2018 ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്ന് പ്രളയജലത്തില്‍ കേരളം മുങ്ങിയ നാളുകള്‍. 54 ലക്ഷം പേരെ പ്രളയം ബാധിച്ചു, 433 ജീവന് നഷ്ടമായി. അക്കാലത്ത് കേരളത്തെ പരമാവധി സഹായിച്ച കേന്ദ്ര സര്‍ക്കാരിനെ പഴി പറയാനാണ് പിന്നീട് സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിച്ചത്. യുഎഇ 700 കോടി നല്‍കാമെന്ന് പറഞ്ഞെന്നും വിദേശ സഹായം കേന്ദ്രം തടഞ്ഞെന്നുമൊക്കെ കള്ളപ്രചരണം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്. ഡാമുകള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ കാണിച്ച പിടിപ്പുകേടാണ് പ്രളയത്തിനു കാരണമായതെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യൂറിയും പിന്നീട് കണ്ടെത്തി. പ്രളയകാലത്തെ കേന്ദ്ര വിരുദ്ധ നീക്കത്തിന്റെ യാഥാര്‍ഥ്യത്തിലേക്ക് ഒരിക്കല്‍ക്കൂടി…
പ്രളയകാലത്ത് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു നല്കിയ സഹായത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് യാതൊരു അതൃപ്തിയുമില്ല. സാധ്യമായ എല്ലാത്തരത്തിലും കേന്ദ്ര സഹായം ഉണ്ടായതായി പരസ്യമായി പറയാനുള്ള മര്യാദയും പിണറായി വിജയന് കാണിച്ചു. സാധാരണയില്‍ നിന്ന് ഭിന്നമായി കേന്ദ്രം കേരളത്തോട് അനുഭാവ പൂര്‍ണമായാണ് പെരുമാറിയതെന്നാണ് മുഖ്യമന്ത്രി അന്നു പറഞ്ഞത്.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു 2018 ജൂലൈ 21ന് സംസ്ഥാനം സന്ദര്‍ശിച്ചു.
ആഗസ്റ്റ്് 12ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും കേരളം സന്ദര്‍ശിച്ചു. ആഗസ്റ്റ് 17,18 തീയതികളില്‍ പ്രധാനമന്ത്രി പ്രളയ ബാധിത പ്രദേശങ്ങള്‍ നേരിട്ടു സന്ദര്‍ശിച്ചു, ഉന്നതതല യോഗം വിളിച്ചു. എല്ലാ ദിവസവും പ്രധാനമന്ത്രി തന്നെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു.
ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ദേശീയ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുകയും എല്ലാ ദിവസവും യോഗം ചേര്‍ന്ന് നിരന്തരമായി രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്തു. കേരളത്തിന്റെ ചീഫ് സെക്രട്ടറിയെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ചര്‍ച്ചകളില്‍ പങ്കെടുപ്പിച്ചു.
നാല്‍പ്പതു ഹെലികോപ്റ്ററുകള്‍, 31 വിമാനങ്ങള്‍, രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി 182 ടീമുകള്‍, പ്രതിരോധസേനകളുടെ 18 മെഡിക്കല്‍ ടീമുകള്‍, എന്‍.ഡി.ആര്.എഫിന്റെ 58 ടീമുകള്‍, സി.എ.പി.എഫിന്റെ ഏഴു കമ്പനി എന്നിവയോടൊപ്പം 500 ബോട്ടുകളും അവശ്യം വേണ്ട വസ്തുക്കളും ഉപയോഗിച്ചുള്ള ഏറ്റവും വലിയ സുരക്ഷാപ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
യാഥാര്‍ത്ഥ്യവുമായി പുലബന്ധം ഇല്ലാത്ത കണക്കുകള്‍ നിരത്തി കേന്ദ്രത്തോട് പണം ആവശ്യപ്പെടുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. ദുരിതം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍ അദ്ദേഹത്തിനു മുന്നില്‍ അവതരിപ്പിച്ച കണക്കുമാത്രം മതി പണത്തോടുള്ള പിണറായി സര്‍ക്കാരിന്റെ അത്യാര്‍ത്തി തിരിച്ചറിയാന്‍. കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് ആഗസ്റ്റ് 18 ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്.
റോഡിനും പാലത്തിനുമായി 13,800 കോടി എന്നത് തെറ്റായ കണക്കാണെന്ന് മനസ്സിലാക്കിയ പ്രധാനമന്ത്രി, റോഡും പാലവും ദേശീയപാത അതോറിറ്റിയെക്കൊണ്ട് നന്നാക്കാമെന്നു പറഞ്ഞു. കൃഷി, വീട,് വൈദ്യുതി തുടങ്ങിയവയുടെ നഷ്ടം പറഞ്ഞ് ആവശ്യപ്പെട്ടത് 5000 കോടിയാണ്. വൈദ്യുതിയുടെ കാര്യത്തില്‍ കേന്ദ്ര സ്ഥാപനമായ എന്‍ടിപിസി സഹായിക്കുമെന്നായിരുന്നു കേന്ദ്ര നിലപാട്. പ്രധാനമന്ത്രി പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടുത്തി തകര്‍ന്ന വീടുകളെല്ലാം പുനര്‍ നിര്‍മിക്കാമെന്നും മോദി അറിയിച്ചതോടെ ദുരന്തപ്രതിരോധത്തിനായി അടിയന്തരമായി 2000 കോടി വേണമെന്ന ആവശ്യം ഉന്നയിച്ചു.
ദുരന്തപ്രതിരോധ നിധിയില്‍ കേരളം ചെലവഴിക്കാതെ കിടന്നത് 562.45 കോടി രൂപ.
രാജ്നാഥ് സിങ് പ്രഖ്യാപിച്ചത് 100 കോടി. 500 കോടി കൂടി പ്രധാനമന്ത്രി അനുവദിച്ചു. എല്ലാ എംപിമാരും ഒരോ കോടി വീതം കേരളത്തിന് നല്‍കാനും നിര്‍ദേശിച്ചു. കേരളം പ്രതീക്ഷിച്ചതിലും കൂടുതല്‍ കിട്ടി.
ഉദാരമായി വായ്പ നല്കാന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്കി. നാഷണല്‍ ഹൗസിങ് ബാങ്ക് പലിശ ഇളവ് പ്രഖ്യാപിച്ചു. ഇന്‍ഷൂറന്‍സ് കമ്പനികള്‍ നടപടികള്‍ ലഘൂകരിച്ചു.
വിശദമായ റിപ്പോര്‍ട്ടുകള്‍ നല്കുന്നതിനു പകരം നഷ്ടത്തിന്റെ കണക്കുകള്‍ കേരളം പെരുപ്പിച്ചു കാട്ടിക്കൊണ്ടിരുന്നു. 45000 കോടിയുടെ നഷ്ടമെന്ന് ആദ്യം പറഞ്ഞ ധനമന്ത്രി തോമസ് ഐസക്ക് പിന്നീട് അത് 75000 കോടി എന്നാക്കി. റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 3500 കോടിയുടെ നഷ്ടമാണ് പൊതുമരാമത്ത് അവകാശപ്പെട്ടത്. പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത് 13,800 കോടി. ജീവനോപാധി പാക്കേജ് 4700 കോടി രൂപ വേണമെന്നും കണ്ടെത്തി. പദ്ധതികള്‍ നല്‍കാതെ പണം മാത്രം ചോദിച്ചു കൊണ്ടിരുന്നു.
പ്രളയ ദുരിതാശ്വാസമായി 3048.39 കോടി രൂപയുടെ അധികസഹായം കൂടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. എന്നാല്‍, പ്രളയം തകര്‍ത്ത് അഞ്ച് മാസം പിന്നിടുമ്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചെലവഴിച്ചത് 18 ശതമാനം തുക മാത്രമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ സമ്മതിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ പിരിച്ചെടുത്ത 7124.54 കോടി രൂപയില്‍ ചെലവഴിച്ചത് 1344.93 കോടി രൂപ. കേന്ദ്ര സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ നല്കിയ 2904 കോടി രൂപ പോലും പൂര്‍ണമായി ചെലവഴിക്കാന്‍ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: