ആലപ്പുഴ: തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം അവശേഷിക്കെ ഇടതുവലതു മുന്നണികളില്‍ ആശയക്കുഴപ്പം രൂക്ഷം. ശബരിമല വിഷയം സജീവമായി നിലനില്ക്കുന്നതും എന്‍ഡിഎയുടെ മുന്നേറ്റവുമാണ് ഇരുമുന്നണികളേയും ഒരുപോലെ വെട്ടിലാക്കിയിരിക്കുന്നത്. ബിജെപിയുടെ മുന്നേറ്റം ഏത് മുന്നണിയേയാണ് കൂടുതല്‍ ബാധിക്കുക എന്നതാണ് ആശങ്കയ്ക്ക് കാരണം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം ഇടതു വോട്ട് ബാങ്കിനെയാണ് സാരമായി ബാധിച്ചത്. എന്നാല്‍ മതന്യൂനപക്ഷങ്ങളുടെ ഏകീകരണം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ ഇടതിന് കഴിഞ്ഞതിനാല്‍ പരമ്പരാഗത വോട്ടുബാങ്കിലെ കുറവ് അതുവഴി പരിഹരിക്കാന്‍ സാധിച്ചു. ശബരിമല വിഷയം, ബിജെപി, സംഘപരിവാര്‍ വിരോധം തുടങ്ങി പ്രചാരണങ്ങളിലൂടെ സംഘടിത ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ച് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ നേട്ടം ആവര്‍ത്തിക്കുക എന്നതായിരുന്നു സിപിഎമ്മിന്റെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് തന്ത്രം.
എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം സിപിഎമ്മിന്റെ കണക്കുകൂട്ടലുകളെ ആകെ തെറ്റിച്ചു.
മതന്യൂനപക്ഷങ്ങളെ തങ്ങള്‍ക്കനുകൂലമാക്കി ഉറപ്പിച്ച് നിര്‍ത്താന്‍ യുഡിഎഫ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ പരിശ്രമിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മാറ്റേണ്ട അവസ്ഥയിലാണ് സിപിഎം. ശബരിമല വിഷയത്തിലടക്കം പരമ്പരാഗതമായി തങ്ങള്‍ക്ക് അനുകൂലമായി നിന്നിരുന്ന ജനവിഭാഗത്തെ പിണക്കുകയും ചെയ്തു, മതന്യൂനപക്ഷങ്ങള്‍ കൈവിട്ടു പോകുകയും ചെയ്യുമെന്ന ആശങ്കയാണ് ഇടതിനുള്ളത്.
രാഹുലിന്റെ വരവോടെ മുസ്ലിംലീഗിനു മുമ്പില്‍ പൂര്‍ണമായും കീഴടങ്ങേണ്ടി വന്നു എന്നതാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത്. ലീഗ് വരയ്ക്കുന്ന വരയ്ക്കപ്പുറം ചലിക്കാനാകാത്ത ദയനീയ സ്ഥിതിയിലായി കോണ്‍ഗ്രസ്.
ശബരിമല വിഷയം തിരിച്ചടിയാകുമെന്ന് വ്യക്തമായതോടെ ഇരുമുന്നണികളും സംഘടിത മതന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ച് നടത്തുന്ന പ്രചാരണങ്ങള്‍ വരും ദിവസങ്ങള്‍ കൂടുതല്‍ ശക്തമാകാനാണ് സാദ്ധ്യത. പ്രചാരണ രംഗത്ത് വികസനവും, പ്രളയവും അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാക്കാതെ മതന്യൂനപക്ഷങ്ങളുടെ യഥാര്‍ത്ഥ രക്ഷകര്‍ തങ്ങളാണെന്ന പ്രചാരണമാണ് സിപിഎമ്മും കോണ്‍ഗ്രസും മത്സരിച്ച് നടത്തുന്നത്.
പച്ചയായ വര്‍ഗീയതയാണ് പല സ്ഥലങ്ങളിലും പ്രചരിപ്പിക്കുന്നത്. ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ ഒരു പ്രത്യേക മതവിഭാഗത്തിന് എംപിയേയും എംഎല്‍എയേയും ലഭിക്കുമെന്ന് വരെ പ്രചരിപ്പിക്കുന്നു. എന്നാല്‍ ഇടതുപക്ഷം ജയിച്ചാല്‍ ഒഴിവു വരുന്ന നിയമസഭാ മണ്ഡലത്തില്‍ അതേ മതവിഭാഗത്തില്‍പ്പെട്ടയാളെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് മറുപക്ഷവും തിരിച്ചടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: