കുമളി: ഏലം വില ലേല വിപണിയില്‍ കിലോഗ്രാമിന് 1600 രൂപ പിന്നിട്ടു. തോട്ടം മേഖല നേരിടുന്ന കൊടും വരള്‍ച്ചയാണ് വില ഉയരാന്‍ പ്രധാന കാരണം. വലിയ വരള്‍ച്ചയാണ് ഏതാനും ദിവസങ്ങളായി ഹൈറേഞ്ച് മേഖലയില്‍ അനുഭവപ്പെടുന്നത്.
ഇന്നലെ ഏലത്തിന്റെ വില പരമാവധി 1873 രൂപയായിരുന്നു. ശരാശരി വ്യാപാരം നടന്നത് 1642.52 രൂപയ്ക്കുമാണ്. അത്യുഷ്ണം താങ്ങാന്‍ ശേഷിയില്ലാത്ത കാര്‍ഷിക വിളയാണ് ഏലം. കഴിഞ്ഞുപോയ പ്രളയത്തിന് ശേഷം ഏലം ഉത്പാദനം ഈ സീസണില്‍ കുറവായിരുന്നു. ഇതേ സാഹചര്യം നിലനില്‍ക്കെ ഇപ്പോള്‍ അനുഭവപ്പെടുന്ന കനത്ത വേനല്‍ മൂലം പല സ്ഥലങ്ങളിലും എലച്ചെടികള്‍ കരിഞ്ഞുണങ്ങുകയാണ്.
തോട്ടം മേഖലയില്‍ പലയിടങ്ങളിലും കുടിവെള്ളത്തിന് പോലും ക്ഷാമം നേരിടുന്നുണ്ട്.സ്പൈസസ് ബോര്‍ഡിന്റെ ലേല കേന്ദ്രങ്ങളില്‍ വില്‍പ്പനക്കെത്തുന്ന ഉത്പന്നത്തിന്റെ അളവിലും ഗണ്യമായ കുറവുണ്ട്.
വ്യാഴാഴ്ച നടന്ന ലേലത്തില്‍ ശരാശരി വില ഒരു ഘട്ടത്തില്‍ 1700 മുകളിലേക്ക് ഉയര്‍ന്നിരുന്നു. ഇത് ഏല വിപണിയുടെ ചരിത്രത്തിലെ തന്നെ എറ്റവും ഉയര്‍ന്ന വിലയാണ്. കാലാവസ്ഥ ഇതേ രീതിയില്‍ തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും വില കൂടാന്‍ തന്നെയാണ് സാധ്യതയെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള റംസാന് കച്ചവടം ലക്ഷ്യമാക്കിയാണ് ഇപ്പോള്‍ മൊത്തവ്യാപാരം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: