വലിപ്പത്തിന്റെ കാര്യത്തില്‍ ചില വടക്കുകിഴക്കന്‍ സംസ്ഥനങ്ങളോടാണ് ഗോവയെ താരതമ്യപ്പെടുത്താവുന്നത്. രണ്ടേ രണ്ട് ലോക്സഭാ സീറ്റുകളാണ് തീരെ ചെറിയ ഈ സംസ്ഥാനത്തുള്ളതെങ്കിലും ദേശീയതലത്തില്‍ ലഭിക്കുന്ന രാഷ്ട്രീയ പ്രാമുഖ്യം കണക്കിലെടുക്കുമ്പോള്‍ പല വലിയ സംസ്ഥാനങ്ങളെയും ഗോവ മറികടക്കും. ചടുലമായ രാഷ്ട്രീയ മാറ്റങ്ങളുടെയും അട്ടിമറികളുടെയും നാടായ ഗോവയില്‍ പ്രവചനങ്ങള്‍ അസാധ്യമാക്കും വിധമാണ് സ്ഥിതിഗതികള്‍ പുരോഗമിക്കാറുണ്ടായിരുന്നത്.
പതിറ്റാണ്ടുകള്‍ നീളുന്ന ഈ രാഷ്ട്രീയ കാലാവസ്ഥയ്ക്ക് 2012 മുതല്‍ മാറ്റം വന്നു. ആ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരികയും, മനോഹര്‍ പരീഖര്‍ മുഖ്യമന്ത്രിയാവുകയും ചെയ്തതോടെ സംസ്ഥാനം ഭരണസ്ഥിരത കൈവരിച്ചു. 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സഭയില്‍ ഭൂരിപക്ഷം തെളിയിച്ച് സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞത് ബിജെപിക്കാണ്.
കരുത്തു തെളിയിച്ച് സാവന്ത്
മനോഹര്‍ പരീക്കറുടെ അകാലമരണം സംസ്ഥാന സര്‍ക്കാരിനുമേല്‍ അനിശ്ചിതാവസ്ഥയുടെ നിഴല്‍ പരത്തിയെങ്കിലും സ്പീക്കറായിരുന്ന പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സഭയില്‍ ഭൂരിപക്ഷം തെളിയിച്ചതോടെ രാഷ്ട്രീയ എതിരാളികളെ ബിജെപി നിരാശരാക്കി. ഒട്ടും വൈകാതെ എംജിപിയുടെ ആകെയുള്ള മൂന്ന് എംഎല്‍എമാരില്‍ രണ്ട് പേരെ സ്വപക്ഷത്തേക്ക് കൊണ്ടുവന്ന് സാവന്ത് കരുത്ത് തെളിയിക്കുകയും ചെയ്തു.
പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മനോഹര്‍ പരീക്കറുടെ അഭാവത്തിലും രണ്ട് ലോക്സഭാ സീറ്റിലും ബിജെപി ഉജ്ജ്വല വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി സാവന്ത്. ”മോദി സര്‍ക്കാര്‍ ഒരു വട്ടം കൂടി അധികാരത്തില്‍ വരണമെന്ന വികാരം രാജ്യത്ത് അലയടിക്കുകയാണ്. സംസ്ഥാനത്ത് ഘടകകക്ഷികളും സ്വതന്ത്രന്മാരും ഞങ്ങള്‍ക്കൊപ്പമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടും. രണ്ട് ലോക്സഭാ സീറ്റില്‍ മാത്രമല്ല, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും ഞങ്ങള്‍ തന്നെ ജയിക്കും.” സാവന്തിന്റെ വാക്കുകളില്‍ വിജയപ്രതീക്ഷ തുടിച്ചുനില്ക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ഗോവയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
ശ്രീപദ് നായിക്കും നരേന്ദ്ര സാവായ്ക്കറും
കേന്ദ്രമന്ത്രി ശ്രീപദ് നായിക്കാണ് നോര്‍ത്ത് ഗോവ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി. നാല് തവണ ഇവിടെനിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട നായിക്കിന് ഇക്കുറിയും അനായാസ വിജയം ഉറപ്പാണ്. പരീക്കറുടെ അഭാവം പ്രചാരണത്തില്‍ പ്രകടമാവുമെങ്കിലും മരണത്തിന് തൊട്ടുമുന്‍പ് അദ്ദേഹം നല്കിയ നിര്‍ദേശങ്ങള്‍ പ്രചാരണത്തിന്റെ ഭാഗമാക്കുമെന്ന് നായിക്ക് പറയുന്നു.
ബിജെപിയുടെ നരേന്ദ്ര സാവായ്ക്കറാണ് സൗത്ത് ഗോവയുടെ എംപി. 2014-ല്‍ ഈ സീറ്റ് കോണ്‍ഗ്രസ്സില്‍നിന്ന് പിടിച്ചെടുത്തതാണ്. ഇക്കുറിയും സാവായ്ക്കറാണ് ഇവിടത്തെ ബിജെപി സ്ഥാനാര്‍ത്ഥി. ലളിത ജീവിതത്തിനുടമയായ സാവായ്ക്കര് വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് ഒപ്പമുണ്ടായിരുന്ന മുഖ്യമന്ത്രി പ്രമോദ് സാവന്ത് പിന്നീട് മാധ്യമങ്ങളോട് പറയുകയുണ്ടായി. ചുരുക്കത്തില്‍ അറബിക്കടലിനോട് ചേര്‍ന്നുകിടക്കുന്ന ഈ തീരദേശസംസ്ഥാനത്തുനിന്ന് ബിജെപിയുടെ പ്രതിനിധികളാവും ഒരിക്കല്‍ക്കൂടി പാര്‍ലമെന്റിലെത്തുക.
പരീക്കറുടെ മക്കളും രാഷ്ട്രീയത്തിലേക്ക്
ഭരണപാടവംകൊണ്ടും ലളിതജീവിതംകൊണ്ടും ഗോവന്‍ ജനതയുടെ ഹൃദയം കവര്‍ന്ന മനോഹര്‍ പരീക്കറുടെ വിയോഗം ബിജെപിക്കു മാത്രമല്ല, സംസ്ഥാനത്തിനുതന്നെ വലിയൊരു നഷ്ടമാണ്. എന്നാല്‍ അച്ഛന്റെ കാല്‍പ്പാടുകള്‍ പിന്തുടര്ന്ന് പരീക്കറുടെ മക്കളും രാഷ്ട്രീയത്തിലിറങ്ങുന്നു. സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും മാതൃകയായിരുന്ന അച്ഛന്റെ പൈതൃകം കാത്തുസൂക്ഷിക്കുമെന്ന് മക്കളായ ഉത്പലും അഭിജാതുമാണ് സൂചന നല്‍കിയത്.
രാഷ്ട്രീയത്തിലിറങ്ങുന്നത് സംബന്ധിച്ച് ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് മൂത്തമകന് ഉത്പല്‍ അഭിപ്രായപ്പെട്ടു. പരീക്കറുടെ മരണത്തില്‍ ദുഃഖം പ്രകടിപ്പിച്ച് അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ എഴുതിയ കത്തുകള്‍ക്ക് ട്വിറ്ററിലൂടെ നല്കിയ മറുപടിയിലാണ് മക്കള്‍ തങ്ങളുടെ ആഗ്രഹം പ്രകടിപ്പിച്ചത്.
അവസാന നിമിഷംവരെ ധീരമായി ജീവിക്കുകയും, രാജ്യത്തെ സേവിക്കുകയും ചെയ്ത പരീക്കറുടെ മരണം സൃഷ്ടിച്ച ശൂന്യത വളരെ വലുതാണെന്നും, അദ്ദേഹത്തോട് മറ്റുള്ളവര്‍ക്കുണ്ടായിരുന്ന സ്നേഹം തിരിച്ചറിയുമ്പോള്‍ ഒരു വലിയ കുടുംബത്തിന്റെ ഭാഗമാണ് തങ്ങളെന്ന് തോന്നുന്നുവെന്നും മക്കള്‍ ഇരുവരും ട്വിറ്റര്‍ സന്ദേശത്തില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: