ബൂത്ത് ഏജന്റ് സ്ഥാനത്ത് നിന്ന് ദേശീയ അധ്യക്ഷന്‍ വരെയായി ഉയരാനും ബൂത്ത് ഏജന്റായിരുന്ന അതേ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാനും അവസരം ലഭിച്ചത് ബിജെപിയുടെ മാത്രം പ്രത്യേകതയാണെന്ന് അമിത് ഷാ. രാജ്യത്തെ സുരക്ഷിതമാക്കി നിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ സാധിക്കൂ. ബിജെപി വലിയ ഭൂരിപക്ഷത്തോടെ കേന്ദ്രത്തില്‍ അധികാരത്തില്‍ വീണ്ടുമെത്തുമെന്നും അദ്ദേഹം പറഞ്ഞു.
അഹമ്മദാബാദിലെ നാരാണ്‍പുരയില്‍ നിന്ന് ഗാന്ധി നഗറിലേക്ക് നടത്തിയ റോഡ് ഷോയ്ക്ക് തുടക്കം കുറിച്ചു നടന്ന എന്‍ഡിഎ മഹാ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ. എന്‍ഡിഎ നേതാക്കളും വിവിധ കേന്ദ്ര മന്ത്രിമാരും ഗുജറാത്ത് മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളും റോഡ് ഷോയില്‍ പങ്കെടുത്തു. എന്‍ഡിഎയുടെ ഐക്യശക്തി പ്രകടമാക്കുന്നതായിരുന്നു അമിത് ഷായുടെ പത്രികാ സമര്‍പ്പണ ചടങ്ങ്. അഹമ്മദാബാദിലെ കളക്ട്രേറ്റില്‍ അമിത് ഷാ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
പ്രധാനമന്ത്രി കഴിഞ്ഞ അഞ്ചു വര്‍ഷം ചെയ്ത സേവനങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും വീണ്ടും മോദി സര്‍ക്കാര്‍ രാജ്യത്ത് നിലവില്‍ വരുമെന്നും ശിരോമണി ആകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദല്‍ മഹാറാലിയെ അഭിസംബോധന ചെയ്ത് പറഞ്ഞു. ശിരോമണി ആകാലിദള്‍ ബിജെപിയുടെ യഥാര്‍ഥ സഖ്യ കക്ഷിയാണ്. കൂടുതല്‍ ഭൂരിപക്ഷത്തോടെ മോദിയും ബിജെപിയും അധികാരത്തില്‍ എത്തുമെന്നും ബാദല്‍ പറഞ്ഞു.
താനെങ്ങനെ ഇവിടെ എത്തിയെന്ന് ആശ്ചര്യപ്പെടുന്ന നിരവധി പ്രതിപക്ഷ നേതാക്കള്‍ ഉണ്ടെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പരിഹസിച്ചു. ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഹിന്ദുത്വം നമ്മുടെ ശ്വാസമാണെന്ന് അച്ഛന് ബാലാസാഹേബ് പറഞ്ഞു തന്നിട്ടുണ്ട്. ശ്വാസം നിലച്ചുപോയാല്‍ പിന്നെ ഒരു കാര്യവുമില്ല. ബിജെപിയുടെയും ശിവസേനയുടെയും ഹൃദയം എത്രയോ കാലങ്ങളായി ഒന്നാണ്. അവസാന അഞ്ചു വര്‍ഷത്തെ കാര്യമാണ് പലരും പറയുന്നത്. എന്നാല്‍ ബിജെപിയുടെയും ശിവസേനയുടെയും കഴിഞ്ഞ കാല് നൂറ്റാണ്ട് ഞങ്ങള്‍ക്ക് അവിസ്മരണീയമാണ്. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി ആരാണെന്ന് പറയാന്‍ ആര്‍ക്കെങ്കിലും സാധ്യമാകുമോ എന്നും താക്കറെ ചോദിച്ചു.
എന്‍ഡിഎ ഒറ്റക്കെട്ടായി ശക്തമായി മുന്നോട്ട് പോവുകയാണെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന് പറഞ്ഞു. 2014ല്‍ കിട്ടിയതിനെക്കാള്‍ വലിയ ഭൂരിപക്ഷത്തോടെ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വീണ്ടും എത്തും. മുദ്ര യോജനയും വീടുകളിലെ വൈദ്യുതി, പാചക വാതക, ശൗചാലയ പദ്ധതികള്‍ അടക്കമുള്ള ജനക്ഷേമ പ്രവര്‍ത്തനങ്ങളും എന്‍ഡിഎയുടെ വിജയം സാധ്യമാക്കും. ഒരു കാലത്ത് ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ബീഹാറിലെ ഹാജിപൂരില്‍ നിന്ന് താന്‍ വിജയിച്ചിട്ടുണ്ടെന്നും അതിനേക്കാള്‍ അധികം ഭൂരിപക്ഷത്തോടെ അമിത് ഷായെ ഗാന്ധി നഗറില്‍ നിന്ന് വിജയിപ്പിക്കണം എന്നും പാസ്വാന് പറഞ്ഞു.
ദീര്‍ഘകാലം ബിജെപിയിലെ തല മുതിര്‍ന്ന നേതാവ് ലാല്‍ കൃഷ്ണ അദ്വാനിയുടെ മണ്ഡലമായിരുന്ന ഗാന്ധി നഗര്‍ ഇനി മുതല്‍ അമിത് ഷായുടെ മണ്ഡലമായി മാറുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. എന്‍ഡിഎയിലെ എല്ലാ സഖ്യകക്ഷികളും ഒരുമിച്ചാണ് അഞ്ചു വര്‍ഷം സര്‍ക്കാരിനെ നയിച്ചത്. ഇനിയും ഇതേ കെട്ടുറപ്പോടെ എന്‍ഡിഎ മുന്നോട്ട് പോകും. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അപമാനിച്ച പ്രതിപക്ഷ കക്ഷികളെ വരുന്ന തെരഞ്ഞെടുപ്പോടെ രാജ്യത്തു നിന്ന് പൂര്‍ണമായും തുടച്ചു നീക്കേണ്ട ചുമതല ജനങ്ങള്‍ക്കാണ്. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായി ബിജെപിയെ അമിത് ഷാ ഉയര്‍ത്തിയെന്നും രാജ്നാഥ് സിങ് പറഞ്ഞു.
അമ്പതു വര്‍ഷം സാധ്യമാകാത്തത് അഞ്ചു വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ സാധ്യമാക്കിയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. അമിത് ഷായുടെ നേതൃത്വത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി ഉയര്‍ന്നതായും ഗഡ്കരി പറഞ്ഞു. രാജ്യത്തിന്റെ ഓരോ കോണിലേക്കും ബിജെപിയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചത് അമിത് ഷായാണ്. ഗഡ്കരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: