ന്യൂദല്‍ഹി: പറയുമ്പോള്‍ ദേശീയ അധ്യക്ഷനും ഭാവി പ്രധാനമന്ത്രിയുമൊക്കെയാണ്. മൂന്ന് തവണ ജയിച്ച സ്വന്തം മണ്ഡലത്തില്‍ ഇത്തവണ മത്സരിച്ചാല്‍ എട്ടുനിലയില്‍ പൊട്ടുമെന്നാണ് അവസ്ഥ. സ്വന്തം സീറ്റ് ഒപ്പിക്കുന്നതിന് പുറമെ രാഹുലിന് സുരക്ഷിത മണ്ഡലവും തേടി പരക്കംപായുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.
മധ്യപ്രദേശ്, രാജസ്ഥാന്, തമിഴ്നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ സീറ്റ് പരതിക്കഴിഞ്ഞു. സുരക്ഷിത മണ്ഡലമെന്ന നിലയ്ക്ക് കേരളത്തിലെ വയനാടും പരിഗണനയിലുണ്ടെന്നാണ് സൂചന. രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കുമെന്ന് ഇന്നലെ മുതല്‍ ശക്തമായ പ്രചാരണമുണ്ട്. എഐസിസിയോ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വമോ ഇത് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചിട്ടുമില്ല.
പലയിടങ്ങളിലും മുതിര്‍ന്ന നേതാക്കളുടെയും സീറ്റ് മോഹികളുടെയും സാന്നിധ്യം രാഹുലിനെ ആശങ്കപ്പെടുത്തുന്നു. വയനാട്ടില്‍ മത്സരിക്കണമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടതായി എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയാണ് ആദ്യം പരസ്യമായി പ്രതികരിച്ചത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് തീരുമാനം രാഹുലിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഇത് ശരിവച്ച് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. രാഹുലിന് വേണ്ടി പിന്മാറുന്നതില് സന്തോഷമേയുള്ളൂവെന്ന് വയനാട്ടില്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന ടി. സിദ്ദിഖും പ്രതികരിച്ചു.
ഉച്ചയ്ക്ക് രണ്ട് മണിക്ക് ദല്‍ഹിയില്‍ പത്രസമ്മേളനം നടത്തിയ ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും വാര്‍ത്ത നിഷേധിച്ചില്ല. വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നേതാക്കളുടെ പ്രസ്താവനകള്‍. എന്നാല്‍, ഇന്നലെ രാത്രിയും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
അമേത്തിയയിലെ ജനങ്ങള്‍ തിരസ്കരിച്ചു എന്നുറപ്പായപ്പോള്‍ വിജയം ഉറപ്പായ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ രാഹുല്‍ നാടകം കളിക്കുകയാണെന്ന് അമേത്തിയില്‍ രാഹുലിനെതിരെ മത്സരിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിച്ചു.
അമേത്തിയിലെ പേടി
രാജീവ്, സഞ്ജയ്, സോണിയ എന്നിവര്‍ പ്രതിനിധീകരിച്ച അമേത്തിയില്‍ 2004 മുതല്‍ എംപിയാണ് രാഹുല്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി നടത്തിയ മുന്നേറ്റമാണ് രാഹുലിനെ ആശങ്കയിലാഴ്ത്തുന്നത്.
ബിജെപിയുടെ വോട്ട് 28.58 ശതമാനം വര്‍ധിപ്പിച്ച സ്മൃതി രാഹുലിന്റെ ഭൂരിപക്ഷത്തില്‍ 2.62 ലക്ഷത്തിന്റെ കുറവും വരുത്തി. കേന്ദ്രമന്ത്രിയായതിന് ശേഷം നിരന്തരം മണ്ഡലം സന്ദര്‍ശിച്ച് വികസന പദ്ധതികള്‍ പ്രഖ്യാപിച്ച സ്മൃതി ഇത്തവണ അട്ടിമറി വിജയം നേടുമെന്നാണ് വിലയിരുത്തല്‍.
ബിഎസ്പി-എസ്പി സഖ്യം അമേത്തിയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് വ്യക്തമാക്കിയെങ്കിലും കോണ്‍ഗ്രസിന് ഉറപ്പില്ല. പരാജയഭീതി ആക്ഷേപം മറയ്ക്കാന്‍ ദക്ഷിണേന്ത്യയില്‍ മുന്നേറ്റമുണ്ടാക്കാന്‍ രാഹുലിനെ വയനാട്ടില്‍ മത്സരിപ്പിക്കുമെന്ന വിശദീകരണമാണ് നേതാക്കളും ചില മലയാള മാധ്യമങ്ങളും നല്‍കുന്നത്. അതേസമയം, വടക്കേ ഇന്ത്യയില്‍ ബിജെപി രാഹുലിന്റെ ഒളിച്ചോട്ടം പ്രചാരണായുധമാക്കുമെന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: