അമേത്തിയില്‍ പരാജയം മണത്ത കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മത്സരിക്കാന്‍ പരിഗണിച്ച മണ്ഡലങ്ങളില്‍ ഒന്ന്, വയനാട്. ഈ ‘കാലുമാറ്റ’ത്തെ ഏത് വിധത്തിലാണ് കാണേണ്ടത്; എന്താണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്; ഇത് ദേശീയ-ഉത്തര്‍പ്രദേശ്- കേരള രാഷ്ട്രീയത്തില്‍ എന്തൊക്കെ ചലനങ്ങള്‍ ആണുണ്ടാക്കുക?
ഒരാള്‍ രണ്ട് നിയോജക മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് വലിയ പാതകമാണ് എന്നൊന്നും കരുതുന്നില്ല. സംഘടനയെ വളര്‍ത്താന്‍, പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഒക്കെ അത്തരം നീക്കങ്ങള്‍ കൊണ്ട് കഴിഞ്ഞിട്ടുമുണ്ട്. എന്നാല്‍ അതൊന്നുമല്ല രാഹുലിന്റെ പ്രശ്നം. യുപിയിലെ പരമ്പരാഗത മണ്ഡലമായ അമേത്തിയില്‍ ഇത്തവണ കാര്യങ്ങള്‍ വിഷമകരമാണ് എന്നത് തിരിച്ചറിയുന്നു. കഴിഞ്ഞ തവണ മത്സരിച്ച സ്മൃതി ഇറാനി അതിനുശേഷം ആ മണ്ഡലത്തെ കൈവിട്ടില്ല. അവിടത്തെ ജനതയ്ക്കൊപ്പം സ്മൃതി നടന്നു. ഇതുവരെ അന്നാട്ടുകാര്‍ക്ക് ആലോചിക്കാന്‍ പോലും കഴിയാതിരുന്ന ക്ഷേമ-വികസന പദ്ധതികള്‍ അവിടെ കൊണ്ടുചെന്നു. ഗ്രാമീണ റോഡുകള്‍, ദേശീയപാതകള്‍, ഗ്രാമീണ സ്ത്രീകള്‍ക്ക് സൗജന്യമായി പാചകവാതകം, വീടുകളില്‍ കക്കൂസുകള്‍, വൈദ്യുതി… അതിനൊക്കെയൊപ്പം അമേത്തിക്കാര്‍ കണ്ടത് രാഹുലിനെയല്ല സ്മൃതിയെ ആണ്. അപ്പോഴാണ് കുറെയേറെ ദശാബ്ദങ്ങള്‍ തലയിലേറ്റിയ നെഹ്റു പരിവാര്‍ കബളിപ്പിക്കുകയായിരുന്നു എന്നത് അവര്‍ തിരിച്ചറിഞ്ഞത്.
മറ്റൊന്ന് യുപിയിലെ മാറിയ രാഷ്ട്രീയമാണ്. ബിജെപിക്കെതിരെ ‘മഹാഗഡ്ബന്ധന്’ അവിടെയുണ്ട്; കോണ്‍ഗ്രസ് അതിലില്ല. അപ്പോഴും സോണിയയും രാഹുലും മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ബിഎസ്പി-എസ്പി കൂട്ടുകെട്ട് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നില്ല. യുപിയില്‍ ഈ സഖ്യം മുഴുവന്‍ സീറ്റുകളും ജയിക്കുമെന്നല്ലേ പ്രതിപക്ഷ നേതാക്കള്‍ പറയുന്നത്; ഇത്ര വലിയ സഖ്യം കൂടെ ഉണ്ടെന്നിരിക്കെ എന്തിനാണ് രാഹുല്‍ അമേത്തിയെ ഭയപ്പെടുന്നത്? രാഹുലിന് അവിടെയും തെറ്റിയിട്ടില്ല; ആരൊക്കെ പിന്തുണച്ചാലും ഇത്തവണ ജയിക്കില്ല എന്ന് രാഹുല്‍ തിരിച്ചറിഞ്ഞു. ‘മഹാഗഡ്ബന്ധന്’ മറ്റൊരു കടലാസ് പുലിയാണ് എന്നത് കോണ്‍ഗ്രസ് ശരിവെക്കുന്നു എന്നും പറയേണ്ടിവരുന്നു.
വയനാട്ടിലെ വോട്ടുകണക്ക്
എങ്ങനെയാണ് ചര്‍ച്ചകളിലേക്ക് വയനാട് വന്നത്? വോട്ടിന്റെ കണക്കുകള്‍ നോക്കിയാല്‍ അത് ശരിയായ തീരുമാനമാണ് എന്ന് ആരും പറയില്ല. 2014-ല്‍ കോണ്‍ഗ്രസിലെ എം.ഐ. ഷാനവാസ് വിജയിച്ചത് വെറും 20,870 വോട്ടിനാണ്. 2009-ല്‍, അദ്ദേഹത്തിന് 1,53,439 വോട്ട് അധികമായി നേടാനായിരുന്നു എന്നത് ശരിയാണ്; അന്ന് കെ. മുരളീധരന് എന്‍സിപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു താനും. ആ ജനപിന്തുണ 2014-ല്‍ നഷ്ടമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് നോക്കാം; ഇടത്-വലത് മുന്നണികള്‍ തമ്മിലെ വോട്ടിന്റെ വ്യത്യാസം വെറും 1,978 മാത്രമാണ്; യുഡിഎഫാണ് മുന്നില്‍ എന്നത് സമ്മതിക്കുന്നു. പക്ഷെ അവിടത്തെ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ നാലെണ്ണം എല്‍ഡിഎഫിന്റെ കൈവശമാണ്, കല്‍പ്പറ്റ, മാനന്തവാടി, നിലമ്പൂര്‍, തിരുവമ്പാടി എന്നിവ. യുഡിഎഫിനെ തുണച്ചത് വണ്ടൂര്‍, സുല്‍ത്താന്‍ ബത്തേരി, ഏറനാട്. വേറൊന്ന് ശ്രദ്ധിക്കേണ്ടത്, ഇവിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് 93,000ത്തിലേറെ, വോട്ട് കിട്ടി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയത് 80,752 വോട്ടും. ഇത്തരമൊരു മണ്ഡലം എങ്ങനെ കോണ്‍ഗ്രസിന് കരുത്തുപകരും; ഒരിടത്ത് നിന്ന് ഓടിപ്പോരുന്ന രാഹുലിന് സുരക്ഷിത മണ്ഡലമായി അത് എങ്ങനെ കാണാനായി?
ലീഗിന്റെ കാരുണ്യം തേടി
വയനാട്ടില്‍ കണ്ണടച്ച് മുസ്ലിംലീഗിനെ ആശ്രയിക്കുക എന്നതാവണം രാഹുല്‍ ഉദ്ദേശിക്കുന്നത്. മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങള്‍ അതില്‍പ്പെടുന്നുണ്ടല്ലോ. കോണ്‍ഗ്രസിനേക്കാള്‍ വിശ്വസിക്കാന്‍ കഴിയുക ലീഗിനെയാവും എന്നും തോന്നിയിരിക്കണം. അതായത് അരയും തലയുംമുറുക്കി കുഞ്ഞാലിക്കുട്ടിമാര്‍ രംഗത്തുവരും. പണ്ട് ഒരു മുസ്ലിംലീഗിന് മുന്നില്‍, മുഹമ്മദാലി ജിന്നയുടെ സമക്ഷം, കോണ്‍ഗ്രസ് തലകുനിച്ചത് ചരിത്രമാണ്; അതാണ് പാക്കിസ്ഥാന് ജന്മം നല്‍കിയത്. ഇപ്പോഴിതാ മറ്റൊരു കോണ്‍ഗ്രസ് അധ്യക്ഷന്‍ മലപ്പുറത്ത് വന്ന് മുസ്ലിം ലീഗ് നേതൃത്വത്തിന് മുന്നില്‍ ഒരു സീറ്റിനായി അടിയറവ് പറയുന്നു. 1995-ല്‍ കേരള നിയമസഭയില്‍ കടന്നുകൂടാന്‍ എ.കെ. ആന്റണി തിരൂരങ്ങാടിയില്‍ എത്തിയത് ഓര്‍ത്തുപോകുന്നു. അന്ന് മുഖ്യമന്ത്രിയായ ആന്റണിയെ ആണ് അതിലൂടെ ലീഗ് തളച്ചത്. ഇതിപ്പോള്‍ ഇന്ത്യയുടെ മുഖ്യ പ്രതിപക്ഷ കക്ഷിയുടെ അധ്യക്ഷന്‍ തന്നെ പാണക്കാട് തങ്ങളുടെ പാര്‍ട്ടിയുടെ കൈപ്പിടിയിലമരുന്ന കാഴ്ച നമുക്ക് കാണേണ്ടിവരും.
സംശയിക്കാവുന്ന മറ്റൊരു പദ്ധതി
വേറൊന്ന്, സാമാന്യ നിലയ്ക്ക് സംശയിക്കേണ്ടത്, സിപിഎമ്മിനെ ആശ്രയിക്കാനുള്ള കോണ്‍ഗ്രസ് പദ്ധതിയാണ്. ഇടത് മുന്നണി ശക്തമായി മുന്നോട്ട് പോയാല്‍ ഒരു സംശയവുമില്ല, രാഹുലിന് വയനാട് എളുപ്പമാവില്ല. അതാണ് വോട്ടിന്റെ കണക്ക്; കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പിന്നിട്ടശേഷം വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി എല്‍ഡിഎഫിലെത്തിയത് കൂടി കണക്കിലെടുക്കണം. അപ്പോള്‍ ഇന്നത്തെ നിലയ്ക്ക് രാഹുലിന് അവിടെ ജയിക്കണമെങ്കില്‍ സിപിഎം ഒത്തുകളിക്കണം; രഹസ്യമായി കോണ്‍ഗ്രസിനെ പിന്തുണയ്ക്കണം. രാഹുലിന്റെ കേരളത്തിലേക്കുള്ള വരവ് സിപിഎം-സിപിഐ- കോണ്‍ഗ്രസ് ധാരണയുടെ ഭാഗമാണെന്ന ചിന്തയും തള്ളിക്കളയരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: