തൊടുപുഴ: മഞ്ചിക്കല്ലിലെ ആ മണ്ണും കരയുന്നുണ്ട്. കഴിഞ്ഞ രാത്രി ആ മണ്ണിന്റെ ആഴങ്ങള്‍ സ്വീകരിച്ചത് ഒരു മനുഷ്യന്റെ ക്രൂരതയില്‍ പൊലിഞ്ഞ ഒരു കുരുന്നിനെയാണ്.
കുമാരമംഗലത്ത് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ആ കുരുന്നിന്റെ ഓര്‍മകള്‍ നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയില്‍ നൊമ്പരമായി അലയടിക്കുന്നു. നല്ല ചുറുചുറുക്കുള്ള കുട്ടിയുടെ പെട്ടെന്നുള്ള വിടപറച്ചില്‍ ഒപ്പം പഠിച്ചവര്‍ക്കും വിശ്വസിക്കാവുന്നതിനപ്പുറമാണ്.
തിരുവനന്തപുരത്താണ് അച്ഛന്റെ വീടെങ്കിലും ഏഴ് വയസ്സുകാരന് തൊടുപുഴയിലാണ് താമസിച്ചിരുന്നത്. അമ്മ വീടായ ഉടുമ്പന്നൂരിലെ മഞ്ചിക്കല്ലിന് സമീപത്തെ നഴ്സറിയിലാണ് പഠിച്ചത്. പിന്നീട് ഒന്നാം ക്ലാസില്‍ തട്ടക്കുഴ സ്കൂളിലും. ഇതിനിടെയാണ് അച്ഛന് മരിച്ചത്. ഈ നാടു മുഴുവന്‍ പ്രാര്‍ഥനയിലായിരുന്നു, പക്ഷേ ഇതെല്ലാം വിഫലമായി. അവന് വേദനകളില്ലാത്ത ലോകത്തേക്ക് പറന്നകന്നു. ശനിയാഴ്ച രാത്രി ഒന്പതുമണിയോടടുത്താണ് കോട്ടയത്ത് നിന്ന് മഞ്ചിക്കല്ലിലെ വീട്ടില്‍ മൃതദേഹമെത്തിച്ചത്. പത്തു മിനിറ്റോളം വീടിനുള്ളില്‍ ബന്ധുക്കള്‍ക്കു കാണുന്നതിനായി വെച്ചു. വീടിനു പുറത്ത് പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ സങ്കടക്കടല്‍ പൊട്ടിയൊഴുകി.
കുമാരമംഗലത്തെ സ്കൂളില്‍ പഠിച്ചിരുന്ന കുട്ടികളും ആദ്യകാല സഹപാഠികളും അധ്യാപകരും അവസാനമായി കാണുന്നതിനായി എത്തിയിരുന്നു. കൂട്ടുകാരന് നിത്യനിദ്രയിലാണെന്ന് ചില കൂട്ടുകാര്‍ക്ക് മനസ്സിലായതുപോലുമില്ല. മൂന്നരവയസ്സുള്ള അനുജന് ആളുകള്‍ക്കിടയിലൂടെ നടക്കുകയായിരുന്നു. സംസ്കാര ചടങ്ങുകള്‍ രാത്രി ഒന്‍പതരയോടെ അവസാനിച്ചു. ഒരു ദിവസം പിന്നിട്ടിട്ടും ആരുടേയും മനസ്സില്‍ നിന്നു മായുന്നില്ല ആ മുഖം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: