ഇടുക്കി: തുടര്‍ച്ചയായ നാലാം ദിവസവും ചരിത്രം തിരുത്തി വൈദ്യുതി ഉപഭോഗം കുതിക്കുന്നു. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ സംസ്ഥാനത്താകെ ഉപയോഗിച്ചത് 86.4039 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഇതില്‍ 62.9456 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്ത് നിന്നെത്തിച്ചപ്പോള്‍ 23.4583 ദശലക്ഷം യൂണിറ്റായിരുന്നു ആഭ്യന്തര ഉല്‍പ്പാദനം.
മുന്‍ വര്‍ഷത്തെ റെക്കോഡ് ആദ്യമായി മറികടന്നത് ഈ മാസം 19ന് ആണ്. 83.0865 ദശലക്ഷം യൂണിറ്റായിരുന്നു അന്നത്തെ ഉപഭോഗം. ചൂട് കൂടിയതോടെ ഉപഭോഗം കുതിച്ചുയര്‍ന്നു. 25ന് 84.2151 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. 26ന് ഇത് 85.8957 ഉം, 27ന് 86.1003 ദശലക്ഷം യൂണിറ്റുമായി ഉയര്‍ന്നു. ശരാശരി 60 ദശലക്ഷം യൂണിറ്റിന് താഴെയാണ് പുറം വൈദ്യുതി.
വൈദ്യുതി ഉപഭോഗം ഉയര്‍ന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നില്ലെന്നും എല്ലാം മുന്‍കരുതലും എടുത്തിട്ടുണ്ടെന്നുമാണ് വൈദ്യുതി ബോര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. പവര്‍കട്ട് ഒഴിവാക്കാനുള്ള ശ്രമം നടക്കുകയാണ്. നിലവില്‍ സ്വാപ്പ് വഴി കൂടുതല്‍ വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നുണ്ട്. ഇത്തരത്തിലുള്ള വൈദ്യുതി മഴക്കാലത്ത് മടക്കി നല്കിയാല് മതിയാകുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
രാത്രി 10.30-1.45 വരെയുള്ള ഉപഭോഗം കുതിച്ചുയര്‍ന്നതോടെ പല ഫീഡറുകളും തനിയെ ഓഫാകുന്നതും പതിവാകുകയാണ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും വോള്‍ട്ടേജ് ക്ഷാമവും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: