അത്യുത്തര കേരളത്തിലെ തീയ്യ സമുദായത്തിന്റെ ആരാധനാമൂര്‍ത്തിയാണ് ആദിമൂലിയാടന്‍. ആദിമൂലിയാടന്‍ തെയ്യം അപൂര്‍വം ചിലയിടങ്ങളില്‍ മാത്രം കെട്ടിയാടുന്നു. എളവല്ലിച്ചേകോന്‍ എന്നും ഈ തെയ്യത്തിന് പേരുണ്ട്. നമ്പിയാത്ത്, കൊറ്റക്കുന്ന് കാക്കനാങ്കോട്, പുതിയാണ്ട് കോരമ്പത്ത് എന്നീ തീയ്യക്കോട്ടങ്ങളില് മാത്രമാണ് ആദിമൂലിയാടന്‍ തെയ്യം കെട്ടിയാടുന്നത്. മന്ത്രമൂര്‍ത്തിയായ ഈ തെയ്യത്തിന് മാന്ത്രികാനുഷ്ഠാനങ്ങള്‍ ധാരാളമുള്ളതുകൊണ്ടാവാം അധികം സ്ഥലങ്ങളില്‍ ഈ തെയ്യം കെട്ടിയാടാത്തത്.
മൂലിമല മുത്തപ്പന്റേയും ആദിമലക്കന്നിയുടേയും പുത്രനായി ജനിച്ച എളവല്ലിച്ചകോന് ചെറുപ്പം മുതല്ക്കു തന്നെ അമാനുഷിക ശക്തി പ്രദര്‍ശിപ്പിച്ചിരുന്നു. അഞ്ചാം വയസ്സില്‍ അഗ്നിഭഗവാനെ തപസ്സിനാല്‍ പ്രത്യക്ഷപ്പെടുത്തി വരം നേടുകയും ചെയ്തു. യോഗപട്ടവും കേളീപാത്രവും മന്ത്രക്കോലും പൂണൂലും യോഗമുദ്രയുമാണ് വരമായി ലഭിച്ചത്. ആദിമൂലിയാടന്‍ ദൈവമെന്ന പേരില്‍ ആയിരംവര്‍ഷം വാണുകൊള്ളാനും അഗ്നിഭഗവാന് അനുഗ്രഹിക്കുന്നു.
അഗ്നിഭഗവാന്റെ വരപ്രസാദത്താല്‍ അവതരിച്ച സുബ്രഹ്മണ്യനെത്തന്നെയാണ് ആദിമൂലിയാടനിലൂടെ പ്രതീകവല്ക്കരിച്ചിരിക്കുന്നതെന്ന് ചിറക്കല്‍ ടി. ബാലകൃഷ്ണന്‍നായര്‍ നിരീക്ഷിക്കുന്നുണ്ട്. മൂലിമല കൈലാസവും മുത്തപ്പന് പരമശിവനും ആദിമലകന്നി ശ്രീപാര്വതിയുമാണെന്ന്് അദ്ദേഹം പറയുന്നു. താരതമ്യേന ദീര്‍ഘമേറിയ ആദിമൂലിയാടന്‍ തോറ്റം സൂക്ഷ്മമായി പരിശോധിച്ചാല്‍ ഈ പ്രതീകവല്‍ക്കരണം വ്യക്തമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: