താങ്കള്‍ സ്ഥിരം മത്സരിക്കാറുള്ള ലോക്സഭാ മണ്ഡലം ഉത്തര്‍പ്രദേശിലെ അമേഠിയാണല്ലോ. എന്നാല്‍ ഇത്തവണ വളരെയധികം ചര്‍ച്ചകള്‍ക്കുശേഷം കേരളത്തില്‍ വയനാട്ടില്‍ക്കൂടി മത്സരിക്കാന്‍ തീരുമാനിച്ചു. രണ്ടു വ്യത്യസ്ത മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കുന്നതിന് താങ്കളുടെ സഹപ്രവര്‍ത്തകര്‍ പറഞ്ഞ കാരണവും താങ്കളുടെ വിശദീകരണവും വ്യത്യസ്തവുമായിരുന്നു. ദക്ഷിണേന്ത്യയില്‍ നിന്ന് കോണ്‍ഗ്രസ്സിന് കൂടുതല്‍ സീറ്റ് ലഭിക്കുവാന്‍ താങ്കള്‍ വയനാട്ടില്‍ സ്ഥാനാര്‍ഥി ആകുന്നത് സഹായിക്കും എന്നാണ് സഹപ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചത്. ദക്ഷിണേന്ത്യക്കാര്‍ക്ക് തങ്ങള്‍ അവഗണിക്കപ്പെടുന്നു എന്ന ഒരു ധാരണ നിലവിലുണ്ടെന്നും എന്നാല്‍ താന്‍ ദക്ഷിണേന്ത്യക്കൊപ്പം ഉണ്ടെന്ന് തെളിയിക്കാനാണ് വയനാട്ടില്‍നിന്ന് മത്സരിക്കുന്നത് എന്നുമാണ് താങ്കള്‍ പറഞ്ഞത്.
താങ്കള്‍ മത്സരിക്കുന്നതുകൊണ്ട് കോണ്‍ഗ്രസ്സില്‍ കൂടുതല്‍ സീറ്റു ലഭിക്കും എന്നത് ശരിയായിരുന്നെങ്കില്‍ ഉത്തര്‍പ്രദേശില്‍ അതു കാണണമായിരുന്നു. താങ്കള്‍ പറഞ്ഞതുപോലെ ദക്ഷിണേന്ത്യക്കാരെ അവഗണിക്കുന്നു എന്ന തോന്നല്‍ ഇല്ലാതാക്കാനാണ് മത്സരിക്കുന്നതെങ്കില്‍ എന്തിന് അമേഠിയില്‍ മത്സരിക്കണം? വയനാട്ടില്‍ മത്സരിക്കുന്നതിനെക്കുറിച്ച് എന്തിന് ഇത്രയധികം ആലോചിച്ചു? ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയം പ്രകടനപത്രികയില്‍ എന്തുകൊണ്ട് ചേര്‍ത്തില്ല. സത്യം മറ്റൊന്നല്ലേ? അമേഠിയില്‍ വിജയം സുനിശ്ചിതമല്ല. അതുകൊണ്ട് ഒരു സുരക്ഷിത മണ്ഡലം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഫലമായാണ് വയനാട്ടില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഒരുകാര്യം അറിയിക്കാന്‍ ആഗ്രഹിക്കുന്നു. വയനാട്ടില്‍നിന്ന് മത്സരിക്കുമ്പോള്‍ താങ്കള്‍ മുസ്ലിംലീഗിന്റെ തടവറയിലാകുകയാണ് എന്നത് ഓര്‍ക്കണം.
ഇന്ത്യക്കത് സാധിക്കുമോ എന്ന് സംശയമെന്തിന്?
പ്രകടനപത്രികയ്ക്ക് താങ്കള്‍ എഴുതിയ മുഖവുര വായിച്ചു. ഇന്ത്യയുടെ ഇന്നത്തെ നിലയെക്കുറിച്ചുള്ള അഭിപ്രായം അതില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അതിലെല്ലാം ‘will india be able’ ‘ഇന്ത്യക്ക് അതിനാകുമോ’ എന്ന സംശയം ഉന്നയിച്ചിരിക്കുന്നു. ‘india will be able’ ‘ഇന്ത്യക്കതു സാധിക്കും’ എന്നു പറയാന്‍ താങ്കള്‍ക്ക് കഴിഞ്ഞില്ല. ഇന്ത്യയെപ്പോലെ വെല്ലുവിളികളെ വിജയപൂര്‍വം അതിജീവിച്ച മറ്റൊരു രാജ്യമില്ല. അതുകൊണ്ട് ഇന്ത്യക്കത് സാധിക്കുമോ എന്ന സംശയം താങ്കള്‍ പ്രകടിപ്പിക്കുന്നത് ഈ നാടിന്റെ സംസ്കാരത്തെയും ചരിത്രത്തേയും അതിജീവന ശക്തിയേയും അപമാനിക്കലാണ്. ഇതിനു കാരണം ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ചുള്ള താങ്കളുടെ അജ്ഞതയാണ്.
മോദിയുടെ ഭരണകാലത്തെപ്പറ്റി ഏതുതരത്തിലുള്ള അഭിപ്രായം വച്ചുപുലര്‍ത്താനും താങ്കള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ കോണ്‍ഗ്രസ്സ് ഇന്ത്യയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം എന്നും പ്രസ്താവിക്കുന്നു. സ്വതന്ത്രഭാരതത്തില്‍ 60 വര്‍ഷത്തിലേറെ കോണ്‍ഗ്രസ് ഭരണം കണ്ടശേഷം ജനങ്ങള്‍ കോണ്‍ഗ്രസ്സിനെ തിരസ്കരിക്കുകയാണുണ്ടായത്. ജനാധിപത്യം നിലവിലുള്ള ഒരു രാജ്യത്തും ഒരേ കക്ഷി തുടര്‍ച്ചയായി 50 വര്‍ഷം ഒരു രാജ്യം ഭരിച്ചിട്ടില്ല. എന്നാല്‍ 60 വര്‍ഷത്തിനു ശേഷവും ദാരിദ്ര്യം, തൊഴിലില്ലായ്മ, അസമത്വം ഇവ എന്നിട്ടും നിലനില്ക്കുന്നുവെങ്കില് അതിനു കാരണം കോണ്‍ഗ്രസ്സാണ്. 60 വര്‍ഷംകൊണ്ട് കോണ്‍ഗ്രസ്സ് ഉണ്ടാക്കിയ പ്രശ്നങ്ങള്‍ അഞ്ചു വര്‍ഷംകൊണ്ട് മോദി പരിഹരിച്ചില്ല എന്നാണല്ലോ ആരോപണം.
കോണ്‍ഗ്രസ് നടത്തിയ ത്യാഗത്തെക്കുറിച്ചും താങ്കള്‍ പറയുന്നു. മഹാത്മാഗാന്ധി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, ബിയാന്ത് സിങ് എന്നിവരുടെ രക്തസാക്ഷിത്വത്തെക്കുറിച്ചു പറയുന്നു. എന്നാല്‍ നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ചന്ദ്രശേഖര്‍ ആസാദ് എന്നിവരെക്കുറിച്ച് പരാമര്‍ശിക്കുന്നുപോലുമില്ല. താങ്കളുടെ ദൃഷ്ടിയില് ഇന്ത്യാ ചരിത്രം കോണ്‍ഗ്രസ്സിന്റേതും നെഹ്റു കുടുംബത്തിന്റേതും മാത്രമാണോ? പഴശ്ശിയും വേലുത്തമ്പിയും എല്ലാം അന്യരാണോ? വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്പ്പിക്കാനെത്തിയിട്ടുപോലും പഴശ്ശിയെക്കുറിച്ച് താങ്കള്‍ പരാമര്‍ശിച്ചില്ല എന്നത് ചരിത്രബോധത്തിന്റെ കുറവ് എത്രമാത്രം ഭീകരമാണെന്ന് തെളിയിക്കുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷം മോദി ഭരണം നാടിനെ എല്ലാ രംഗത്തും പിന്നോട്ടുകൊണ്ടുപോയി എന്ന് താങ്കള്‍ ആരോപിക്കുന്നു. ഇത് വസ്തുതകള്‍ക്ക് വിരുദ്ധമാണ്. 2014-ല്‍ മോദി ഭരണം ആരംഭിക്കുമ്പോള്‍ ഇന്ത്യ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ അവഗണിക്കപ്പെട്ട രാജ്യമായിരുന്നു. നാട്ടിലെങ്ങും നിരാശ പടര്‍ന്നിരുന്നു. എന്നാല്‍ വീണ്ടും പ്രതീക്ഷയുടെ പുതുനാമ്പുകള്‍ മുളപ്പിക്കാന്‍ മോദി ഭരണത്തിനായി.
ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കട്ടെ
താങ്കളുടെ അമ്മ സോണിയ 1969-ല്‍ വിവാഹിതയായി ഇന്ത്യയില്‍ വന്നു. എന്നാല്‍ 1983 വരെ സോണിയ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചില്ല. അവര്‍ ഇറ്റലിയില്‍ പൗരത്വം നിലനിര്‍ത്തി. രാജീവ് ഗാന്ധി അധികാരസ്ഥാനത്തെത്താന്‍ സാധ്യത തെളിഞ്ഞപ്പോള്‍ മാത്രമാണ് സോണിയ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുന്നതിന് തന്റെ വിദേശപൗരത്വം ഒരു തടസ്സമാകരുത് എന്ന് അവര്‍ ചിന്തിച്ചിരുന്നിരിക്കണം.
സോണിയ പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിച്ചു എന്നും അതു വലിയൊരു ത്യാഗമാണെന്നും പ്രചരണമുണ്ട്. ഇറ്റലിയില്‍ ജനിച്ചുവളര്‍ന്ന, 15ലേറെ വര്‍ഷക്കാലം ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാതിരിക്കുകയും ഇറ്റലിയില്‍ പൗരത്വം നിലനിര്‍ത്തുകയും ചെയ്ത സോണിയക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ എന്ത് അവകാശമാണുള്ളത്? രാജീവ് ഗാന്ധിയുടെ ഭാര്യ എന്നതല്ലാതെ സോണിയക്ക് ഇന്ത്യയുമായി എന്തുബന്ധം? അങ്ങനെയുള്ള ഒരാള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ചത് എന്തുകൊണ്ട്? അവര്‍ക്ക് പ്രധാമന്ത്രിസ്ഥാനത്തിന് അര്‍ഹത ഇല്ലാതിരിക്കെ ത്യാഗത്തിന്റെ പ്രശ്നം ഉദിക്കുന്നതേയില്ല.
2004-ല്‍ കോണ്‍ഗ്രസ്സ് ഏറ്റവും വലിയ ഒറ്റകക്ഷിയായ ശേഷം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടെന്ന് തെളിയിക്കാന്‍ അന്നത്തെ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി സോണിയയെ തിരഞ്ഞെടുത്തു. യുപിഎയിലെ ഘടകകക്ഷി അംഗങ്ങളുടെ പിന്തുണയും സോണിയക്ക് ആയിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് തന്നെ പിന്തുണക്കുന്നവരുടെ ലിസ്റ്റും പിന്തുണ കത്തും സോണിയ രാഷ്ട്രപതിക്ക് എത്തിച്ചു. രാഷ്ട്രപതി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചു. എന്നാല്‍ അതിനിടയില്‍ സുബ്രഹ്മണ്യന്‍സ്വാമി രാഷ്ട്രപതിയെ കണ്ടു. അതിനുശേഷം രാഷ്ട്രപതി സോണിയക്ക് പ്രത്യേക ദൂതന് വഴി ഒരു കത്ത് കൊടുത്തയച്ചു. രാഷ്ട്രപതിയുടെ കത്ത് കിട്ടിയശേഷമാണ് സോണിയ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി വിളിച്ചുകൂട്ടി താന്‍ പ്രധാനമന്ത്രിസ്ഥാനം ആഗ്രഹിക്കുന്നില്ല എന്നു പ്രഖ്യാപിച്ചത്. പകരം മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയും ചെയ്തു.
ആദ്യം പ്രധാനമന്ത്രിയാകാന്‍ വേണ്ട തയാറെടുപ്പുകള്‍ എടുത്ത സോണിയ, രാഷ്ട്രപതിയുടെ കത്ത് കിട്ടിയശേഷം ആ സ്ഥാനത്തേക്ക് ഇല്ല എന്നു പറയുന്നു. പ്രധാനമന്ത്രിയായി, തന്നോട് പൂര്‍ണവിധേയത്വം പുലര്‍ത്തുന്ന, മന്മോഹന് സിങ്ങിനെ നിര്‍ദേശിക്കുന്നു, ഇത് ത്യാഗമല്ല. ഗൂഢതന്ത്രമാണ്. മന്മോഹന് സിങ്ങിനെ മറയാക്കി പത്തു വര്‍ഷം സോണിയ ഇന്ത്യ ഭരിച്ചു.
ഇന്ത്യയിലെ ജനാധിപത്യവും പൗരസ്വാതന്ത്ര്യവും സാമ്പത്തിക വികസനവും ദേശസുരക്ഷയും ഭീഷണി നേരിടുന്നുണ്ടെങ്കില്‍ അതിനു പ്രധാന ഉത്തരവാദി താങ്കളുടെ കുടുംബവും കോണ്‍ഗ്രസ്സുമാണ്.
നെഹ്റു കുടുംബത്തില്‍ ജനിച്ചതുകൊണ്ട്, രാജ്യത്തെ ഉന്നതപദവി താങ്കള്‍ക്കും കുടുംബത്തിനും ലഭ്യമാകുന്നു. ഇത് ഇനി നടപ്പില്ല. ജനവിധി അത് തെളിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: