തെയ്യങ്ങളില്‍ മരക്കലദേവതമാര്‍ എന്ന വിഭാഗത്തില്‍പെടുന്ന ഒരു മൂര്‍ത്തിയാണ് പടക്കെത്തി ഭഗവതി. മരക്കലം എന്നാല്‍ കപ്പല്‍. ആരിയര്‍ നാട്ടില്‍ നിന്ന് മരക്കലമേറി മലനാട്ടില്‍ വന്ന അനേകം ദേവതകളുണ്ട്. ഇവരാണ് മരക്കലദേവതമാര്‍. വടക്കത്തി ഭഗവതിയെന്നും പടക്കെത്തി ഭഗവതിയെന്നും പേരുള്ള ഈ തെയ്യം ഒരു രണദേവത കൂടിയാണ്.
ആരിയര്‍ നാട്ടില്‍ പിറന്ന് വളര്‍ന്ന ഈ ദേവകന്യാവ് കോലത്തുനാട് കാണാനുള്ള ആഗ്രഹത്താല്‍ വിശ്വകര്മാവിനെ വരുത്തി മരക്കലം പണിയിക്കുകയും അതിലേറി നൂറ്റെട്ടാഴിയും കടന്ന് എടത്തൂര് വന്നു ചേരുകയും ചെയ്തു. തൃക്കരിപ്പൂര്‍ ചക്രപാണിക്ഷേത്രം പണിയാന്‍ തീരുമാനിച്ച പരശുരാമന് ക്ഷേത്രധ്വംസകനായ ഒരു പരാക്രമിയോട് യുദ്ധം ചെയ്യേണ്ടി വന്നു. യുദ്ധത്തില്‍ പരശുരാമനെ സഹായിക്കാനായി പടക്കെത്തി ഭഗവതി എത്തിച്ചേര്‍ന്നു എന്നാണ് കഥ.
പടക്കെത്തി ഭഗവതിക്ക് മറ്റൊരു പുരാവൃത്തം കൂടിയുണ്ട്. പാല്ക്കടലിന്റെ നടുവിലുള്ള കരിമ്പനയിലെ എട്ട് തിരുളുകളില് ഏഴാമത്തെ തിരുളിന്മേലുള്ള ഏഴ് പൊന്‍മുട്ടകളില്‍ ഒന്നില്‍ നിന്നാണ് ഈ ദേവകന്യാവിന്റെ ജനനം. അവള് വളര്‍ന്ന് ഋതുമതിയായി. വിവരമറിഞ്ഞ് അവളുടെ നൂറ് സഹോദരന്മാരും തിരണ്ടു കല്യാണത്തിന് വട്ടംകൂട്ടി. ഇതിനായി ഇറച്ചി വേണം. അവര്‍ നായാട്ടിനു പുറപ്പെട്ടു. മറുകരയിലെ മച്ചുനിയന്മാര് വിവരമറിഞ്ഞു. മാന്കൈയും മാന്തലയും തങ്ങള്‍ക്ക് വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
സഹോദരന്മാര് കൊടുത്തില്ല. അതിനാല്‍ നൂറ് സഹോദരന്മാരേയും അവര്‍ കൊന്നുകളഞ്ഞു. സഹോദരന്മാരുടെ മരണവാര്‍ത്തയറിഞ്ഞ ദേവകന്യാവ് തറ്റുടുത്ത് തപസ്വിനിയായി പുറപ്പെട്ടു. ആദ്യം മച്ചുനിയന്മാരെ കൊന്ന് പകരം വീട്ടി. പിന്നീട് തുളുനാട്ടില്‍ തുളുചേകവന്മാരോട് പടപൊരുതി. പടപൊരുതി നേടിയ തുളുത്താടിയും ചൂലും ചാണകക്കലവും ഉലക്കയും മുറവും കത്തിയുമൊക്കെയായാണ് പടക്കെത്തി ഭഗവതിയുടെ കോലമിറങ്ങുന്നത്. അര്‍ധനാരീശ്വര സങ്കല്‍പ്പത്തിലുള്ള ഈ ദേവത പിന്നീട് വടക്കോട്ട് തിരിഞ്ഞ് പുറപ്പെട്ട് എടത്തൂര്, തുരുത്തി, നിലയന്കടോത്ത്, രാമവില്യം എന്നിവിടങ്ങളില്‍ കുടിയിരുന്നു.
തീയ്യരുടെ കഴകങ്ങളില്‍ പ്രധാനപ്പെട്ട രാമവില്യം കഴകത്തില്‍ പടക്കെത്തി ഭഗവതിയാണ് പ്രധാനമൂര്‍ത്തി. രാമവില്യത്തെ മറ്റൊരു പ്രധാനമൂര്‍ത്തിയായ പൂമാല ഭഗവതിയും മരക്കലദേവതയാണ്. പൂമാല ഭഗവതിക്ക് കെട്ടിക്കോലമില്ലെങ്കിലും ഈ ദേവതയുടെ സങ്കല്‍പ്പത്തിലാണ് ഇവിടെ ആര്യക്കര ഭഗവതി എന്ന തെയ്യം കെട്ടിയാടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: