ന്യൂദല്‍ഹി: അമേത്തിയില്‍ മത്സരിച്ചാല്‍ എട്ടുനിലയില്‍ പൊട്ടും. വയനാട്ടിലേക്ക് മാറുന്നത് ദേശീയതലത്തില്‍ത്തന്നെ നാണക്കേടാകും. തള്ളാനും കൊള്ളാനുമാകാത്ത അവസ്ഥയില്‍ അമേത്തിക്കും വയനാടിനും ഇടയില്‍പ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍. തീരുമാനമെടുക്കാനാകാതെ ഹൈക്കമാന്‍ഡും വിയര്‍ക്കുന്നു. ഇന്ന് രാവിലെ പതിനൊന്നിന് ചേരുന്ന പ്രവര്ത്തകസമിതിയോടെ അനിശ്ചിതത്വം അവസാനിക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. ഇന്നലെ ഒന്‍പതാമത്തെ സ്ഥാനാര്‍ഥി പട്ടികയിലും വയനാടും വടകരയുമൊഴിച്ചിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്.
വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമെന്ന് കേരളത്തിലെ നേതാക്കള്‍ ഉറപ്പിച്ച് പറഞ്ഞത് ശനിയാഴ്ചയാണ്. സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരുന്ന ടി. സിദ്ദിഖ് പ്രചാരണം അവസാനിപ്പിച്ച് പിന്മാറുക വരെ ചെയ്തു. ഞായറാഴ്ച അന്തിമ തീരുമാനം അറിയുമെന്നായിരുന്നു മുല്ലപ്പള്ളിയും ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കിയത്. എന്നാല്‍ ഇന്നലെ രാവിലെ പതിനൊന്നിന് നടത്തേണ്ട പത്രസമ്മേളനം മുല്ലപ്പള്ളി ഉപേക്ഷിച്ചു. ദേശീയ നേതൃത്വവും ഒന്നും മിണ്ടിയിട്ടില്ല. ഇതിനിടെ വയനാട്ടില്‍ മത്സരിക്കുമെന്ന് രാഹുല്‍ പറഞ്ഞിട്ടില്ലെന്ന് തുറന്നടിച്ച് മുതിര്‍ന്ന നേതാവ് പി.സി. ചാക്കോ രംഗത്തെത്തി.
അമേത്തിയില്‍ ബിജെപി സ്ഥാനാര്‍ഥിയായ സ്മൃതി ഇറാനി ഏറെ മുന്നിലാണ്. രാഹുല്‍ തോല്‍ക്കുമെന്ന് ശക്തമായ പ്രചാരണവുമുണ്ട്. ഈ സാഹചര്യത്തില്‍ മറ്റൊരു മണ്ഡലം അന്വേഷിക്കുന്നത് പരാജയം ഭയന്നാണെന്ന് വിലയിരുത്തപ്പെടും. ഇത് ബിജെപിക്ക് ഉത്തരേന്ത്യയാകെ ഗുണം ചെയ്യുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്. രാഹുലിന്റേത് ഒളിച്ചോട്ടമാണെന്ന് പരിഹസിച്ച് സ്മൃതിയും ബിജെപിയും രംഗത്തെത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിന് മുന്‍പ് തോല്‍വി സമ്മതിക്കുന്നതിന് തുല്യമാണ് നടപടിയെന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ദക്ഷിണേന്ത്യയില്‍ മുന്നേറ്റമുണ്ടാക്കാനാണ് വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നതെന്ന വിശദീകരണം പാര്‍ട്ടി അണികള്‍ക്കുപോലും ഉള്‍ക്കാള്ളാന്‍ സാധിക്കുന്നില്ല. മോദിയെ താഴെയിറക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് പരമ്പരാഗത ശത്രുക്കളോട് പോലും കൂട്ടുകൂടാന്‍ തയാറാകുന്ന രാഹുല്‍ ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിലല്ലേ മത്സരിക്കേണ്ടതെന്ന ചോദ്യമാണ് അവര്‍ ഉയര്‍ത്തുന്നത്. ദക്ഷിണേന്ത്യയില്‍ ആന്ധ്ര, തെലങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സഖ്യകക്ഷികളാണ് കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നതും.
അമേത്തിയില്‍ തോല്‍വി ഉറപ്പായതോടെ സുരക്ഷിതമായ മറ്റൊരു മണ്ഡലം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ കോണ്‍ഗ്രസ് ആലോചിച്ചിരുന്നു. മധ്യപ്രദേശ്, രാജസ്ഥാന്, പഞ്ചാബ് എന്നിവയാണ് ആദ്യം പരിഗണനയില്‍ വന്നത്. എന്നാല്‍, ഈ സംസ്ഥാനങ്ങളിലെ ഏത് സീറ്റിലും അമിത് ഷായ്ക്കും ബിജെപിക്കും അട്ടിമറി വിജയം നേടാന്‍ സാധിക്കുമെന്ന ആശങ്കയിലാണ് ദക്ഷിണേന്ത്യയില്‍ കണ്ണുടക്കിയത്.
തമിഴ്നാട്, കര്‍ണാടക നേതൃത്വങ്ങളോട് രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിനായി മുറവിളി കൂട്ടാന്‍ നേരത്തെ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട്ടില്‍ വിജയസാധ്യതയുള്ള സീറ്റുകള്‍ ഇല്ലാത്തതും കര്‍ണാടകയില്‍ സഖ്യകക്ഷിയായ ജെഡിഎസിനെ വിശ്വാസത്തിലെടുക്കാന്‍ സാധിക്കാത്തതുമാണ് പിന്മാറ്റത്തിന് കാരണം. തുടര്‍ന്നാണ് കേരളത്തിലെ നേതാക്കളോട് വയനാട് സീറ്റ് രാഹുലിന് നല്കാന് ആവശ്യപ്പെട്ടത്. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുലിനോട് മത്സരിക്കാന്‍ ‘അഭ്യര്‍ഥിച്ചത്’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: