്ടിക്കലാശം നടത്തി കൊലവിളിച്ചു.
ഇത് കേരളമാണ് എന്ന പേരില്‍ പരസ്യം നല്കിയ എല്‍ഡിഎഫിന് നാണക്കേടുണ്ടാക്കുന്നതാണ് കേരളത്തില്‍ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ നടത്തിയ അക്രമങ്ങള്‍ എന്നാണ് സംസ്ഥാന നേതാക്കളുടെ വിലയിരുത്തല്‍. കാഞ്ഞിരപ്പള്ളിയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് യാതൊരു പ്രകോപനവുമില്ലാതെയാണ്. എല്ലായിടത്തും അക്രമത്തിന്റെ ഒരു പക്ഷത്ത് സിപിഎമ്മുകാര്‍ എന്നതായിരുന്നു സ്ഥിതി. തിരുവല്ലയില്‍ പോലീസിന്റെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചാണ് അക്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: