വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരിക്കല്‍ പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ പന്ത്രണ്ട് വയസ്സുകാരനായ പാര്ത്ഥന് കാല്‍വഴുതി കയത്തിലേക്ക് പതിച്ചു. മുങ്ങിത്താഴുമ്പോള്‍ അവന് ഉറക്കെ വിളിച്ചു, അയ്യപ്പാ…. അയ്യപ്പാ. മണ്ഡലവ്രതക്കാലമായതിനാല്‍ റാന്നിക്കാരന് പയ്യന്റെ മനസ്സില്‍ എപ്പോഴും മുഴങ്ങിയിരുന്ന ഈശ്വരനാമമാണിത്. നദിയില്‍നിന്ന് ശരണംവിളി ഉയരുന്നതുകേട്ട് ഓടിയെത്തിയ കുഞ്ഞപ്പന് മാപ്പിള കണ്ടത് മുങ്ങിത്താഴുന്ന ബാലനെ. ഒട്ടും വൈകിയില്ല.
വെള്ളത്തിലേക്ക് എടുത്തുചാടി കുട്ടിയെ കരയ്ക്കെത്തിച്ചു. തന്നെ രക്ഷിക്കാന്‍ കുഞ്ഞപ്പന് മാപ്പിളയുടെ രൂപത്തില്‍ അയ്യപ്പന് എത്തിയതാണെന്ന വിശ്വാസമായി പാര്‍ത്ഥനില്‍. പിന്നീട് അയ്യപ്പനാണ് എല്ലാമെന്ന് കരുതിയുള്ള ജീവിതം. പാര്‍ത്ഥസാരഥി പിള്ളയായി ഇരുപത്തിയെട്ടാം വയസ്സില്‍ അമേരിക്കയിലേക്ക്. 40 വര്‍ഷത്തെ പ്രവാസി ജീവിതത്തിലും അയ്യപ്പനും ശരണം വിളികളും മുറുകെ പിടിച്ച ജീവിതം. അമേരിക്കയില്‍ അയ്യപ്പ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ സാരഥിയായി മാറി. ഒരു നിയോഗംപോലെ അത് ഇപ്പോഴും തുടരുന്നു.
തുടക്കം അയ്യപ്പഭജനയില്‍
ന്യൂയോര്‍ക്കിലെ പാര്‍ത്ഥസാരഥിയുടെ വീട്ടില്‍ മണ്ഡലവ്രതകാലത്ത് നടക്കുന്ന അയ്യപ്പഭജന മലയാളികളുടെ ആദ്ധ്യാത്മിക കൂട്ടായ്മയായി മാറി. മാല ധരിച്ച് വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി അമേരിക്കയില്‍ നിന്ന് സംഘത്തെ നയിച്ച് എല്ലാവര്‍ഷവും ശബരിമലയിലേക്ക് പോകുന്നതിനും തുടക്കമായി. അയ്യപ്പ ഭക്തിയിലും വിശ്വാസത്തിലും ലയിച്ചു ജീവിക്കുന്ന പാര്‍ത്ഥസാരഥി അങ്ങനെ അമേരിക്കന്‍ മലയാളികള്‍ക്ക് ഗുരുസ്വാമിയായി.
അയ്യപ്പ ധര്‍മ്മവും സംസ്കാരവും ലോകമെങ്ങും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വേള്‍ഡ് അയ്യപ്പാ സേവാ ട്രസ്റ്റ് എന്ന ആഗോള സംഘടനയ്ക്ക് രൂപം നല്കി. അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന പാര്‍ത്ഥസാരഥിയുടെ സ്വപ്നമായിരുന്നു അമേരിക്കയില്‍ അയ്യപ്പക്ഷേത്രം നിര്‍മിക്കുകയെന്നത്. അയ്യപ്പ സേവാ സമാജം ജനറല്‍ സെക്രട്ടറിയായിരിക്കെ മൂന്നു വര്‍ഷം മുന്‍പ് അമേരിക്കയിലെത്തിയ കുമ്മനം രാജശേഖരന് ക്ഷേത്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സമാരംഭം കുറിച്ചതോടെ കാര്യങ്ങള്‍ വേഗത്തിലായി. ശബരിമല തന്ത്രി കണ്ഠരരു രാജീവരുടെ നിര്‍ദ്ദേശപ്രകാരം കാര്യങ്ങള്‍ നീക്കി.
സൂര്യകാലടി മനയിലെ സൂര്യന് സുബ്രഹ്മണ്യന് ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ ബിംബ പരിഗ്രഹ പൂജ, ജലാധിവാസം,നേത്രോന്മീലനം, നേത്രാലേഖനം, ജീവകലശ പൂജകള്‍, അധിവാസപൂജ, പീഠ പ്രതിഷ്ഠ, ബിംബപ്രതിഷ്ഠ, പടിത്തറ സമര്‍പ്പണം എന്നീ കര്‍മ്മങ്ങള്‍ താന്ത്രിക വിധിപ്രകാരം നടന്നു. കേരളത്തില്‍നിന്നു കൊണ്ടുവന്ന വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു. ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിന്റെ തനി വലിപ്പത്തിലും രൂപത്തിലുമുള്ള വിഗ്രഹം. ശബരിമലയുടെ അതേ മാതൃകയിലുള്ള അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണിപ്പോള്‍. സുപ്രഭാതത്തോടെ നടതുറന്ന് ഹരിവരാസനം പാടി അടയ്ക്കുന്നതുവരെയുള്ള കാര്യക്രമങ്ങളും ശബരിമലയിലേതിനു സമാനം.
സന്നിധാനത്തണലില്‍
അയ്യപ്പ പ്രതിഷ്ഠയ്ക്കു പുറമെ ഗണപതി, ഹനുമാന്, ശിവന്, മുരുകന്, തിരുപ്പതി വെങ്കിടാചലപതി, ദേവി, നവഗ്രഹം തുടങ്ങിയ ഉപപ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്. മേല്‍ശാന്തി കശ്യപ് ഭട്ടരുടെ കാര്‍മ്മികത്വത്തില്‍ ശനിപൂജ, സത്യനാരായണ പൂജ, ജന്മനക്ഷത്ര പൂജ, അന്നപ്രാശം, വിവാഹം എന്നിവയൊക്കെ നടത്തുന്നു. മണ്ഡല മകരവിളക്കുത്സവം മാത്രമല്ല ശിവരാത്രി, വിനായക ചതുര്‍ത്ഥി, അഷ്ടമി രോഹിണി, ശിവരാത്രി, നവരാത്രി, കാര്‍ത്തികവിളക്ക്, ദീപാവലി തുടങ്ങിയ പ്രധാന വിശേഷദിനങ്ങളില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടത്തുന്നു.
സ്വാമി സത്യാനന്ദസരസ്വതി, സ്വാമി സച്ചിദാനന്ദ, സ്വാമി ബോധിതീര്‍ത്ഥ, ശബരിമല തന്ത്രി രാജീവര് കണ്ഠര് എന്നിവരൊക്കെ ഇവിടെയെത്തി ഗണപതിഹോമം കഴിച്ചിട്ടുണ്ടെന്നു പറയുമ്പോള്‍ പാര്‍ത്ഥസാരഥിയുടെ കണ്ണില്‍ ഭക്തിയുടെ നിഴലാട്ടം കാണാം. ആത്മീയ ആചാര്യന്മാര്ക്ക് മാത്രമല്ല അമേരിക്കയിലെത്തിയിരുന്ന തകഴി, പ്രേംനസീര്‍, മധു, ഭരത്ഗോപി, മുരളി, മധു തുടങ്ങിയവര്‍ക്കൊക്കെ വാസസ്ഥാനം കൂടിയായിരുന്നു സന്നിധാനം.
തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്ന പേരില്‍ പ്രശസ്തരായിരുന്ന ലളിത, പത്മിനി, രാഗിണിമാരില്‍ പത്മിനിയുടെ ഭര്‍ത്താവ് രാമചന്ദ്രന് മരിച്ചത് അമേരിക്കയില്‍വച്ചായിരുന്നു. മരിച്ചാല്‍ ചെയ്യേണ്ട കര്‍മ്മങ്ങളെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയാന്‍ കഴിയാതിരുന്നത് എല്ലാവരിലും വലിയ വിഷമം സൃഷ്ടിച്ചു. പാര്‍ത്ഥസാരഥി ഇതിന് പരിഹാരം കണ്ടത് ആചാരാനുഷ്ഠാനങ്ങള്‍ സ്വയം ഹൃദിസ്ഥമാക്കികൊണ്ടാണ്. ഇന്ന് അമേരിക്കയില്‍ എവിടെ ഒരു മലയാളി ഹിന്ദു മരിച്ചാലും ആദ്യം വിളിക്കുക പാര്‍ത്ഥസാരഥിയെയാണ്. വിവാഹം നിശ്ചയിക്കുമ്പോഴും കാര്‍മികനായി പാര്‍ത്ഥനെത്തന്നെ ലഭിക്കുമോ എന്നാവും വീട്ടുകാര്‍ ചിന്തിക്കുന്നത്.
ഹഡ്സണില്‍ പിതൃതര്‍പ്പണം
റാന്നി പുല്ലപ്രം വലിയ കോയിപ്പള്ളി നാരായണന് നായരുടേയും ചെല്ലമ്മ നായരുടെയും മകനാണ് പാര്‍ത്ഥ സാരഥി. പുല്ലപ്രം ശ്രീരാമകൃഷ്ണസ്വാമി ക്ഷേത്രത്തിലെ രവിപാഠശാലയില്‍നിന്ന് സമാര്‍ജ്ജിച്ചതാണ് ആദ്ധ്യാത്മിക അടിത്തറ. റാന്നി ഹിന്ദുമത കണ്‍വന്‍ഷനില്‍ ചെറുപ്പം മുതലേ ഗീതാപാരായണം, ഭക്തിഗാനമത്സരം എന്നിവയില്‍ പങ്കെടുക്കുകയും, സമ്മാനങ്ങള്‍ വാരിക്കൂട്ടുകയും ചെയ്തു.
റാന്നി ശൈലേശ്വരം ക്ഷേത്രപുനരുദ്ധാരണ സമിതി കണ്‍വീനറായിരിക്കെ അമേരിക്കയിലേക്ക്. അമേരിക്കയിലെത്തിയിട്ടും ഭക്തിയും ഭജനയുമൊക്കെയായിരുന്നു പാര്‍ത്ഥന്റെ മനം നിറയെ. ന്യൂയോര്‍ക്ക് കേന്ദ്രമായി നായര്‍ ബനവെലന്റ് അസോസിയേഷന് രൂപീകരിച്ചപ്പോള്‍ പ്രാര്‍ത്ഥനാ ഗീതം പാടിക്കൊണ്ടായിരുന്നു അവിടെ പൊതുരംഗത്തേക്കുള്ള പ്രവേശനം. പിന്നീട് ഹൈന്ദവസംഘടനകളിലെയും സമ്മേളനങ്ങളിലെയും സ്ഥിരസാന്നിദ്ധ്യമായി പാര്‍ത്ഥസാരഥി മാറി. ന്യൂയോര്‍ക്ക് വൈറ്റ്പ്ലയിന്‍സില്‍ ‘സന്നിധാനം’ എന്ന് പേരിട്ടിരിക്കുന്ന പാര്‍ത്ഥസാരഥിയുടെ വീട് പൂജകളും ഹോമങ്ങളും സത്സംഗങ്ങളും നടക്കുന്ന കേന്ദ്രമായി.
ഹഡ്സണ്‍ നദിക്കരയില്‍ ഹൈന്ദവ ആചാരപ്രകാരം പാര്‍ത്ഥസാരഥിയുടെ നേതൃത്വത്തില്‍ ബലികര്‍മ്മങ്ങള്‍ നടന്നപ്പോള്‍ അത് അമേരിക്കയില്‍ നടക്കുന്ന ആദ്യ വാവുബലിയായി. കേരളത്തില്‍ രാമായണമാസാചരണത്തിന് ആഹ്വാനമുണ്ടായപ്പോള്‍ അമേരിക്കയില്‍ അത് നടപ്പാക്കാന്‍ മുന്നിട്ടിറങ്ങി. ന്യൂയോര്‍ക്കിലെ പാര്‍ത്ഥസാരഥിയുടെ വീട്ടില്‍ മണ്ഡലവ്രതകാലത്ത് നടക്കുന്ന അയ്യപ്പഭജന മലയാളികളുടെ ആദ്ധ്യാത്മിക കൂട്ടായ്മയായി മാറി.
മാല ധരിച്ച് വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി അമേരിക്കയില്‍നിന്ന് സംഘത്തെ നയിച്ച് എല്ലാവര്‍ഷവും ശബരിമലയിലേക്ക് പോകുന്നതിനും തുടക്കമായി. ഭാര്യ തങ്കമണിയും മകന് സ്വാമി അയ്യപ്പനും എല്ലാ കാര്യങ്ങള്‍ക്കും പൂര്‍ണ്ണപിന്തുണയോടെ ഒപ്പം നില്ക്കുന്നു. മികച്ച ഗായകന് കൂടിയായ പാര്‍ത്ഥസാരഥി അയ്യപ്പ ധര്‍മ്മ പ്രചാരണത്തിനായി നിരവധി കാസറ്റുകളും ഇറക്കി. അമേരിക്കയില്‍ ജീവിക്കുന്ന മലയാളി കുട്ടികള്‍ക്ക് പഠിക്കാനായി സന്ധ്യാനാമങ്ങള്‍ ഇംഗ്ലീഷിലേക്ക് ട്രാന്‍സ് സ്ക്രിപ്റ്റ് ചെയ്തിറക്കുകയും ചെയ്തു.
വേള്‍ഡ് അയ്യപ്പാ ട്രസ്റ്റ്
അയ്യപ്പ ധര്‍മ്മവും സംസ്കാരവും ലോകമെങ്ങും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വേള്‍ഡ് അയ്യപ്പാ ട്രസ്റ്റ് ഇന്ന് അറിയപ്പെടുന്ന സംഘടനയാണ്. ഹൈന്ദവ ആചാരാനുഷ്ഠാനങ്ങള്‍ പുതിയതലമുറകള്‍ക്ക് പകര്‍ന്നുകൊടുക്കുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവയ്ക്ക് മുന്‍തൂക്കം നല്കി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്.
സ്വപ്നമായിരുന്ന അയ്യപ്പക്ഷേത്രം അമേരിക്കയില്‍ യാഥാര്‍ത്ഥ്യമായപ്പോഴും നാട്ടില്‍ അയ്യപ്പധര്‍മ്മത്തെയും ആചാരാനുഷ്ഠാനങ്ങളെയും വിലകുറച്ചുകാട്ടാനുള്ള നീക്കങ്ങള്‍ നടക്കുന്നതില്‍ ഖിന്നനാണ് അമേരിക്കയുടെ ഗുരുസ്വാമി. വിശ്വാസവും ആചാരവും അനുഷ്ഠാനവും നിലനിര്‍ത്താന്‍ കേരളത്തില്‍ ഭക്തര്‍ തെരുവിലിറങ്ങിയപ്പോള്‍ പിന്തുണ പ്രഖ്യാപിച്ച് അമേരിക്കയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ പാര്‍ത്ഥസാരഥിയും വേള്‍ഡ് അയ്യപ്പാ ട്രസ്റ്റും മുന്‍പന്തിയിലുണ്ടായിരുന്നു. ശബരിമല സംരക്ഷണത്തിന് നേതൃത്വം നല്കിയ കര്‍മ്മ സമിതിക്ക് പൂര്‍ണപിന്തുണ നല്‍കുകയും കെ.പി. ശശികല ടീച്ചറെ നേരില്‍ക്കണ്ട് നിധി കൈമാറുകയും ചെയ്തു.
വിശ്വാസ സംരക്ഷണ ശ്രമങ്ങള്‍ ആരു നടത്തിയാലും പിന്തുണയ്ക്കാനും, ശബരിമല വിശ്വാസവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങള്‍ വിശ്വാസ സംരക്ഷണത്തിനു വേണ്ടിയുള്ളതായിരുന്നുവെന്ന് ഉറക്കെപ്പറയാനും പാര്‍ത്ഥസാരഥി പിള്ളയ്ക്ക് മടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: