കല്‍പ്പറ്റ: അമേഠിയില്‍ നിന്ന് ഒളിച്ചോടിയ രാഹുല്‍ അഭയം പ്രാപിച്ച മണ്ഡലമെന്ന നിലയില്‍ വയനാടിനെ ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മിലുള്ള കൂട്ടുകെട്ട് കേരളീയര്‍ക്ക് കുറേക്കൂടി വ്യക്തമാകുന്നതിന് രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ഉപകരിച്ചിട്ടുണ്ടെന്നതാണ് ഇവിടെ എന്‍ഡിഎയുടെ നേട്ടം.
സിപിഎമ്മിനെതിരെ താന്‍ ഒന്നും മിണ്ടില്ലെന്ന രാഹുലിന്റെ പ്രസ്താവന കേരളത്തിലെ കോണ്‍ഗ്രസ്സിനെയും സിപിഎമ്മിനെയും ഒരുപോലെ ധര്‍മസങ്കടത്തിലാക്കിയിരിക്കുകയാണ്. രാഹുലിന്റെ പ്രചാരണപരിപാടികളില്‍ കോണ്‍ഗ്രസ് പതാകകളേക്കാള്‍ കൂടുതല്‍ മുസ്ലിം ലീഗ് പതാകകളാണ് കണ്ടത്. ലീഗിന്റെ സഹായത്തോടെ വിജയിക്കാമെന്ന പ്രതീക്ഷയോടെയാണ് രാഹുല്‍ വയനാട്ടില്‍ അഭയം പ്രാപിച്ചതെന്ന വസ്തുത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ്സുകാര്‍ക്കിടയില്‍ ഉണ്ടാക്കിയ അസംതൃപ്തി മറ്റൊരു തിരിച്ചടിയാണ്.
വയനാട്ടിലെ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് വയനാട് ലോക്സഭാ മണ്ഡലം. രാഹുലിനെ തളയ്ക്കാന്‍ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെത്തന്നെ എന്‍ഡിഎ രംഗത്തിറക്കി. പടുകൂറ്റന്‍ റോഡ് ഷോയോടെയാണ് തുഷാര്‍ വയനാട്ടില്‍ പ്രചാരണം തുടങ്ങിയത്. അതോടെ വയനാട്ടില്‍ മത്സരം രാഹുലും തുഷാറും തമ്മിലായി. എല്‍ഡിഎഫ് നേരത്തെ തന്നെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും എല്‍ഡിഎഫ് മലപ്പുറം ജില്ലാ കണ്‍വീനറുമായ പി.പി. സുനീറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു.
പുതുതായി വോട്ടര്‍ പട്ടികയില്‍ ഇടംനേടിയവരുള്‍പ്പെടെ വയനാട് ലോക്സഭാ മണ്ഡലത്തില്‍ 13,57,819 വോട്ടര്‍മാര്‍. 6,73,011 പുരുഷ വോട്ടര്‍മാരും 6,84,807 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. വന്യമൃഗശല്യത്തില്‍ നിന്നുള്ള സംരക്ഷണം, കാര്‍ഷിക ടൂറിസം പാക്കേജുകള്‍, റെയില്‍വേ, വയനാട് മെഡിക്കല്‍ കോളേജ്, കടങ്ങള്‍ എഴുതിത്തള്ളി കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കല്‍, ചുരം ബദല്‍ റോഡ്, രാത്രിയാത്രാ നിരോധനം പിന്‍വലിക്കല്‍ ഇങ്ങനെ നിരവധി കാര്യങ്ങളാണ് മണ്ഡലത്തില്‍ ചര്‍ച്ചയാവുന്നത്. കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്നം പരിഹരിക്കാത്തത് ഇടതുവലതു മുന്നണികള്‍ക്കു തലവേദനയായിട്ടുണ്ട്.
രാത്രിയാത്രാ നിരോധനം നീക്കല്‍, വയനാട് ചുരം റോഡിന് ബദല്‍ റോഡ്, രണ്ട് തവണ തറക്കല്ലിട്ടിട്ടും നടക്കാതെ പോയ വയനാട് മെഡിക്കല്‍ കോളേജ് സഫലമാക്കല്‍, കര്‍ഷകര്‍ക്ക് പ്രത്യേക രക്ഷാ പാക്കേജ്, വന്യജീവി ആക്രമണം ഒഴിവാക്കാനുള്ള നടപടികള്‍, കൃഷിക്കും കുടിവെള്ളത്തിനും ഉപകരിക്കുന്ന ചാലിയാര്‍ നദീതട പദ്ധതി, നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍പാത, നിലമ്പൂരില്‍ ലോകോത്തര മരവ്യവസായ ഹബ്, പാവപ്പെട്ടവര്‍ക്ക് തൊഴില്‍ദാന പദ്ധതി തുടങ്ങിയ കാര്യങ്ങള്‍ക്കാണ് തെരഞ്ഞെടുക്കപ്പെട്ടാല്‍ മുന്‍തൂക്കം നല്‍കുകയെന്ന് തുഷാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: