കാസര്‍കോട്: പാവപ്പെട്ട കുടുംബങ്ങളിലെ വിധവകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ധനസഹായം വിതരണം ചെയ്യാതെ തടഞ്ഞുവച്ച് സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയക്കളി. ദേശീയ കുടുംബക്ഷേമ മരണാനന്തര ധനസഹായ പദ്ധതി പ്രകാരം ലഭിക്കേണ്ട സഹായമാണ് പൂഴ്ത്തിയത്. ബിപിഎല്‍ കുടുംബങ്ങളിലെ വിധവകളോടാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ ദ്രോഹം. ബിപിഎല്‍ കുടുംബങ്ങളിലെ ആശ്രയമായ ഭര്‍ത്താവ് മരിച്ചാല്‍ വിധവകളെ സഹായിക്കാനാണ് ദേശീയ കുടുംബക്ഷേമ മരണാനന്തര ധനസഹായ പദ്ധതിയില്‍ കേന്ദ്രം തുക അനുവദിക്കുന്നത്.
ഇങ്ങനെ വിതരണം ചെയ്യാതെ സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് തൊണ്ണൂറ്റി മൂന്ന് കോടി തൊണ്ണൂറ്റാറ് ലക്ഷത്തിഅറുപതിനായിരം (93,96,60,000) രൂപ. ഈ പദ്ധതി പ്രകാരം 46,983 പേര്‍ക്കാണ് ആനുകൂല്യം ലഭിക്കാനുള്ളത്. കേന്ദ്ര സര്‍ക്കാര്‍ നല്കിയ ദേശീയ കുടുംബക്ഷേമ മരണാനന്തര ധനസഹായ തുക രാഷ്ട്രീയ വിരോധം വച്ച് സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ വിതരണം ചെയ്തിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പൂര്‍ണമായും കേന്ദ്ര ഫണ്ട്
പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ വിഹിതമായ പണം സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പ് വഴിയാണ് അര്‍ഹരായവരെ കണ്ടെത്തി വിതരണം ചെയ്യുന്നത്. ഒരു കുടുംബത്തിന് ദേശീയ കുടുംബക്ഷേമ പദ്ധതിയിലൂടെ ഇരുപതിനായിരം രൂപയാണ് അനുവദിക്കുന്നത്. 2016 മുതല്‍ 2019 മാര്‍ച്ച് വരെയുള്ള ഈ തുക സംസ്ഥാനത്ത് വിതരണം ചെയ്യാതെ കെട്ടിക്കിടക്കുകയാണെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ പറയുന്നത്. സഹായം തേടി അപേക്ഷ നല്കി കാത്തിരിക്കുന്നവരോട് കളക്ടറേറ്റുകളില്‍ നിന്ന് പറയുന്നത് കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കിയിട്ടില്ലാ എന്നാണ്.
തുക മുഴുവന്‍ കേന്ദ്രം കൈമാറി
എന്നാല്‍ 2018-19 വരെ ലഭിച്ച അപേക്ഷകളിന്മേല് പരിശോധന നടത്തി അര്‍ഹരെന്ന് കണ്ടെത്തിയവര്‍ക്ക് നല്‍കാനുള്ള തുക മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ 2018-19 വരെയുള്ള ഫണ്ട് അലോട്ട് ചെയ്തതായി ഫെബ്രുവരി 28ന് കാസര്‍കോട് കുമ്പളയിലെ നാരായണ പൂജാരിക്ക് നല്കിയ വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് സി വിഭാഗം അണ്ടര്‍ സെക്രട്ടറി വ്യക്തമാക്കുന്നു. വയനാട് ജില്ലയില്‍ 2015 മുതലുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് കളക്ടറേറ്റ് എം സെക്ഷനിലെ ജൂനിയര്‍ സുപ്രണ്ട് നല്കിയ മറുപടിയില്‍ പറയുന്നത്. കേന്ദ്രം നല്കിയ തുക വിവിധ ആവശ്യങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയായിരുന്നുവെന്ന ആരോപണം ഇതോടെ ശക്തമായിരിക്കുകയാണ്.സംസ്ഥാനത്ത് 2016 മുതല്‍ ഇതുവരെ 46,983 പേര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: