ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ സുരക്ഷിത മണ്ഡലം തേടി കേരളത്തിലെ വയനാട്ടില്‍ മത്സരിക്കാനൊരുങ്ങുകയാണെന്നവാര്‍ത്തകള്‍ കോണ്‍ഗ്രസിനെ ദേശീയ തലത്തില്‍ പ്രതിരോധത്തിലാക്കി. ഇതേ തുടര്‍ന്ന് വയനാട് സ്ഥാനാര്‍ഥിത്വ പ്രശ്നത്തില്‍ പ്രതികരിക്കേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കേരളത്തിലെ നേതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി. ഇന്നലെ കോണ്‍ഗ്രസ്സിന്റെ പതിനൊന്നാം സ്ഥാനാര്‍ഥി പട്ടിക പുറത്തു വന്നപ്പോഴും വയനാടും വടകരയും സ്ഥാനാര്‍ഥി ശൂന്യം.
രാഹുലിന്റെ സ്ഥാനാര്‍ഥിത്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കാനിരുന്ന ഹൈക്കമാന്‍ഡിന് പാരയായത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാരുടെ ഗ്രൂപ്പ് പോരാണ്. ഉമ്മന്‍ചാണ്ടിയുടെ ഗ്രൂപ്പുകാരനായ ടി. സിദ്ദിഖിന് ഉറപ്പിച്ച മണ്ഡലം രാഹുല്‍ ഏറ്റെടുക്കുകയാണെന്ന് ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടതാണ് പ്രതിസന്ധിക്ക് കാരണം. തുടര്‍ന്ന് കേരളത്തിലെ എല്ലാ നേതാക്കളും രാഹുലിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച സ്ഥിരീകരണവും നല്‍കിയിരുന്നു.
എന്നാല്‍ വയനാട് സ്ഥാനാര്‍ഥിത്വം ചോര്‍ന്നത് കോണ്‍ഗ്രസിനെ വടക്കേ ഇന്ത്യയിലും രാജ്യത്താകമാനവും പ്രതിസന്ധിയിലാക്കി. സിറ്റിങ് മണ്ഡലമായ അമേത്തി ഉപേക്ഷിച്ച് സുരക്ഷിത മണ്ഡലത്തിലേക്ക് രാഹുല്‍ മാറുന്നത്. സ്മൃതി ഇറാനിയെ ഭയന്നാണെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടതായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. രാജ്യത്ത് രാഹുലിന് വിജയമുറപ്പുള്ള സുരക്ഷിത മണ്ഡലം വേറെയില്ലെന്ന യാഥാര്‍ഥ്യവും ഹൈക്കമാന്‍ഡിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് കേരളത്തിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെയും പ്രതിരോധത്തിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: