ആലപ്പുഴ: ശബരിമലയും, സര്‍ക്കാര്‍ നടത്തിയ ഭക്തജനവേട്ടയും ചര്‍ച്ചയാകാതിരിക്കാന്‍ സിപിഎമ്മും ഇടതുപക്ഷവും പരമാവധി ശ്രമിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിറയുന്നത് ശബരിമല. ശബരിമല യുവതീ പ്രവേശനം തെരഞ്ഞെടുപ്പ് വിഷയമാകില്ലെന്നും, കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ വികസന നേട്ടങ്ങളും, നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമാണ് ചര്‍ച്ച ചെയ്യപ്പെടുക എന്നും പറഞ്ഞ സിപിഎം നേതാക്കള്‍ ഇപ്പോള്‍ ശബരിമല വിഷയത്തില്‍ മറുപടി പറഞ്ഞ് കുഴയുകയാണ്.
ശബരിമലയില്‍ ഭക്തവേട്ടയ്ക്ക് പോലീസ് സേനയെ നിയോഗിച്ച് നേതൃത്വം നല്കിയ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇപ്പോള്‍ ശബരിമലയെക്കുറിച്ച് കുടുതല്‍ സംസാരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന് എടുത്തുകാണിക്കാന്‍ പറ്റുന്ന വികസന നേട്ടങ്ങള്‍ ഒന്നുമില്ലാത്തതും, മഹാപ്രളയം മനുഷ്യസൃഷ്ടിയാണെന്ന് അമിക്കസ്ക്യൂറി റിപ്പോര്‍ട്ടും പുറത്തുവന്നതോടെ പ്രചാരണരംഗത്ത് ബിജെപി, കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് എന്നതായി സിപിഎമ്മിന്റെ പ്രധാന വിഷയം.
എന്നാല്‍ വയനാട്ടില്‍ സിപിഎം കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തിയതോടെ ആ ആയുധത്തിന്റെയും മുന ഒടിഞ്ഞു. പിന്നീട് പതിവ് തന്ത്രമായ ന്യൂനപക്ഷ വേട്ട, ഫാസിസം തുടങ്ങിയവയാണ് പയറ്റി നോക്കിയത്. എന്നാല്‍ ഇടതുഅനുകൂല സാംസ്കാരിക നായകരെന്ന് കൊട്ടിഘോഷിക്കുന്നവര്‍ പോലും ബിജെപിയെ തോല്‍പ്പിക്കാന്‍ ഇടതുപക്ഷം കോണ്‍ഗ്രസിനെ പിന്തുണയ്ക്കണമെന്ന് പരസ്യമായ നിലപാട് എടുത്തതോടെ ആയുധങ്ങളെല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് സിപിഎമ്മും ഇടതുപക്ഷവും.
പരസ്യ പ്രചാരണം അവസാനിക്കാന്‍ ഒരാഴ്ച മാത്രം അവശേഷിക്കെ പ്രചാരണത്തിന്റെ അജണ്ട നിശ്ചയിക്കുന്നത് ബിജെപിയാണെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി. പ്രധാനമന്ത്രിയുടെ കോഴിക്കോട്ടേയും, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെയും പ്രസംഗങ്ങളോടെ ശബരിമല വിഷയത്തില്‍ നിന്ന് ഓടിയൊളിക്കാനാകാത്ത ഗതികേടിലായി സിപിഎം.
ശബരിമല വിഷയം പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് പറഞ്ഞ സിപിഎമ്മാണ് ഇപ്പോള്‍ ആ പ്രശ്നം ഏറ്റവും കൂടുതല്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: