‘എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍
എനിക്കാവതില്ലേ കണിക്കൊന്നയല്ലേ
വിഷുക്കാലമല്ലേ പൂക്കാതിരിക്കാന്‍
എനിക്കാവതില്ലേ വിഷുക്കാലമെത്തി-
ക്കഴിഞ്ഞാല്‍ ഉറക്കത്തില്‍ ഞാന്‍ ഞെട്ടി-
ഞെട്ടിത്തരിക്കും ഇരുള്‍തൊപ്പി പൊക്കി-
പ്പതുക്കെ പ്രഭാതം ചിരിക്കാന്‍ ശ്രമിക്കും
പുലര്‍ച്ചെ കുളിര്‍ക്കാറ്റ് വീശിപ്പറക്കും
വയല്‍പ്പക്ഷി ശ്രദ്ധിച്ചു നോക്കും
ഞരമ്പിന്റെയുള്ളില്‍ത്തിരക്കാ-
ണലുക്കിട്ട മേനിപ്പുളപ്പിന്നു പൂവൊക്കെ-
യെത്തിച്ചൊരുക്കി കൊടുക്കാന്‍
തിടുക്കം തിടുക്കം.”
പ്രിയ കവി അയ്യപ്പപ്പണിക്കരുടെ വിഷുക്കവിതയില്‍ കണിക്കൊന്നയുടെ മനസ്സാണ് വര്‍ണ്ണിക്കുന്നത്. വിഷുവിനെക്കുറിച്ചെഴുതിയവരൊക്ക, കവിതയിലും കഥയിലുമെല്ലാം പീതാംബരപ്പട്ടുടുത്ത പ്രകൃതിയെ ആവോളം വര്‍ണ്ണിക്കുന്നു. അന്തരീക്ഷത്തിലെവിടെയും മഞ്ഞ നിറം….മഞ്ഞക്കുട നിവര്‍ത്തിയതുപോലെ കൊന്ന മരങ്ങള്‍….ഭൂമിയും ആകാശവും മഞ്ഞപ്പട്ടുടുത്തു നില്ക്കുന്നു. മീനവെയിലേറ്റ് കണിക്കൊന്നപ്പൂക്കള്‍ തിളങ്ങുന്നു…..വീണ്ടും വിഷുക്കാലം…വസന്തത്തിന്റെ നിറവില്‍ കണിയൊരുക്കി കാത്തിരിക്കുകയാണ് പ്രകൃതി. പുലര്‍വേളകളില്‍ വിഷുപ്പക്ഷിയുടെ പാട്ട്. പകല്‍ വെയിലിനു പോലും ചൂടിനൊപ്പം വസന്തത്തിന്റെ ഗന്ധം…ആനന്ദം…
ഓട്ടുരുളിയില്‍ ഒരുക്കിയ ഫലങ്ങളും പുഷ്പങ്ങളും നിലവിളക്കിന്റെ പ്രഭയില്‍ സൗന്ദര്യമുള്ള കാഴ്ചയാകുന്നു. അതിരാവിലെ എഴുന്നേറ്റ് ആ കാഴ്ചയ്ക്കു മുന്നില്‍ കണ്ണു തുറന്നാല്‍ ആര്‍ക്കാണ് ആഹ്ലാദമുണ്ടാകാത്തത്. സൂര്യോദയത്തിനു മുന്നേയുള്ള ആ കാഴ്ചയാണ് വിഷു ഉത്സവത്തെ സമ്പന്നമാക്കുന്നത്.
ഗ്രാമപ്രദേശങ്ങളില്‍ വിഷുവിനെ ഇപ്പോഴും പരമ്പരാഗതമായി തന്നെ വരവേല്ക്കുമ്പോള് നഗരത്തില്‍ വിഷു വില്‍പ്പന ചരക്കാണ്. നാട്ടിന്‍പ്രദേശത്ത് കൊന്നപ്പൂക്കള്‍ ശേഖരിക്കാനും കണിയൊരുക്കിനുള്ള ഫലമൂലാദികള്‍ സംഘടിപ്പിക്കാനും മുതിര്‍ന്നവരും കുട്ടികളും എല്ലാവരും തൊടികളിലേക്ക് ഇറങ്ങുമ്പോള്‍ നഗരത്തില്‍ കണിയും സദ്യയുമൊക്കെ വാങ്ങാന്‍ കിട്ടും. കൊന്നപ്പൂവ് മുതല്‍ കണിവയ്ക്കാനുള്ള കൈതച്ചക്ക വരെ അടങ്ങിയ കിറ്റ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു. ആചാരത്തിന്റെ പ്രൗഢിയും ആഘോഷത്തിന്റെ ആഹ്ലാദവും കൈമോശം വരരുതെന്ന് ആഗ്രഹിക്കുന്നവര്‍ വന്‍വിലകൊടുത്തും കണിയൊരുക്കുന്നു.
കണി ഒരുക്കുന്നതാണ് ആഘോഷങ്ങളില്‍ പ്രധാനം. ദീപാലങ്കാരങ്ങളുടെ നടുവില്‍ തേച്ചു മിനുക്കിയ ഓട്ടുരുളിയില്‍ അരി, കൈതച്ചക്ക ഉടച്ചനാളികേരം, തുടങ്ങിയവയും ചക്ക, വെള്ളരിക്ക, കണിക്കൊന്നപ്പൂവ്, വിളക്ക്, സ്വര്‍ണ്ണം, കണ്ണാടി ഗ്രന്ഥക്കെട്ട്, വസ്ത്രം തുടങ്ങിയ അഷ്ടമംഗല്യവും ഒരുക്കി വയ്ക്കുന്നു. ആഭരണങ്ങളണിയിച്ച കൃഷ്ണ വിഗ്രഹവും ഇതോടൊന്നിച്ചുണ്ടാവും. വിഷു ദിവസം രാവിലെ വീട്ടിലെ പ്രായം ചെന്ന ഒരു അംഗം എഴുന്നേറ്റ് വിളക്കുകൊളുത്തി കണികാണുകയും കുടുംബത്തിലെ മറ്റ് അംഗങ്ങളെ വിളിച്ചുണര്‍ത്തി വിഷുക്കണി കാണിക്കുകയും ചെയ്യുന്നു.
സൗവര്‍ണ്ണമായ സങ്കല്‍പ്പങ്ങള്‍ക്ക് ചാരുത പകരുന്ന പൂക്കളാണ് കൊന്നപ്പൂക്കള്‍. പ്രകൃതിയുടെ വിഷുകൈനീട്ടമാണിവ. സംസ്കൃതത്തില്‍ കര്‍ണ്ണികാരമെന്നാണ് കൊന്ന അറിയപ്പെടുന്നത്. സംസ്കൃതത്തില്‍ ആരഗ്വധ, രാജവൃക്ഷ എന്നും കൊന്നയെ പറയുന്നു. മീനം, മേടം മാസങ്ങളില്‍ വേനല്‍ മൂക്കുമ്പോഴാണ് കൊന്ന പൂക്കുക. ഈ സുവര്‍ണ പുഷ്പമരം ഇന്ത്യയുടെ സ്വന്തമാണ്. മലയാളി അതിനെ കേരളത്തിന്റെ പൂവായി വാഴിച്ചിരിക്കുന്നു. പ്രകൃതിയുടെ സ്വര്‍ണ കിരീടമാണ് സുവര്‍ണകാന്തിയുള്ള കൊന്നപ്പൂക്കള്‍. സ്വര്‍ണമലരിയെന്നും കൊന്നപ്പൂക്കള്‍ക്ക് പേരുണ്ട്.
കണി വയ്ക്കുമ്പോഴും ഇതേ സങ്കല്‍പ്പമാണുള്ളത്. കണിയൊരുക്കുന്ന ഓട്ടുരുളി പ്രപഞ്ചത്തിന്റെയും അതിലെ വസ്തുക്കള്‍ കാലപുരുഷന്റെയും പ്രതീകമാണ്. ഉരുളിയിലെ പുസ്തകം വാണിയാണ്, അക്ഷരമാണ്. വിളക്കിലെ തിരികള്‍ വാണിയുടെ കണ്ണുകളാണ്. കണിവെള്ളരി മുഖശ്രീയും. സ്വര്‍ണ്ണവര്‍ണ്ണത്തെ പൂണ്ട മനോഹരമായ കൊന്നപ്പൂക്കളാകട്ടെ കാലപുരുഷനായ വിഷ്ണു ഭഗവാന്റെ പൊന്നിന് കിരീടമാണെന്നാണ് സങ്കല്പം. ഉരുളിയില്‍ വാല്‍ക്കണ്ണാടി വച്ച് ഭഗവതിയെ സങ്കല്പിക്കുന്നവരും കൊന്നയെ ഐശ്വര്യത്തിന്റെ പ്രതീകമായാണ് കാണുന്നത്.
വിഷുവിനെ കുറിച്ച് പ്രധാനമായും രണ്ടു ഐതിഹ്യങ്ങളാണ് പറയുന്നത്. അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണന്, ഗരുഡനും, സത്യഭാമയുമൊത്ത് ഗരുഡാരൂഢനായി പ്രാഗ് ജ്യോതിഷത്തിലേക്ക് പ്രവേശിച്ചു. നരകാസുരന്റെ നഗരമാണ് പ്രാഗ് ജ്യോതിഷം . അവിടെച്ചെന്ന് നഗരത്തിന്റെ ഉപരിതലത്തില്‍ കൂടി ചുറ്റിപ്പറന്ന് നഗരസംവിധാനങ്ങളെല്ലാം നേരില്‍ക്കണ്ട് മനസ്സിലാക്കി. അതിനുശേഷം യുദ്ധമാരംഭിച്ചു.
ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. മുരന്, താമ്രന്, അന്തരീക്ഷന്‍, ശ്രവണന്‍, വസു, വിഭാസു, നഭസ്വാന്‍, അരുണന് ആദിയായ അസുര പ്രമുഖരെയെല്ലാം അവര്‍ നിഗ്രഹിച്ചു. ഒടുവില്‍ നരകാസുരന് തന്നെ പടക്കളത്തിലേക്ക് പുറപ്പെട്ടു. തുടര്‍ന്നു നടന്ന അത്യുഗ്രമായ യുദ്ധത്തില്‍ നരകാസുരന് വധിക്കപ്പെട്ടു. ശ്രീകൃഷ്ണന് അസുര ശക്തിക്കു മേല്‍ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്.
മറ്റൊരു ഐതിഹ്യം രാവണനുമായി ബന്ധപ്പെട്ടതാണ്. രാക്ഷസ രാജാവായ രാവണന് ലങ്ക ഭരിക്കുന്ന കാലത്ത് അയാള്‍ സൂര്യനെ നേരേ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. വെയില് കൊട്ടാരത്തിനകത്ത് കടന്നു ചെന്നത് ഒരിക്കല്‍ രാവണന് ഇഷ്ടമായില്ല എന്നതാണിതിന് കാരണം. ശ്രീരാമന് രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന് നേരേ ഉദിച്ചുള്ളൂ. സൂര്യന്റെ ഈ സ്വാതന്ത്ര്യം നേടലില്‍ ജനങ്ങള്‍ക്കുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്.
വിഷുവിനെ കുറിച്ചു വര്‍ണ്ണിച്ചിട്ടുള്ള സാഹിത്യങ്ങള്‍ നിരവധിയാണ്. കഥയിലും കവിതയിലും സിനിമാ ഗാനങ്ങളിലുമെല്ലാം വിഷു കടന്നു വന്നിട്ടുണ്ട്. വൈലോപ്പിള്ളിയും ഉള്ളൂരും പി.കുഞ്ഞിരാമന്‍നായരും ബാലാമണിയമ്മയും കക്കാടും കുഞ്ഞുണ്ണിയും ഒഎന്‍വി കുറുപ്പുമെല്ലാം വിഷുപ്പാട്ടുകാരാണ്. വിഷുവസന്തത്തെ കവിതയിലേക്കാവാഹിച്ചവര്. എല്ലാവരുടെയും വര്‍ണ്ണനകളില്‍ സ്വര്‍ണ്ണനിറമുള്ള കൊന്നപ്പൂക്കള്‍ ആടിയുലഞ്ഞു. ഉറൂബും കാരൂരും എംടിയും ടി.പദ്മനാഭനും കഥകള്‍ക്ക് വിഷു വിഷയമാക്കി.
”കനകക്കിങ്ങിണി മണികണക്കെഴും
കണിക്കൊന്നപ്പൂവേ നിനക്കെന്തു ഭംഗി
മിഴികള്‍ക്കുത്സവമരുളുവാനെത്ര
വഴിനടന്നു നീ ഇവിടെവന്നെത്തി….”
ഒഎന്‍വിയുടെ വിഷുക്കവിതയില്‍ കൊന്നപ്പൂക്കളെ വര്‍ണ്ണിക്കുന്നതിങ്ങനെയാണ്. കൊന്നപ്പൂവേ കിങ്ങിണിപ്പൂവേ…(അമ്മയെകാണാന്‍), കര്‍ണികാരം പൂത്തുതളിര്‍ത്തു…(കളിത്തോഴി), പൊന്നിലഞ്ഞികള്‍ പന്തലൊരുക്കി…(ഗുരുവായൂര്‍ കേശവന്), മണിക്കൊന്ന പൂത്തു മലര്‍ക്കണിയായി…(മദനോത്സവം), കല്പനാരാമത്തിന് കണിക്കൊന്ന പൂത്തപ്പോള്‍…, കണിക്കൊന്നയല്ല ഞാന്‍ കണി കാണുന്നതെന് കണ്മണി… തുടങ്ങി കണിക്കൊന്നയെ വര്‍ണ്ണിക്കുന്ന ഒട്ടേറെ ചലച്ചിത്രഗാനങ്ങളുണ്ട്. കാണാനഴകുള്ള പൂക്കള്‍ നിറച്ചുണ്ടാവുന്ന വൃക്ഷം മാത്രമല്ല കൊന്ന. അത് ഔഷധവുമാണ്. പൂവും തടിയും തൊലിയും വേരുമെല്ലാം ഔഷധഗുണമുള്ളവ തന്നെ.
മലയാളികളുടെ ഉത്സവങ്ങളൊക്കെ കൃഷിയും വിളവെടുപ്പുമായി ബന്ധപ്പെട്ടുള്ളതാണ്. വിഷുവും മറിച്ചല്ല. വിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും. ഓണം നെല്‍കൃഷിയുമായി ബന്ധപ്പെട്ടാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്. വിഷുവിന് കണി വയ്ക്കുന്ന ഫലങ്ങള്‍ ഉച്ചയൂണിന്റെ സദ്യ വിഭവങ്ങളാകും.
രാവിലെ പ്രാതലിന് ചിലയിടങ്ങളില്‍ വിഷുക്കട്ട എന്ന വിഭവവും കാണാറുണ്ട്. നാളികേരപ്പാലില്‍ പുന്നെല്ലിന്റെ അരി വറ്റിച്ചാണ് വിഷുക്കട്ട ഉണ്ടാക്കുന്നത്. വിഷുക്കട്ടയ്ക്ക് മധുരമോ ഉപ്പോ ഉണ്ടാവാറില്ല. തൃശ്ശൂരിലെ വിഷുവിന് വിഷുക്കട്ട നിര്‍ബന്ധമാണ്. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ. സദ്യയില്‍ മാമ്പഴപുളിശ്ശേരി നിര്‍ബന്ധം. ചക്ക എരിശ്ശേരിയോ, ചക്കപ്രഥമനോ കാണണം. ഓണസദ്യയില്‍ നിന്ന് വിഷുസദ്യക്കുള്ള വ്യത്യാസവും ഇതു തന്നെ. തൊടികളില്‍ ചക്കയും മാങ്ങയും നിറഞ്ഞു നില്ക്കുന്ന കാലമായതുകൊണ്ടാവാമത്.
തെളിഞ്ഞ ആകാശത്തില്‍ സൂര്യന് നേര്‍ക്കുനേര്‍ വരുന്ന കാലമാണ് വിഷു. എല്ലാ ജീവജാലങ്ങളിലും ഊര്ജ്ജസ്വലത കൂടുതല്‍ ഉണ്ടാകുന്ന കാലം. ഭാഷയിലും ഭക്ഷണത്തിലും രുചികളിലും വേഷവിതാനത്തിലുമൊക്കെ അനുദിനം മാറിക്കൊണ്ടിരിക്കുന്ന മലയാളി ഇത്തരം ആഘോഷങ്ങളിലൂടെ അസ്തിത്വം വീണ്ടെടുക്കുകയാണെന്നു പറഞ്ഞാല്‍ തെറ്റില്ല. നാട്ടുമാവിലെ മാമ്പഴത്തിന്റെ രുചിയും പുഴയിലെയോ കുളത്തിലെയോ സമൃദ്ധമായ മുങ്ങിക്കുളിയും പുതുതലമുറയ്ക്ക് അന്യമാകുമ്പോള്‍ പഴമക്കാര്‍ ഇപ്പോഴും അത് അയവിറക്കുന്നു. വിഷു ഇത്തരം രുചികളുടെയും ആഘോഷങ്ങളുടെയും തിരിച്ചറിവ് കൂടിയാണ്. ഓരോ ആഘോഷവും ജീവിതത്തിന് കൂടുതല്‍ മാറ്റു നല്‍കും. വിഷുവും മറിച്ചല്ല. ജീവിതത്തെ പത്തരമാറ്റുള്ളതാക്കാന് ഉപകരിക്കട്ടെ, ഈ വിഷുവും. വൈലോപ്പിള്ളിയുടെ വിഷുക്കവിതയിലിങ്ങനെ…
”കണ്ണടച്ചുഞാന്‍ നീങ്ങി,
കണ്‍തുറന്നു ഞാന്‍ കണി
കണ്ടുഞാന്‍ കണ്ണഞ്ചിക്കും
കമനീയമാം ശില്‍പ്പം
വെള്ളിപോല്‍ വിളങ്ങുന്നോരോട്ടുരുളിയും കണി
വെള്ളരിക്കയും തേങ്ങാമുറികള്‍ തിരികളും
കൊന്നയും പൊന്നും ചാര്‍ത്തിച്ചിരിക്കും
മഹാലക്ഷ്മി
തന്നുടെ കണ്ണാടിയും ഞൊറിഞ്ഞ കരമുണ്ടും
അരി, കുങ്കുമച്ചെപ്പും, ഐശ്വര്യമഹാറാണി-
യ്ക്കരങ്ങു ചമയ്ക്കുവാനമ്മയ്ക്കു വശം പണ്ടേ…”
പ്രതികരിക്കാൻ ഇവിടെ എഴുതുക: