ന്യൂദല്‍ഹി: സിപിഎമ്മുമായി മത്സരത്തിനില്ലെന്നും സിപിഎമ്മിനെതിരെ യാതൊന്നും പറയില്ലെന്നുമുള്ള കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന പ്രവര്‍ത്തകരെ നോക്കുകുത്തികളാക്കി ഇടതു-വലതു നേതൃത്വങ്ങള്‍ വയനാട് മണ്ഡലത്തിലുണ്ടാക്കിയ പരസ്യ ധാരണയുടെ വ്യക്തമായ തെളിവ്. കേരളത്തിലെ മറ്റെല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ മത്സരിക്കുമ്പോഴും വയനാട്ടില്‍ അത്തരം മത്സരമില്ലെന്ന സന്ദേശമാണ് രാഹുല്‍ നല്‍കിയത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രാഹുലും ദേശീയ തലത്തിലുണ്ടാക്കിയ ധാരണപ്രകാരം വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകും.
സിപിഎമ്മല്ല ബിജെപിയാണ് മുഖ്യശത്രുവെന്നും സിപിഎമ്മിനെതിരെ എന്തെങ്കിലും പറയാന്‍ തന്നെ കിട്ടില്ലെന്നും രാഹുല്‍ വയനാട്ടില്‍ പറഞ്ഞത് സിപിഎം-കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. ഇരു മുന്നണികളും പരസ്പര ധാരണയോടെയാണ് തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയിരിക്കുന്നതെന്ന ബിജെപിയുടെ ആരോപണം ശരിവയ്ക്കുന്ന പ്രസ്താവനയാണ് രാഹുല്‍ ഇന്നലെ വയനാട്ടില്‍ നടത്തിയതെന്നും ശ്രദ്ധേയം.
സിപിഎമ്മിലെ സഹോദരീ സഹോദരന്മാര് തനിക്കെതിരെ സംസാരിച്ചാലും പ്രചാരണത്തിനിടെ സിപിഎമ്മിനെതിരെ താനൊന്നും പറയില്ലെന്ന രാഹുലിന്റെ പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി. കൃപേഷ്, ശരത്ത് എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ വധിച്ച പെരിയയിലെ ഇരട്ടക്കൊലപാതകം അടക്കമുള്ള വിഷയങ്ങള്‍ പ്രചാരണത്തില്‍ നിന്നു പിന്‍വലിക്കേണ്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്സ്. വയനാട്ടില്‍ ഇടതു മുന്നണിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കി രാഹുലിന്റെ ഭൂരിപക്ഷം ഉയര്‍ത്തണമെന്ന ആവശ്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് യെച്ചൂരിക്ക് മുന്നില്‍ വെച്ചിട്ടുണ്ട്.
കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചില്ലെങ്കില്‍ നാണക്കേടാണെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. കഴിഞ്ഞ തവണ വെറും പതിനയ്യായിരം മാത്രമായിരുന്ന ഭൂരിപക്ഷം ഹൈക്കമാന്‍ഡിന് ആശങ്ക ഉണ്ടാക്കുന്നുണ്ടെങ്കിലും സിപിഎമ്മിന്റെ സഹായത്തോടെ അതിനെ മറികടക്കാനാണ് ശ്രമം. എന്നാല്‍ ഇടതു-വലതു മുന്നണികളുടെ വയനാട്ടിലെ രഹസ്യ ധാരണ ജനങ്ങളുടെ മുന്നിലെത്തിച്ച് പ്രചാരണം നടത്താനാണ് എന്‍ഡിഎയുടെ തീരുമാനം.
സിപിഎമ്മിനെതിരെ ഒരു വാക്കു പോലും പറയില്ലെന്ന് രാഹുല്‍
കല്‍പ്പറ്റ: സിപിഎമ്മിനെതിരെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താന്‍ ഒരു വാക്കു പോലും പറയില്ലെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍.
ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് താന്‍ മത്സരിക്കുന്നത്.
സിപിഎമ്മിലെ സഹോദരങ്ങളുടെ വിമര്‍ശനങ്ങള്‍ സന്തോഷത്തോടെ നേരിടും. എന്റെ മുഖ്യശത്രു ബിജെപിയാണ്. നാമനിര്‍ദേശ പത്രിക നല്കിയ ശേഷം രാഹുല്‍ പറഞ്ഞു.
കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, ജോസ് കെ. മാണി തുടങ്ങിയ നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: