ബെംഗളൂരു: വെല്ലുവിളിക്കും വിലപേശലിനും ശേഷം കോണ്‍ഗ്രസില്‍ നിന്ന് ലഭിച്ച എട്ടു സീറ്റില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ വിയര്‍പ്പൊഴുക്കി ജെഡിഎസ്. ഒരു സീറ്റ് കോണ്‍ഗ്രസിന് മടക്കി നല്കി, മറ്റൊന്നില്‍ കോണ്‍ഗ്രസുകാരനെ കടമെടുത്തു സ്ഥാനാര്‍ഥിയാക്കി. കര്‍ണാടകയിലെ ഭരണകക്ഷിയുടെ അവസ്ഥയാണിത്.
സഖ്യകക്ഷികള്‍ തമ്മിലുള്ള ധാരണയില്‍ കോണ്‍ഗ്രസ്-20, ജെഡിഎസ്-എട്ട് മണ്ഡലങ്ങളില്‍ മത്സരിക്കാനായിരുന്നു ധാരണ. ഇപ്പോഴത് ആറ് സീറ്റിലൊതുങ്ങി. ഉത്തര കന്നഡ, ഉഡുപ്പി-ചിക്കമംഗളൂരു, ശിവമോഗ, തുമക്കുരു, ഹാസന്, മാണ്ഡ്യ, ബെംഗളൂരു നോര്‍ത്ത്, വിജയപുര മണ്ഡലങ്ങളാണ് ജെഡിഎസിന് ലഭിച്ചത്.
ബെംഗളൂരു നോര്‍ത്ത് തിരികെ നല്കി. ഇവിടെ സംസ്ഥാന ഗ്രാമ വികസനമന്ത്രി കൃഷ്ണ ബെരെ ഗൗഡയാണ് സ്ഥാനാര്‍ഥി. ഉഡുപ്പി-ചിക്കമംഗളൂരു സീറ്റിലാണ് കോണ്‍ഗ്രസ് നേതാവിനെ കടമെടുത്ത് സ്ഥാനാര്‍ഥിയാക്കിയത്. മുന്‍ മന്ത്രി പ്രമോദ് മാധവരാജ് ഇവിടെ ദള്‍ ചിഹ്നത്തില്‍ മത്സരിക്കും. തങ്ങള്‍ ആവശ്യപ്പെട്ട സീറ്റുകളല്ല കോണ്‍ഗ്രസ് നല്‍കിയതെന്നും വിജയസാധ്യതയില്ലാത്ത സീറ്റുകളാണ് ലഭിച്ചതെന്നും ജെഡിഎസ് നേതാക്കള്‍ ആരോപിക്കുന്നു.
എന്നാല്‍, ജെഡിഎസിലെ കുടുംബാധിപത്യമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് പ്രവര്‍ത്തകരുടെയും കോണ്‍ഗ്രസിന്റെയും ആക്ഷേപം. ജെഡിഎസിന് ലഭിച്ചതില്‍ വിജയസാധ്യതയുള്ള മാണ്ഡ്യ, ഹാസന്, തുമക്കുരു സീറ്റുകള്‍ പാര്‍ട്ടി അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ സ്വന്തം കുടുംബത്തിനായി മാറ്റിവച്ചു.
മാണ്ഡ്യയിലും ഹാസനിലും ദേവഗൗഡയുടെ കൊച്ചുമകളായ നിഖിലും പ്രജ്വലും സ്ഥാനാര്‍ഥികളായി. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ തുമക്കുരുവില്‍ ദേവഗൗഡയും പത്രിക നല്കി. ശിവമോഗയില്‍ കഴിഞ്ഞ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസ്ഥാനാര്ഥിയായിരുന്ന മധുബംഗാരപ്പ വീണ്ടും സ്ഥാനാര്‍ഥിയായി.
വിജനപുരയിലും ഉത്തര കന്നഡയിലുമാണ് സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ ജെഡിഎസ് ഏറെ വലഞ്ഞത്. ഈ സീറ്റുകളില്‍ കോണ്‍ഗ്രസ് നേതാക്കളെ കടമെടുത്ത് മത്സരിപ്പിക്കേണ്ടി വരുമോ എന്ന ആശങ്കയിലായിരുന്നു ജെഡിഎസ് നേതൃത്വം. എന്നാല്‍, സ്ഥാനാര്‍ഥികളെ വിട്ടുനല്‍കാനാവില്ലെന്നും മത്സരിക്കാനാളില്ലെങ്കില് സീറ്റ് തിരികെ നല്‍കാനുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ബെംഗളൂരു നോര്‍ത്തിനു പിന്നാലെ മറ്റു മണ്ഡലങ്ങളും വിട്ടുനല്‍കുന്നത് നാണക്കേടാകുമെന്ന് ജെഡിഎസിനുള്ളില്‍ ചര്‍ച്ച ഉയര്‍ന്നു.
ഇതോടെ വിജയപുര മണ്ഡലത്തില്‍ നാഗത്താന എംഎല്‍എ ദേവാനന്ദ് ഫുലസിങ് ചവാന്റെ ഭാര്യ സുനിതയെ സ്ഥാനാര്‍ഥിയാക്കി. ഉത്തര കന്നഡയില്‍ ദള്‍ നേതാവ് ആനന്ദ് അസ്നോട്ടികറെ സ്ഥാനാര്‍ഥിയാക്കി. ഇവിടെ കോണ്‍ഗ്രസ് നേതാവും റവന്യു മന്ത്രിയുമായ ആര്.വി. ദേശ്പാണ്ഡെയുടെ മകന് പ്രശാന്ത് ദേശ്പാണ്ഡെയെയോ നിവേദിത് ആല്വയെയോ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം നടന്നിരുന്നു.
എന്നാല്‍, ദള്‍ ചിഹ്നത്തില്‍ ഇരുവരും മത്സരിക്കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് ആനന്ദ് അസ്നോട്ടികറെ സ്ഥാനാര്‍ഥിയാക്കിയത്.
നേരത്തെ കോണ്‍ഗ്രസിലും, പിന്നീട് ബിജെപിയിലും പ്രവര്‍ത്തിച്ചിരുന്ന ആനന്ദ് 2018 നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പാണ് ജെഡിഎസില്‍ ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: