ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം. ജനസംഖ്യ ഇരുപതരക്കോടി. മൊത്തം ലോക്സഭാ മണ്ഡലങ്ങള്‍ 80. ഇത്രയും മാത്രം അറിഞ്ഞാല്‍ മതി ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയപ്രാധാന്യം മനസ്സിലാകാന്‍. അയോധ്യയും മഥുരയും കാശിയും നിലകൊള്ളുന്ന, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി അലങ്കരിക്കുന്ന നാട്. ആ നാടിന്റെ തലസ്ഥാനമാണ് ലഖ്നൗ.
യുപിയിലെ പ്രധാന ലോക്സഭാ മണ്ഡലങ്ങളില്‍ ഒന്നാണ് ലഖ്നൗ. ലഖ്നൗ സെന്‍ട്രല്‍, ലഖ്നൗ വെസ്റ്റ്, ലഖ്നൗ ഇൗസ്റ്റ്, ലഖ്നൗ നോര്‍ത്ത്, ലഖ്നൗ കന്റോണ്‍മെന്റ് എന്നിങ്ങനെ അഞ്ച് വലിയ നിയമസഭാ മണ്ഡലങ്ങള്‍ കൂടിച്ചേര്‍ന്ന മണ്ഡലം. മണ്ഡലത്തിനുണ്ട് വലിയൊരു പ്രത്യേകത, ഇന്ത്യയുടെ സ്വന്തം അടല്‍ജിയുടെ, അടല്‍ ബിഹാരി വാജ്പേയിയുടെ തട്ടകമായിരുന്നു. ഒന്നും രണ്ടുമല്ല, പതിനെട്ട് വര്‍ഷം. 1991ല്‍ ആദ്യ ജയം, പിന്നെ 96, 98, 99, 2004. അഞ്ചു തെരഞ്ഞെടുപ്പകളില്‍ വെന്നിക്കൊടി പാറിച്ച അടല്‍ജി അനാരോഗ്യം കാരണം 2009-ല്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറിയെങ്കിലും മണ്ഡലം കാവിക്കൊപ്പം ഉറച്ചു നിന്നു. 2009ലെ തെരഞ്ഞെടുപ്പില്‍ ലാല്‍ജി ഠാണ്ഡനും 2014ല്‍ രാജ്നാഥ് സിങ്ങും കുങ്കുമ ഹരിത പതാക കാത്തു. നെഹ്റുവിന്റെ സഹോദരിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റിലൂടെ കോണ്‍ഗ്രസില്‍ എത്തിയ മണ്ഡലം അവര്‍ പതിറ്റാണ്ടുകളോളം സ്വന്തമാക്കി വച്ചെങ്കിലും 91ല്‍ അത് ബിജെപി പിടിച്ചെടുത്തു. പിന്നെ കഴിഞ്ഞ ഏഴു തെരഞ്ഞെടുപ്പുകളിലും ബിജെപിക്കായിരുന്നു ജയം.
ഭാരതീയ ജനസംഘത്തിന്റെ കാലം തൊട്ടേ പാര്‍ട്ടിയെ സംബന്ധിച്ച് ലഖ്നൗ നല്ല മണ്ഡലം തന്നെ. തലയില്‍ കൈവച്ച് അനുഗ്രഹിക്കും മുന്‍പ് വിജയദേവത മൂന്നു തവണ അടല്‍ജിയെ പരീക്ഷിച്ചിരുന്നു. മൂന്നു തവണ തോറ്റെങ്കിലും വീറോടെ പൊരുതാന്‍ ഉറച്ച് വീണ്ടുമെത്തിയ അടല്‍ജിയുടെ വാഗ്വൈഭവത്തില്‍ ഒരു പക്ഷെ വിജയദേവത മയങ്ങിപ്പോയതിനാലാകാം പിന്നെ അദ്ദേഹത്തെ അഞ്ചു വട്ടം ജയിപ്പിച്ചത്.
1952ലായിരുന്നു ഭാരതീയ ജനസംഘത്തിന്റെ നിര്‍ദേശം ശിരസാ വഹിച്ച് അദ്ദേഹം കന്നിയങ്കത്തിന് ഇറങ്ങിയത്. അന്ന് കടുത്ത ത്രികോണ മത്സരമാണ് നടന്നത്. കോണ്‍ഗ്രസിലെ ഷിയോരാജവതി നെഹ്റുവും പിഎസ്പിയുടെ ത്രിലോകി സിങ്ങും ജനസംഘത്തിന്റെ അടല്‍ജിയും തമ്മില്‍. മൂന്നാമതെത്തിയ അടല്‍ജിക്ക് 33,986 വോട്ട്. ജയിച്ച ഷിയോരാജവതി നെഹ്റുവിന് ലഭിച്ചത് 49324 വോട്ട്. നെഹ്റുവിന്റെ ബന്ധുവായിരുന്നു അവര്‍.
57ലെ തെരഞ്ഞെടുപ്പില്‍ അടല്‍ജി രണ്ടാമതെത്തി. കോണ്‍ഗ്രസിലെ പുളിന് ബിഹാരി ബാനര്‍ജിയാണ് അടല്‍ ബിഹാരി വാജ്പേയിയെ തോല്‍പ്പിച്ചത്, അതും വെറും 12,425 വോട്ടിന്. 62ലും വാജ്പേയി രണ്ടാമതെത്തി, കോണ്‍ഗ്രസിലെ ബികെ ധോണാണ് തോല്‍പ്പിച്ചത്. പിന്നെ അടല്‍ജി അവിടെ മത്സരിച്ചത് 91ല്‍. അന്ന് ജയിച്ചത് 1,17,303 വോട്ടിന്. 96-ല്‍ എസ്പിയിലെ രാജ്ബബ്ബറിനെ 1,18,671 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 98ല്‍ ഭൂരിപക്ഷം 216263. 99ല്‍ 123,624 വോട്ടുകള്‍ക്കും 2004ല്‍ 218375 വോട്ടുകള്‍ക്കും അടല്‍ജി ജയിച്ചു. പിന്നെ മല്‍സരിച്ചില്ല. 2009ല്‍ ലാല്‍ജി ഠാണ്ഡന്‍ നാല്‍പ്പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് മണ്ഡലം കാത്തു. 2014ല്‍ രാജ്നാഥ് സിങ് 2,72,749 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ പ്രൊഫ. റീത്ത ബഹുഗുണ ജോഷിയെ പരാജയപ്പെടുത്തിയത്.
‘ലഖ്നൗവില്‍ രണ്ടാമൂഴത്തിനെത്തുമ്പോള്‍ രാജ്നാഥിനും ചിന്ത ഒന്നു മാത്രം, ഭൂരിപക്ഷം കുറഞ്ഞത് മൂന്നു ലക്ഷമെങ്കിലും കടത്തുക.
രാഷ്ട്രീയത്തിന്റെ ഊര്ജമറിഞ്ഞ്
പ്രൊഫ. രാജ്നാഥ് സിങ്- ഒത്ത ഉയരം, കനത്ത ശബ്ദം. അളന്നു തൂക്കിയുള്ള വാക്കുകള്‍, കാച്ചിക്കുറുക്കിയ പ്രസംഗങ്ങള്‍, വീഴില്ല ആ നാവില്‍ നിന്ന് ഒരു വിവാദ വാക്കു പോലും. അധ്യാപകന്റെ കാര്‍ക്കശ്യം ഇന്നും വിട്ടു പിരിഞ്ഞിട്ടില്ല, ഈ അറുപത്തേഴുകാരനെ.
51 ലാണ് ജനനം. രജപുത്ര കുടുംബം. ഫിസികിസ്സില് ഗോരഖ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഫസ്റ്റ് ഡിവിഷനിലാണ് ബിരുദാനന്തര ബിരുദമെടുത്തത്. പതിമൂന്നാം വയസ്സില്‍ സ്വയം സേവകനായി. മിര്‍സാപ്പൂരില്‍ ഊര്‍ജതന്ത്രം അധ്യാപകനായപ്പോഴും ആ ബന്ധം തുടര്‍ന്നു. പിന്നീട് ജനസംഘം മിര്‍സാപ്പൂര്‍ ജനറല്‍ സെക്രട്ടറിയായി. 75ല്‍ 24-ാം വയസ്സില്‍ ജനസംഘം ജില്ലാ പ്രസിഡന്റ്. 77ല്‍ മിര്‍സാപ്പൂരില്‍ നിന്ന് നിയമസഭയിലേക്ക്. 84ല്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍. 88ല്‍ യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍.
91ല്‍ യുപിയിലെ ആദ്യ ബിജെപി സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രി. വേദഗണിതം അക്കാലത്താണ് സിലബസില്‍ ഉള്‍പ്പെടുത്തിയത്. കോപ്പിയടി വിരുദ്ധ നിയമം കൊണ്ടുവന്നതും രാജ്നാഥ് തന്നെ.
94ല്‍ രാജ്യസഭാ എംപിയായി. 99ല്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി. 2000-ല്‍ യുപി മുഖ്യമന്ത്രിയായി. ഏറ്റവും പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി യുപിയിലെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സംവരണം ലഭ്യമാക്കിയത് അദ്ദേഹമാണ്.
2003ല്‍ അടല്‍ജി സര്‍ക്കാരില്‍ ഭക്ഷ്യ സംസ്കരണ മന്ത്രി. കിസാന്‍ കോള്‍ സെന്ററുകള്‍ തുടങ്ങിയതും കാര്‍ഷിക വരുമാന ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടുവന്നതും അദ്ദേഹമാണ്. കാര്‍ഷിക വായ്പാ പലിശ കുറച്ചു.
2005ല്‍ ബിജെപി ദേശീയ അധ്യക്ഷന്‍. 2009 ഡിസംബര്‍ വരെ ഈ പദവിയില്‍. 2009 മേയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ യുപിയിലെ ഗാസിയാബാദില്‍ നിന്ന് ലോക്സഭയില്‍. 2013ല്‍ വീണ്ടും ബിജെപി ദേശീയ അധ്യക്ഷന്‍. 2014ല്‍ ലഖ്നൗവില്‍ നിന്ന് പാര്‍ലമെന്റിലേക്ക്. മോദി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിക്കുപ്പായം. വീണ്ടുമൊരു തെരഞ്ഞെടുപ്പ്, ജയമുറപ്പ്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: